വേണം നമുക്ക് മാലിന്യ മുക്ത കേരളം

കേരളത്തെ സംസ്ഥാനം എന്നതിലുപരിയായി നഗരം എന്നു വിളിക്കുന്നതായിരിക്കും അനുയോജ്യം. അത്ര വേഗമാണ് കേരളത്തിൽ നഗരങ്ങൾ ഉണ്ടാകുന്നത്. ഈ നൂതന സംസ്‌കാരം കേരളത്തിന് സമ്മാനിച്ചത് മാലിന്യങ്ങളാണ്. എങ്ങനെ ഇല്ലാതാക്കണ മെന്നും എങ്ങനെ പുനരുപയോഗിക്കണമെന്നും അറിയാതെ ഇവയെല്ലാം കൂമ്പാരമായി വീഴുകയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന പറഞ്ഞു തുരുമ്പിച്ച തലക്കെട്ടിന് മുകളിൽ.
റോഡരികിലും പുഴയിലും എവിടെയും മാലിന്യം മാത്രം. വിളപ്പിൽശാലയും ഞെളിയൻപറമ്പും മാലിന്യങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരുടെ ശവപ്പറമ്പായി മാറിയതും നാം കണ്ടു. മാലിന്യം വാക്കുകളുടേതായാലും വസ്തുക്കളുടേതായാലും തുടച്ചു നീക്കേണ്ടത് സുഗമമായ ഭരണത്തിനും ജീവിതചര്യയ്ക്കും അനിവാര്യമാണ്.
അടുത്തകാലങ്ങളിലായി മാലിന്യ നിർമ്മാർജ്ജനത്തിന് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർമ്മിച്ചിരുന്നെങ്കിലും ദിനംപ്രതി 8000 ടണ്ണിലേറെ മാലിന്യം നിർമ്മിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് ഇതൊന്നും മതിയാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മാലിന്യങ്ങൾ പുറംതള്ളുന്ന നഗരങ്ങൾ കൂടുകയും ഏറ്റുവാങ്ങേണ്ടി വരുന്ന ഗ്രാമങ്ങൾ ഇതുവഴി ഇല്ലാതാകുകയും ചെയ്യുമ്പോൾ അടിയന്തിര നടപടികൾ സ്വീകരിക്കാൻ പുതിയ സർക്കാർ ബാധ്യസ്ഥരാണ്.
അഴിമതി മുക്ത കേരളത്തിനൊപ്പം വേണം നമുക്ക് മാലിന്യ മുക്ത കേരളവും. പിണറായി മന്ത്രിസഭ #ശരിയാക്കണം മാലിന്യ പ്രശ്‌നങ്ങൾ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here