അങ്ങനെ എപ്പോഴും ജയരാജനെ പറയല്ലേ … മറിച്ച് അഞ്ജുവിന്റെ ചാട്ടം പിഴച്ചതാണോ ?

അരവിന്ദ് വി
സർക്കാർ മാറിയാൽ കൗൺസിൽ, കോർപറേഷൻ , ബോർഡ് സ്ഥാനങ്ങൾ രാജിവച്ചൊഴിയുന്ന പതിവുണ്ട്. അഡ്വക്കേറ്റ് ജനറലും പ്രൊസിക്ക്യൂഷൻ ഡയറക്റ്ററും വരെ ഇങ്ങനെ മാറിക്കഴിഞ്ഞു. രാഷ്ട്രീയ ജ്ഞാനം അല്‍പ്പമെങ്കിലും ഉള്ളവർക്കൊക്കെ അതറിയുകയും ചെയ്യാം. പാവം ചാടാൻ മാത്രമറിയുന്ന (കസ്റ്റംസ്സ് പണിയും അറിയാമെന്ന്) അഞ്ജു ബോബി ജോർജ് ഇതൊന്നുമറിയാതെ കസേരയിൽ അമർന്നിരിക്കാൻ മോഹിച്ചു പോയി.
എന്നാ രാജി വയ്ക്കുന്നതെന്ന് മന്ത്രി ചോദിച്ചു. അന്തംവിട്ട അഞ്ജു തനിക്കിനിയും കാലാവധി ഉണ്ടെന്ന് മറുപടി നൽകി. അങ്ങനെ തുടരാൻ കഴില്ലല്ലോ എന്നായി മന്ത്രി. സ്വന്തക്കാരെ വഴിവിട്ടു നിയമിച്ചു, കൃത്യമായി ആളെ കിട്ടാറില്ല, വിമാനക്കൂലിയിനത്തിൽ വലിയ തുക എഴുതി എടുക്കുന്നു…. അക്കമിട്ടു നിരത്തിയ കാരണങ്ങൾ കേട്ട അഞ്ജു കസേരയിൽ നിന്നും എഴുന്നേറ്റു. ഞാൻ രാജി വയ്ക്കില്ല എന്ന് മാത്രം പറഞ്ഞ് ഇറങ്ങി.
തന്നെ ഒരു അഴിമതിക്കാരി ആക്കി പുറത്താക്കാനാണ് മന്ത്രിയുടെ പരിപാടി എന്ന് ആരോ ഉപദേശിച്ചപ്പോഴാണ് അഞ്ജുവിനും അങ്ങനെ തോന്നിയത്. അപ്പൊ തന്നെ മുഖ്യമന്ത്രിക്ക് പരാതി എഴുതി . പരാതി കൊടുക്കുന്നതിനും മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്വന്തക്കാരായ മാധ്യമപ്രവർത്തകർക്ക് വാർത്ത നൽകി. വാർത്ത പരന്നൊഴുകി. മുഹമ്മദാലിയുടെ ആലസ്യത്തിൽ ജയരാജനെതിരെ പെട്ടെന്ന് കേട്ടപ്പോഴേ സോഷ്യൽ മീഡിയ കയറെടുത്തു.
2015 നവംബര്‍ 27 നാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രസിഡന്റായിരുന്ന പത്മിനി തോമസ് ഇടയ്ക്ക് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജുവിനെ നിയമിച്ചത്. യുഡിഎഫ് ഭരണകാലത്ത് പത്മിനി തോമസിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ കായിക മേഖലയിലുണ്ടാക്കിയ ചെറുതല്ലാത്ത കളങ്കം മാറ്റിയെടുക്കാനാണ് രാജ്യം അറിയപ്പെടുന്ന കായിക താരത്തെ പ്രതിഷ്ഠിച്ചത്. ഭാവിയിൽ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ജുവിനെപ്പോലുള്ള വ്യക്തിയെ മാറ്റാന്‍ ശ്രമിക്കില്ല എന്ന കണക്കുകൂട്ടലും കോൺഗ്രസിന് ഉണ്ടായിരുന്നു.
സഹോദരൻ അജിത്ത് മാര്‍ക്കോസിനെ നിയമിച്ചത്
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനായ അജിത്ത് മാര്‍ക്കോസിനെ അസി. സെക്രട്ടറി ടെക്നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 27ന് അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റായി ചുമതലയേറ്റതോടെ വീണ്ടും നിയമനനീക്കം നടത്തുകയും അത് സാധ്യമാക്കുകയും ചെയ്തു. 80,000 രൂപ ശമ്പളമുള്ള തസ്തികയിലേക്കാണ് പിൻവാതിൽ നിയമനത്തിനു നീക്കമുണ്ടായത്.
ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒരു മുഴുവന്‍ സമയ പ്രവർത്തനം ആവശ്യമുള്ള പദവി ആയിരിക്കെ ബാംഗ്ലൂരില്‍ നിന്നും അഥിതിയായി വല്ലപ്പോഴും വരുന്ന അഞ്ജുവിന്റെ പ്രവർത്തന രീതിയോട് ഇടതു സർക്കാരിന് താത്പര്യം ഇല്ല എന്ന കാര്യം മന്ത്രി തുറന്നു പറഞ്ഞു. ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായി ജോലി നോക്കുന്ന അഞ്ജു മാസത്തില്‍ മുഴുവന്‍ സമയവും അവിടെത്തന്നെയായിരിക്കുമെന്നുള്ളതു രഹസ്യമല്ല.
‘അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി’
ദേശീയ അത്ലെറ്റിക്സ് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന പദവി കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗത്തിനു പുറമേ അഞ്ജു വഹിക്കുന്നുണ്ട്. ഡെപ്യൂട്ടേഷനില്‍ ആണ് ഈ പദവി വഹിക്കുന്നത്. അഞ്ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നുള്ളതാണ് ചട്ടം. ശമ്പളം നൽകുന്നതു കസ്റ്റംസും. ചിലവിനോക്കെ ഉള്ളത് അത്ലെറ്റിക്സ് ക്യാമ്പ് വഴി വേറെ തടയും. എന്നാല്‍ ബംഗളൂരു ആസ്ഥാനമായി തന്റെയും ഭര്‍ത്താവിന്റേയും പേരില്‍ തുടങ്ങിയ അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി നോക്കി നടത്തുകയാണ് അവര്‍ ചെയ്യുന്നത് എന്ന ഒരു ആരോപണവും നിലനില്‍ക്കുന്നുണ്ട്. പിടി ഉഷയുടെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ ചുവടുപിടിച്ചാണ് അഞ്ജുവും അക്കാദമി തുടങ്ങിയത്. എന്നാൽ ഉഷ കേരളത്തിൽ അക്കാദമി തുടങ്ങി ഇവിടത്തെ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ അഞ്ജു അത് അന്യസംസ്ഥാനത്തിലാണ് നടത്തുന്നത്. ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോകുന്ന അഞ്ജുവിന്റെ വിമാനയാത്രകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എന്നാൽ ഈ യാത്രകളിൽ അധികവും കേരളത്തിനു വേണ്ടി അല്ല എന്ന ആരോപണത്തെ കുറിച്ച് മന്ത്രി ചോദിച്ചതും അഞ്ജുവിനെ കുഴക്കി.
എന്തായാലും അഞ്ജുവിനു പുറത്തേക്കുള്ള പാതയൊരുങ്ങി. ആ വഴിയെ ഇറങ്ങാം. അകത്തേക്കുള്ള വഴിയിൽ വി ശിവൻകുട്ടിയും , പി ടി ഉഷയും , ടി പി ദാസനും ഒക്കെ പരിഗണനയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here