വൈറലാകാൻ മൃഗങ്ങളോടെന്തിനീ ക്രൂരത

സമൂഹ മാധ്യമങ്ങളിൽ പുതുമയോടിരിക്കാൻ, വൈറലാകാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിന് മിക്കവരും സ്വീകരിക്കുന്ന മാർഗ്ഗമാകട്ടെ പുത്തൻ ഫോട്ടോകൾ അപ്ലോഡ് ചെയ്യുക എന്നതാണ്. എന്നാൽ പലപ്പോഴും ഈ പ്രവണത അതീവ ക്രൂരവും അപക്വവുമായ പ്രവർത്തികളിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
പലരും കണ്ടെത്തുന്ന മാർഗ്ഗങ്ങളിൽ ചിലതാണ് ഭീമൻ മത്സ്യങ്ങൾക്കൊപ്പമോ, പക്ഷികൾക്കൊപ്പമോ നിന്ന് ഫോട്ടോ എടുക്കൽ. സ്രാവുമൊത്തുള്ള രണ്ട് മീൻപിടുത്തക്കാരുടെ ഇത്തരമൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. ഇവരുടെ യാത്രാവഴിയിൽ ഒരു സ്രാവിനെയല്ല 10 സ്രാവുകളെയാണ് ഫോട്ടോ എടുക്കാൻവേണ്ടി മാത്രം കരയിലേക്ക് വലിച്ചടുപ്പിക്കുന്നത്.
ഈ ക്രൂര വിനോദം നടത്തുന്നത് ഓസ്ട്രേലിയിൽനിന്നുള്ള മീൻപിടുത്തക്കാരായ ജോഷ് ബട്ടർവർട്, ജോൺ ബൊണിച്ച എന്നിവരാണ്.
ഓരോ വർഷവും മനുഷ്യർ കോടിക്കണക്കിന് സ്രാവുകളെ കൊന്നൊടുക്കുന്നു. ചിലർ അവയുടെ ചിറകിനുവേണ്ടി, മറ്റു ചിലർ അവയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരം ബാർബേറിയൻ നടപടികൾ തുടരുന്നുണ്ട്. മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകൾ വാർത്തയാകുമ്പോൾ ഇത്തരം വാർത്തകൾ കണ്ടില്ലെന്നു നടിക്കുകയാണ് സമൂഹം.
ഈ അടുത്തകാലത്ത് അർജന്റീനയിൽ സഞ്ചാരികളുടെ സെൽഫീ ഭ്രമം കാരണം നഷ്ടമായത് ഒരു കുഞ്ഞു ഡോൾഫിന്റെ ജീവനാണ്.
സെൽഫി എടുക്കാനായി മാസിഡോണിയയിൽ ഒരു പെൺകുട്ടി വലിച്ചിഴച്ചത് അരയന്നത്തെയും. മാസിഡോണിയയിലെ ഒറിഡ് തടാകത്തിന്റെ തീരത്തുനിന്ന് അരയന്നത്തെ ചിറകുകളിൽ പിടിച്ച് വലിക്കുന്ന പെൺകുട്ടിയുടെ ചിത്രം വൈറലായിരുന്നു.
വിനോദത്തിന് വേട്ട നടത്തിയിരുന്ന ബാർബേറിയൻ കാലത്തുനിന്ന് ഒട്ടും മുമ്പോട്ട് നീങ്ങിയിട്ടില്ല മനുഷ്യർ എന്നു തെളിയിക്കുകയാണ് ഈ ഫോട്ടോകൾ. അപക്വമായ ഈ വിനോദം ജീവി വർഗ്ഗത്തോടുള്ള മനുഷ്യന്റെ ഏറ്റവും വലിയ ക്രൂരതയല്ലേ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here