പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലേക്ക് തീപ്പന്തമെറിഞ്ഞു: ഒന്നാംപ്രതി അറസ്റ്റിൽ, 28 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധത്തിനിടെ തീപ്പന്തമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഒന്നാംപ്രതി ശ്യാം ലാലാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസ് പാറശാലയിൽ നിന്നാണ് ശ്യാമിനെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. 28 പേർക്കെതിരെയാണ് കേസ്. 1- 8 വരെയുള്ള പ്രതികൾക്കെതിരെയാണ് വധശ്രമത്തിന് കേസ് എടുത്തത്.
പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കുള്ള എസ്എഫ്‌ഐ മാർച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു നൈറ്റ് മാർച്ച്. പന്തവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത് പൊലീസിന് നേരെ വലിച്ചെറിയുകയായിരുന്നു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. മ്യൂസിയം എസ്‌ഐയെ പരാതിക്കാരനാക്കിയാണ് നടപടി.
മാർച്ചിൽ ബാരിക്കേഡിന് മുകളിലൂടെ പ്രവർത്തകർ തീപ്പന്തം എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രവർത്തകർ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ് ഐ ആറിൽ പറയുന്നു.
ഡി സി സി ജനറൽ സെക്രട്ടറി ശ്രീകല, മഹിളാ കോൺഗ്രസ്സ് നേതാക്കളായ വീണാ നായർ, ലീന എന്നിവരടക്കമുള്ളവർക്കെതിരെ കേസുണ്ട്. മാർച്ചിൽ പ്രവർത്തകരും പോലീസും ഏറ്റമുട്ടിയതോടെ വൻ സംഘർഷമാണുണ്ടായത്. പിന്നാലെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളടക്കം നിരവധി പേർക്കാണ് പരുക്കേറ്റത്. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റി. സമരം അവസാനിപ്പിച്ചതായി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Story Highlights : cliff house march case filed against youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here