സംസ്ഥാനത്ത് അഞ്ച് സ്വാശ്രയ കോളേജുകളുടെ അംഗീകാരം റദ്ദാക്കി

സംസ്ഥാനത്ത് അഞ്ച് സ്വാശ്രയ കോളേജുകളുടെ അംഗീകാരം എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല റദ്ദാക്കി. ഈ കോളേജുകളിലേക്ക് ഈ വർഷം പ്രവേശനം നടത്താനാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മോശപ്പെട്ട പഠന നിലവാരം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അംഗീകാരം റദ്ദാക്കിയത്.
ആലപ്പുഴ പാലമേൽ അർച്ചന കോളേജ് ഓഫ് എഞ്ചിനിയറിങ്, തൃശൂർ ഈഞ്ചക്കുണ്ട് ശ്രീ എറണാകുളത്തപ്പൻ കോളജ് ഓഫ് എൻജിനീയറിങ്, കാസർകോട് ദേവലോകം സെൻറ് ഗ്രിഗോറിയോസ് കോളജ് ഓഫ് എൻജിനീയറിങ്, പുനലൂർ അരിപ്‌ളാച്ചി പിനാക്ക്ൾ സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കാസർകോട് കുശാൽനഗർ സദ്ഗുരു സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയാണ് അംഗീകാരം റദ്ദാക്കിയ കോളേജുകൾ.
ഈ കോളേജുകൾ ഉൾപ്പപ്പെടെ 13 സ്വാശ്രയ കോളേജുകലിൽ സർവ്വകലാശാല പരിശോധന നടത്തിയിരുന്നു. ശേഷം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ുപ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം അനുവദിച്ച് നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് നടപടി. നിലവിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ല. അംഗീകാരം റദ്ദാക്കിയ മിക്ക കോളേജുകളിലും വിജയശതമാനം വളരെ കുറവാണ്.
വിജയശതമാനം കുറഞ്ഞ എഞ്ചിനിയറിങ് കോളേജുകൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശിച്ച സമയം ഈ വർഷത്തോടെ അവസാനിക്കും.