വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ സമരം; നാട്ടുകാർക്കെതിരെ ലാത്തി വീശി പൊലീസ്

വയനാട് മേപ്പാടി താഞ്ഞിലോട് വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. മേഖലയിലെ കാട്ടാനശല്യം ഉൾപ്പെടെ കൂടിയ സാഹചര്യത്തിൽ ആയിരുന്നു പ്രതിഷേധം.
ഇന്ന് രാവിലെ 7 മണി മുതലായിരുന്നു മേപ്പാടി – ചൂരൽമല പാത നാട്ടുകാർ ഉപരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. കാട്ടാന മുന്നിൽപെട്ട് അത്ഭുതകരമായി ആളുകൾ രക്ഷപ്പെട്ട അനുഭവം പ്രദേശത്തുണ്ട്. വൻ കൃഷി നാശവും സംഭവിക്കുകയാണ്. മൂന്നു മണിക്കൂറോളം ഉപരോധം നീണ്ടു. ഡിഎഫ്ഒ അജിത്ത് കെ രാമൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ജില്ലാ കളക്ടർ നേരിട്ട് എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പൊലീസ് നടപടി.
ഒൻപത് പേരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എംഎൽഎ ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും നടത്തിയ ചർച്ചയിലാണ് നാട്ടുകാരെ വിട്ടയച്ചത്. സ്ഥലത്തിറങ്ങുന്ന കാട്ടാനയെ തുരത്താൻ നടപടി തുടങ്ങിയെന്ന് ഡിഎഫ്ഒ അജിത് കെ രാമൻ 24 നോട് പറഞ്ഞു.
Story Highlights : Protest in Wayanad against wild animal menace; police lathicharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here