സിപിഎം ഓഫീസ് ആക്രമിച്ച കേസിൽ യുവതികൾക്ക് ജാമ്യം
കണ്ണൂർ കുട്ടിമാക്കൂലിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ അതിക്രമിച്ച് കടന്ന് പ്രവർത്തകനെ ആക്രമിച്ചെന്ന കേസിൽ യുവതികൾക്ക് ജാമ്യം ലഭിച്ചു. എല്ലാ ശനിയാഴ്ചയും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിൻമേലാണ് ജാമ്യം.പാസ്‌പോർട്ട് സ്‌റ്റേഷനിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഐ.എൻ.ടി.യു.സി നേതാവ് എൻ.രാജന്റെ മക്കളായ അഖില,അഞ്ജന എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്‌ഐ തിരുവങ്ങാട് മേഖലാ സെക്രട്ടറിയും സിപിഎം അംഗവുമായ ഷിജിനെ ആക്രമിച്ചെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.അഖിലയുടെ ഒന്നരവയസ്സുകാരി മകളും ഇവർക്കൊപ്പം ജയിലിലായി.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ചോദ്യം ചെയ്യാൻ പാർട്ടി ഓഫീസിൽ കയറി ചെന്ന തങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് കാട്ടി യുവതികൾ പരാതി നല്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ 3 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതികളെ കൈക്കുഞ്ഞിനൊപ്പം അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് കാരണമായിരുന്നു. പോലീസ് നടപടിക്കെതിരെ വലിയ പ്രക്ഷോഭം നടത്താനാണ് കോൺഗ്രസിന്റെ തീരുംമാനം. അതേസമയം ഇത്തരമൊരു അറസ്റ്റ് നടന്നത് അറിഞ്ഞില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രതികരണം.