ശിവഗംഗയിലെ അജിത് കുമാറിന്റേത് കസ്റ്റഡി കൊലപാതകം; ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്

തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രം താത്ക്കാലിക സുരക്ഷാ ജീവനക്കാരൻ ബി. അജിത് കുമാറിന്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. തിരുപ്പുവനം പൊലീസ് കസ്റ്റഡിയിൽ അജിത്കുമാർ നേരിട്ട പീഡനവും മർദ്ദനവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മദ്രാസ് കോടതിയിൽ സമർപ്പിച്ചത്.
അന്വേഷണം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനുള്ളിലാണ് മധുരൈ ജില്ലാ കോടതി ജഡ്ജി ജോൺ സുന്ദർ ലാൽ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകിയത്. മോഷണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രം, മർദ്ദനദൃശ്യങ്ങൾ പകർത്തിയ ഇടം എന്നിവ ജഡ്ജി സന്ദർശിച്ചിരുന്നു. പൊലീസുദ്യോഗസ്ഥർ, മരിച്ച അജിത് കുമാറിന്റെ വീട്ടുകാർ, ദൃക്സാക്ഷികൾ എന്നിവരടക്കം അൻപത് പേരിൽ നിന്ന് മൊഴിയെടുത്തു.
ക്ഷേത്രത്തിലെ സിസിടിവി ഡിവിആറും അന്വേഷണത്തിൽ പരിശോധിച്ചു. സീൽ ചെയ്ത കവറിലാണ് അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന കസ്റ്റഡി മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി മനുഷ്യന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നത് ഒരുതരത്തിലും അനുവധിക്കാനാകില്ലെന്ന് വ്യക്താമാക്കി. കേസ് അന്വേഷണം നീളുന്നത് തടയാൻ സിബിഐയോട് അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 20നകം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. മോഷണ പരാതിയും സിബിഐ അന്വേഷിക്കും.
മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു അജിത് കുമാർ. ക്ഷേത്രത്തിൽ തൊഴാനെത്തിയ സ്ത്രീയുടെ കാറിൽ നിന്ന് ഒൻപതര പവൻ സ്വർണം കവർന്നുവെന്നാരോപിച്ചായിരുന്നു മധുര സ്വദേശിയായ നികിത പൊലീസിൽ പരാതി നൽകിയത്.
പിന്നീട് കസ്റ്റഡിയിലെടുത്ത അജിത്തിനെ ആദ്യം പൊലീസ് വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയായിരുന്നു. അന്വേഷണവിധേയമായി ആറ് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ മോഷണം നടത്തിയതിന് പൊലീസിന്റെ പക്കൽ തെളിവുകളൊന്നുമില്ലെന്നും കണ്ടെത്തി.
Story Highlights : Ajith Kumar’s custodial murder in Sivaganga; Judicial inquiry report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here