‘Y’ സോ കോസ്റ്റ്ലി? എന്താവും ഇന്ത്യയിൽ ടെസ്‌ലയുടെ തന്ത്രം?

അങ്ങനെ ആറ്റുനോറ്റിരുന്ന ടെസ്‌ലയുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര-കുർല കോംപ്ലക്സിലാരംഭിച്ചു. മസ്കിന്റെ ടെസ്‌ല വരട്ടെ ഒരെണ്ണം എടുത്തേക്കാമെന്ന് കരുതിയ പലരും വില കേട്ടപ്പോൾ ഞെട്ടിയിരിക്കുകയാണ്. അമേരിക്കയിൽ പ്രാരംഭ വില 32 ലക്ഷമുള്ള മോഡൽ Y RWD (റിയർ വീൽ ഡ്രൈവ്) ഏകദേശം ആ വിലയ്ക്ക് തന്നെ വീട്ടിലെത്തിക്കാമെന്ന് കരുതിയവർ പെട്ടിരിക്കുകയാണ്. അമേരിക്കയിൽ $37,490 ആണ് പ്രസ്തുത മോഡലിന്റെ വില തുടങ്ങുന്നത്. അതായത് 32 ലക്ഷം ഇന്ത്യൻ രൂപ.
എന്നാൽ നിലവിൽ, ഈ മോഡലിന് ഇന്ത്യയിൽ വില 59.89 ലക്ഷം നൽകണം. ഡോളറിൽ പറഞ്ഞാൽ 15,000 ഡോളറോളം വ്യത്യാസം. എന്താവാം ഇങ്ങനെ വിലയിലൊരു മാറ്റം വരാൻ കാരണം? ഇന്ത്യയിലേക്ക് പൂർണമായും ചൈനയിൽ നിർമിച്ച യൂണിറ്റുകൾ (CBU) ആണ് എത്തുന്നത്. അതിന് ഇറക്കുമതി തീരുവ ബാധകമാണ്. ആ തീരുവ കൂടി ചേരുമ്പോഴാണ് വൻ വില കൊടുക്കേണ്ടി വരുന്നത്. ഇവിടെ നിർമിക്കുകയായിരുന്നെങ്കിൽ ഏകദേശം അമേരിക്കയിലെ വിലയിലൊക്കെ ടെസ്‌ല ലഭിക്കുമായിരുന്നു.
ഇതിന്റെ കണക്കൊന്ന് നോക്കിയാൽ കാറിന്റെ CIF(ചെലവ്,ഇൻഷുറൻസ്,ചരക്ക് കൂലി) 40,000 ഡോളറിന് മുകളിലെങ്കിൽ ടെസ്‌ല യൂണിറ്റൊന്നിന് 100% ഇറക്കുമതി തീരുവ നൽകേണ്ടി വരും. എന്നാൽ വില 40,000 ഡോളറിന് താഴെയെങ്കിൽ 70% ആയിരിക്കും ഇറക്കുമതി തീരുവ. ലോങ് റേഞ്ച് റിയർ വീൽ ഡ്രൈവ് മോഡലാണെങ്കിൽ വില 68 ലക്ഷമാകും.
ഇന്ത്യയിലെ ഉയർന്ന തീരുവയെ മസ്ക് വർഷങ്ങൾക്ക് തന്നെ വിമർശിച്ചിരുന്നു. 2021ലെ തന്റെ ട്വീറ്റിലാണ് ലോകത്തെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ഇന്ത്യയിലാണെന്ന് മസ്ക് കുറിച്ചത്. 2015ൽ ഇന്ത്യയിലെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മസ്ക് വർഷങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷമാണ് വിപണി പ്രവേശം നടത്തുന്നത്. മുംബൈയിൽ ആദ്യ ഷോറൂം തുറന്ന് തുടക്കമായെങ്കിലും ഡൽഹിയിൽ അടുത്ത ഷോറൂം തുറക്കാനാണ് നീക്കം.
എന്താണ് നിലവിൽ ടെസ്‌ലയുടെ ഇന്ത്യൻ പ്ലാൻ?
അമേരിക്കയിൽ പ്രസിഡന്റ് ട്രംപും മസ്കുമായുള്ള അസ്വാരസ്യങ്ങൾ മൂലം വിപണിയിൽ ടെസ്‌ല തിരിച്ചടി നേരിടുന്നുണ്ട്. ഇത് മറികടക്കാൻ പുത്തൻ വിപണികൾ തേടുകയാണ് മസ്ക്. തുടക്കത്തിൽ തന്നെ വൻ ചെലവിൽ പ്ലാന്റ് നിർമിച്ച് ഉത്പാദനം നടത്തി കൈ പൊള്ളിക്കാൻ ഉദ്ദേശമില്ലെന്ന സൂചനയാണ് കന്പനി നൽകുന്നത്. ആദ്യം വിപണിയിൽ എങ്ങനെ വാഹനം സ്വീകരിക്കപ്പെടുമെന്ന് പരിശോധിക്കുക, ശക്തമായ ബ്രാൻഡ് ബിൽഡിങ് നടത്തുക അങ്ങനെ സംഗതി ക്ലച്ച് പിടിച്ചാൽ പതുക്കെ നിർമാണ യൂണിറ്റ് തുടങ്ങുക. ഇതാണ് മസ്കിന്റെ ഘട്ടം ഘട്ടമായുള്ള ഇന്ത്യൻ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെ വരുന്പോൾ അമേരിക്കയിലെ വിലയിൽ ടെസ്‌ല ഇന്ത്യയിൽ കിട്ടാനുള്ള കാത്തിരിപ്പ് വീണ്ടും നീളും.
Story Highlights : Indians react as Model Y debuts with rs 59.89 lakh price tag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here