ജിഷ വധം; വിശ്വസിക്കേണ്ടത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ അതോ പോലീസ് ഭാഷ്യമോ ?

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥി ജിഷയുടെ കൊലപാതകത്തിൽ പോലീസിന്റെ കണ്ടെത്തലുകളിൽ തെറ്റുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതായി സൂചന. ഏപ്രിൽ 18 ന് വൈകുന്നേരം 5 നും 5.45 നും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായാണ് മാധ്യമപ്രവർത്തക കെ കെ ഷാഹിന എഴുതുന്നത്. ഓപ്പൺ മാഗസിനിലാണ് ഷാഹിന തന്റെ വാദം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകളിലൂടെ നിരത്തുന്നത്. പോലീസ് പറയുന്നതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുള്ളതായും ഷാഹിന ചൂണ്ടിക്കാണിക്കുന്നു.
ജിഷ കൊല്ലപ്പെട്ടത് ഏപ്രിൽ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27ന്) അർധരാത്രിക്ക് ശേഷം അല്ലെങ്കിൽ അന്ന് പുലർച്ചെയാണ് എന്നാണ് ഷാഹിന റിപ്പോർട്ടിൽ എഴുതുന്നത്. ആന്തരികാവയവങ്ങൾ അഴുകാൻ തുടങ്ങിയതായി റിപ്പോർട്ടിലുണ്ട്.
വയറ്റിൽ ദഹിച്ചിട്ടില്ലാത്ത രൂപത്തിൽ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താൽ പുലർച്ചെയല്ല, അർധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിൽ എത്തേണ്ടി വരും എന്നും ഷാഹിന സൂചിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here