കെ എസ് യു അതിക്രമം; അധ്യാപകന്റെ കൈ തല്ലിയൊടിച്ചത് വിദ്യാർഥികളെന്ന് തോന്നിക്കാത്ത മുതിർന്നവർ

- അക്രമികൾ വന്നത് വാനുകളിൽ ആയുധങ്ങളുമായി
- കൈ തല്ലിയൊടിച്ചത് നൊയമ്പെടുത്ത് നിസ്‌കരിച്ചു വന്ന അധ്യാപകനെ
- വനിത പ്രിൻസിപ്പാളിനെ അടക്കം കയ്യേറ്റം ചെയ്യാനൊരുങ്ങി
പഠിപ്പുമുടക്കിനെത്തുടർന്ന് സ്‌കൂൾ വിടാൻ വിസമ്മതിച്ച അധ്യാപകരെ ക്രൂരമായി മർദ്ദിച്ചത് വിദ്യാർത്ഥികളാണെന്ന് പോലും തോന്നാത്ത ഒരു പറ്റം ആളുകൾ. അക്രമികളുടെ കയ്യിൽ കെ. എസ്.യു.വിന്റെ കൊടികൾ ഉണ്ടായിരുന്നു. ഇരുപത്തി അഞ്ചു വയസ്സിലേറെ പ്രായമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നവരെന്നു സ്‌കൂൾ പ്രിൻസിപ്പൽ വിനീത ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം കിളിമാനൂർ പള്ളിക്കൽ ഗവ. ഹൈസ്‌കൂളിലാണ് കെ എസ് യു പ്രവർത്തകരുടെ വിദ്യാഭ്യാസത്തിനെതിരായ അഭ്യാസം അരങ്ങേറിയത്. അധ്യാപകരെ മാരകമായി മുറിവേൽപ്പിച്ചു നടത്തിയ അതിക്രമങ്ങളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ പോലീസ് കേസ്സെടുത്തു.
വിദ്യാഭ്യാസ ബന്ദാണെന്നും സ്‌കൂൾ വിടണമെന്നും ആവശ്യപ്പെട്ട് ഒരു പറ്റം ആളുകൾ സ്‌കൂളിലേക്ക് കയറിവന്നു. കണ്ടാൽ വിദ്യാർത്ഥികളെന്നു പോലും തോന്നാത്ത ചിലരാണ് സമരത്തിന്റെ പേരിൽ സ്‌കൂളിലേക്ക് കയറിയത്. എന്നാൽ ഇവിടെ ബന്ദ് നടത്താറില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതോടെ അവർ മുറുമുറുപ്പോടെ പിന്തിരിഞ്ഞു പോയി. പോയവർ ഉച്ചയ്ക്ക് കൂടുതൽ ആളെ കൂട്ടി വലിയ വാഹനങ്ങളിൽ വീണ്ടും എത്തി. വന്നവർ സ്‌കൂളിന്റെ ഓഫീസിലേക്ക് തള്ളിക്കയറി വരികയായിരുന്നു എന്നും പ്രിൻസിപ്പൽ പറഞ്ഞു. തന്നെ എന്തെങ്കിലും പറയാൻ അനുവദിക്കുന്നതിന് മുമ്പ് പ്രവർത്തകർ അധ്യാപകർക്കുനേരെ കയ്യേറ്റം ആരംഭിക്കുകയായിരുന്നു. വിദ്യാർത്ഥികളാണൊ എന്ന് പോലും തോന്നാത്ത കെ എസ് യു പ്രവർത്തകരാണ് അക്രമം നടത്താനായി സ്‌കൂളിലേക്ക് തള്ളിക്കയറി എത്തിയതെന്നും പ്രിൻസിപ്പൽ ട്വന്റിഫോർ ന്യൂസിനോട് വിശദമാക്കി. നോമ്പ് നോറ്റ് പള്ളിയിൽ പോയി വരികയായിരുന്ന ആരിഫ് എന്ന അധ്യാപകന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന് നാല് പല്ലുകൾ ആക്രമണത്തിൽ നഷ്ടമായി.
പഠിപ്പുമുടക്കണമെന്നാവശ്യപ്പെട്ട് എത്തിയവരെ അനുസരിക്കാത്തതിനെ തുടർന്നാണ് സ്‌കൂൾ മുറ്റം വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ അക്രമ ഭൂമിയാക്കിയത്. പ്രവർത്തകരുടെ ആവശ്യം അധ്യാപകരും പിടിഎ ഭാരവാഹികളും എതിർത്തതോടെ കെ.എസ്.യു പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു.
പ്രവർത്തകർ അക്രമാസക്തരായതോടെ പോലീസിനെ വിളിക്കുകയും പോലീസ് എത്തിയതോടെ ഇവർ ചിതറിയോടുകയും ചെയ്തതായും പ്രിൻസിപ്പൽ പറഞ്ഞു. ‘രണ്ട് വാനുമായാണ് പ്രവർത്തകർ സ്‌കൂളിലേക്കെത്തിയത്. സ്‌കൂളിലെ ആക്രമണത്തിന് ശേഷം പുറത്തും റോഡിലും അക്രമ സംഭവങ്ങൾ ഉണ്ടാകുകയും അക്രമികളുടെ വാൻ നാട്ടുകാർ അടിച്ചു തകർക്കുകയും ചെയ്തു.’ ഇതുവരേയും രാഷ്ട്രീയ നേതാക്കളോ മറ്റു മാധ്യമങ്ങളോ സ്‌കൂളിലേക്കെത്തുകയോ സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. സ്‌കൂളും , പരിക്കേറ്റ അധ്യാപകനും , പി ടി എ ഭാരവാഹിയും പ്രത്യേകം പരാതികൾ നൽകിയിട്ടുണ്ട്. പോലീസ് കേസ്സെടുത്തു.
പിടിഎ തീരുമാനപ്രകാരം പള്ളിക്കൽ സ്‌കൂളിൽ വർഷങ്ങളായി വിദ്യാർഥിസമരത്തിന് വിലക്കുണ്ട്. ഒരു സംഘടനയുടെ പഠിപ്പുമുടക്കും ഇവിടുത്തെ അധ്യയനത്തിന് തടസ്സമാവാറില്ല. എന്നാൽ,കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകർ പുറത്തുനിന്നെത്തി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു.കല്ലമ്പലം,പോങ്ങനാട്,തലവിള ഭാഗങ്ങളിൽ നിന്നുള്ളവരാണ് മുദ്രാവാക്യം വിളിച്ച് സ്‌കൂളിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here