റിസർവ് ബാങ്ക് ഗവർണറായി തുടരാനില്ലെന്ന് രഘുറാം രാജൻ

കാലാവധി പൂർത്തിയായതിന് ശേഷം റിസർവ് ബാങ്ക് ഗവർണറായി തുടരില്ലെന്ന് രഘുറാം രാജൻ. ഇതു സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചതായി റിപ്പോർട്ട്. ഗവർണറായി തുടരുന്നതിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് രഘുറാം രാജൻ പ്രധാനമന്ത്രിയെ നിലപാട് അറിയിച്ചത്.
മൂന്ന് വർഷത്തെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാൻ ഇരിക്കെ രാജ്യത്തിന് മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ സഹായിച്ച ഗവർണറെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചർച്ചകൾ സജീവമായിരിക്കുകയാണ്. ഇതിനിടയിലാണ് രണ്ടാമതും തുടരാൻ താൽപര്യമില്ലെന്ന് രഘുറാം രാജൻ കത്തയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാലാവധി പൂർത്തിയാക്കിയ ശേഷം രഘുറാം രാജൻ യുഎസിലേക്ക് തിരിച്ചുപോയേക്കും. യുഎസിലെ സർവ്വകലാശാലയിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്തേകുറിച്ച് ഗവേഷണം നടത്താനാണ് താൽപര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
രഘുറാം രാജന് വീണ്ടും അവസരം നൽകുന്ന കാര്യം സെപ്റ്റംബറിൽ പരിഗണിക്കുമെന്ന് നരേന്ദ്രമോഡി വാൾസ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here