Advertisement

സമരം അഭിനയിച്ചു ശീലിച്ചവർക്കിടയിൽ നാട്യങ്ങളില്ലാതെ മുഖ്യമന്ത്രി സ്ഥാനത്തു രണ്ടു പതിറ്റാണ്ട്

June 7, 2016
1 minute Read

ഭരണ തുടർച്ചയ്ക്കായി പെടാപ്പാട് പെടുന്ന കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കു ഈ മുഖ്യമന്ത്രി ഒരു അത്ഭുതം ആയിരിക്കും. വേറിട്ട മുഖവുമായി മുഖ്യമന്ത്രി സ്ഥാനത്തു രണ്ടു പതിറ്റാണ്ട് പിന്നിടുന്ന ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഉണ്ട്. അതെ തുടർച്ചയായ 20 വർഷം. മുഖ്യമന്ത്രിയെന്ന നിലയിൽ കിട്ടുന്ന ശമ്പളം പാർട്ടിക്കുനൽകി;പാർട്ടി നൽകുന്ന തുകകൊണ്ട് കഴിയുന്ന ഒരു സി.പി.എം. മുഖ്യമന്ത്രി. അത്രയ്ക്ക് ചിന്തിക്കണ്ട , സംഗതി ത്രിപുരയിൽ ആണ്. സ്വന്തം പേരിനൊപ്പം സർക്കാർ കൊണ്ട് നടക്കുന്ന മണിക് സർക്കാറിനെ കുറിച്ച് ആണ് പറഞ്ഞു വരുന്നത്.

ശശീന്ദ്രന്റെ ലാളിത്യം , അച്ചുതാനന്ദന്റെ ഊർജ്ജം , പിണറായിയുടെ കരുത്ത്… എഴുതിയെഴുതി തളർന്നിട്ടും ഇടതു വശം ചരിഞ്ഞിരിക്കുന്ന എഴുത്തുകാരൊക്കെ മണിക് സർക്കാറിനെ കുറിച്ച് മൗനമാചരിക്കുന്നത് എന്ത് കൊണ്ടാകും ? മുഖ്യമന്ത്രിയെന്ന നിലയിൽ കിട്ടുന്ന ശമ്പളം പാർട്ടിക്കുനൽകി;പാർട്ടി നൽകുന്ന തുകകൊണ്ട് കഴിയുന്നു എന്ന ഒറ്റക്കാരണം തന്നെയാകും പിന്നിൽ.

ഇന്ത്യയിലെ തീരെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ ത്രിപുരയിൽ മൂന്നു പതിറ്റാണ്ടിൽ അധികമായി ഭരണത്തിനു നേതൃത്വം നൽകുന്നത് സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മാണിക് സർക്കാരാണ്. ഇന്ത്യയിൽ ഏറ്റവും ലാളിത്യം നിറഞ്ഞ മുഖ്യമന്ത്രി ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സി പി ഐ (എം) നേതൃത്വം നൽകുന്ന ഇന്ത്യൻ ഇടതു പക്ഷ രാഷ്ട്രീയം അതിൻറെ ചരിത്രത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട നയ വ്യതിയാനങ്ങളിൽ പെട്ട് പശ്ചിമ ബംഗാളിൽ ക്ഷീണം ഏറ്റപ്പോഴും ഇപ്പോൾ രണ്ടു പതിറ്റാണ്ടോളമായി മാണിക് സർക്കാർ എന്ന കമ്യൂണിസ്റ്റ്കാരൻ നയിക്കുന്ന ത്രിപുര സർക്കാർ നാല് പതിറ്റാണ്ടായി ബംഗാളിന് തൊട്ടടുത്തായി ചുവന്നു തന്നെ നില്പ്പുണ്ട്.

ഇത് ഒരു അത്ഭുതമായി അന്നും ഇന്നും രാഷ്ട്രീയ നിരീക്ഷകർ പൊതുവിൽ വിലയിരുത്തുകയുണ്ടായി. മാണിക് സർക്കാർ എന്ന ത്രിപുരയിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇതുവഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെയേറെ ശ്രദ്ധേയനായിതീർന്നു. കഴിഞ്ഞ സി പി ഐ (എം) പാർട്ടി കോൺഗ്രസ്സിൽ ജനറൽ സെക്രട്ടറി സ്ഥാനം എസ്. രാമചന്ദ്രൻ പിള്ളക്ക് നൽകാനായി നടന്ന നീക്കത്തിന് തടയിട്ടത്തിനു പിന്നിലെ മുഖ്യപ്രേരകശക്തി മാണിക് സർക്കാർ ആയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം കേന്ദ്ര കമ്മറ്റി തീരുമാനിക്കട്ടെ എന്ന നിർണ്ണായകമായ നിർദ്ദേശം പോളിറ്റ് ബ്യൂറോയിൽ അവതരിപ്പിച്ചത് അദ്ദേഹമാണ് എന്നത് ഇപ്പോഴും പാർട്ടി രഹസ്യം.

ലാളിത്യം മുഖമുദ്രയാക്കിയ മാണിക്ക് സർക്കാരിൻറെ വാക്കുകൾക്കു ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പ്രസക്തിയുണ്ട്. അദ്ദേഹം പുലർത്തിപോരുന്ന കർശനമായ പാർട്ടി അച്ചടക്കം, ഗർവ്വ് ഇല്ലായ്മ, ഏറ്റവും താഴ്ന്ന ജന വിഭാഗങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്ന ബുദ്ധി, ഉൾപ്പാർട്ടി സമരങ്ങളിൽ പുലർത്തുന്ന കണിശത തുടങ്ങിയ ഗുണങ്ങൾ ഭരണത്തിലേറുന്ന ഏതു സഖാവിനും മാതൃകയാക്കാവുന്നതാണ്. 1968 മുതൽ പാർട്ടി അംഗം ആണ്.1972 ൽ ത്രിപുര സംസ്ഥാന കമ്മറ്റി അംഗം.1980 ൽ എം എൽ എ ,1993 ൽ സംസ്ഥാന സെക്രട്ടറി ,1998 മുതൽ പോളിറ്റ് ബ്യൂറോ അംഗം.1998 ൽ സംസ്ഥാന മുഖ്യ മന്ത്രിയായി.ഇപ്പോഴും നാലാം തവണയും ആ നിലയിൽ തന്നെ തുടരുന്നു. ആഗോളവൽക്കരണ കാലത്തെ ഇന്ത്യയേയും, ഇടതുപക്ഷ രാഷ്ട്രീയത്തെയും കുറിച്ചും, രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയ-ജാതി രാഷ്ട്രീയത്തെ കുറിച്ചും സ്വന്തം പാർട്ടിയിലെ പ്രത്യയശാസ്ത്ര – സംഘടനാ തർക്കങ്ങളെ കുറിച്ചും ഒക്കെ വ്യക്തവും കൃത്യവുമായ നിലപാട് ഉള്ളയാളാണ് മാണിക്ക് സർക്കാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top