‘ഇത്രയും കാലം എന്‍ഡിഎയോടൊപ്പം നിന്നിട്ട് ഒരു പ്രയോജനവുമുണ്ടായില്ല’; മുന്നണി വിട്ടതിനെ കുറിച്ച് സി കെ ജാനു

എന്‍ഡിഎയുടെ ഭാഗമായിരുന്നിട്ട് ഒരു ഗുണവും പാര്‍ട്ടിക്ക് ഉണ്ടായില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനു. താന്‍ ബിജെപി അല്ലാതിരുന്നിട്ടും അത്തരത്തിലാണ് അവതരിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുമെന്നും ജെആര്‍പി നേതാവ് സികെ ജാനു ട്വന്റിഫോറിനോട് പറഞ്ഞു.
ഇത്രയും കാലം എന്‍ഡിഎയോടൊപ്പം നിന്നിട്ട് മുന്നണി എന്ന ഒരു മര്യാദ അവര്‍ പാലിച്ചിട്ടില്ല. മുന്നണിയിലുള്ള ആളുകളെക്കൂടി പിന്തുണച്ച് കൂടെ കൊണ്ട് പോവുക എന്നുള്ള ഒരു വ്യവസ്ഥയുണ്ടല്ലോ. ഒറ്റയ്ക്ക് നില്‍ക്കുന്ന അവസ്ഥ. പേര് മാത്രം എന്‍ഡിഎ എന്നുള്ള നിലയിലാണിപ്പോള്‍. അതുകൊണ്ട് നമ്മുടെ പ്രസ്ഥാനത്തിന് ഒരു പ്രയോജനവുമില്ല. പ്രയോജനമില്ലാതെ വെറുതെ എന്തിനാണ് ഇങ്ങനെ നില്‍ക്കുന്നത്. ഞാന്‍ ശരിക്കും ബിജെപി അല്ല. പക്ഷേ, എന്നെ എല്ലാവരും ബിജെപി എന്നാണ് പറയുന്നത്. എന്നാല്‍ എന്‍ഡിഎയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിന്തുണ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതൊട്ട് ഇല്ല താനും. പിന്നെ എന്‍ഡിഎ എന്ന പേര് വാലായി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ – അവര്‍ പറഞ്ഞു.
2016 മുതല്‍ എന്‍ഡിഎ മുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ജെആര്‍പി. ഇടക്കാലത്ത് കുറച്ച് ഒന്ന് വിട്ടു നിന്നെങ്കിലും വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പം നിന്നു.
ഇന്നലെ കോഴിക്കോട് ചേര്‍ന്ന ജെആര്‍പി എക്‌സിക്യുട്ടീവ് യോഗത്തിലാണ് എന്‍ഡിഎ മുന്നണി വിടാനുള്ള തീരുമാനം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എടുത്തത്. മുന്നണിയില്‍ പരിഗണനയില്ലെന്ന് സികെ ജാനു വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
Story Highlights : CK Janu on leaving the NDA front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here