എന്നാ പിന്നെ മാഡം ചെന്നാട്ടെ !

അരവിന്ദ് വി.

അങ്ങിനെ ഒരു മാഡത്തെ അഴിമതി വിരുദ്ധ പോരാട്ട ഭൂമിയിൽ നിന്നും വഴക്ക് പറഞ്ഞോടിച്ചു കളഞ്ഞല്ലോ ഇടതൻമാരെ… നിങ്ങളോട് കറകളഞ്ഞ അഴിമതി വിരുദ്ധർ ഒരു കാലത്തും ക്ഷമിക്കൂല. ഓരോരോ അഴിമതിയായി കണ്ടു പിടിച്ചു വരികയായിരുന്ന സിഐഡി മാഡത്തെയാണ് നിങ്ങൾ കായിക സമിതിയുടെ തലപ്പത്ത് ഇരുത്തിപ്പൊരിച്ച് പറഞ്ഞു വിട്ടത്. വഴക്ക് കേട്ട് കേട്ട് ചങ്കുപൊടിഞ്ഞാണ് അഞ്ജു ബോബി ജോർജ് പടിയിറങ്ങിപ്പോയത്.

തന്നെ നിയമിച്ച കോൺഗ്രസും അതുൾക്കൊള്ളുന്ന യുഡിഎഫും സ്‌പോർട്‌സ് കൗൺസിൽ ദ്വാരാ നടത്തിവന്ന അഴിമതികളെയാകെ വേരോടെ പിഴുതെടുക്കാൻ തെളിവുകൾ ശേഖരിക്കുകയായിരുന്നുവത്രെ അഞ്ജു മാഡം. കായികമന്ത്രി ഇ.പി.ജയരാജൻ കൗൺസിൽ പ്രസിഡന്റിന്റെ യാത്രാപ്പടി ചെലവിനങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ച ശേഷമാണ് മാഡത്തിലെ അഴിമതി വിരുദ്ധ ഝാൻസിറാണി ഉണർന്ന് വിലസിയത്. അന്നുമുതൽക്കാണ് സ്‌പോർട്‌സ് കൗൺസിലിൽ അഴിമതി നടക്കുന്നതിനെക്കുറിച്ച് എണ്ണിയും നുള്ളിയും പകുതിയും മുക്കാലുമായി അഞ്ജുമാഡം പറഞ്ഞുതുടങ്ങിയത്. അതായത് ഒരു ശകാരത്തിൽ തന്നെ അഴിമതി വെളിയിൽ വരുമെങ്കിൽ ശകാരം നല്ലതാണെന്ന് പറഞ്ഞത് ആരെന്നറിയില്ല.ചെഗുവേര അല്ല!

പക്ഷേ ചെഗുവേര പറഞ്ഞ വചനത്തെ ആരോ പാരഡിയാക്കി മാഡത്തിന് കൊടുത്തു. കൊടുത്തയാൾക്ക് തെറ്റിയതാണോ അതോ തെറ്റായ ആൾ കൊടുത്തതാണോ അതോ കിട്ടിയ ആൾക്ക് തെറ്റിയതാണോ അതോ ചെഗുവേരയ്ക്ക് തെറ്റിയതാണോ എന്ന് അറിയില്ല. പറഞ്ഞതിങ്ങനെയാണ്- “സ്‌പോർട്‌സിനെ കൊല്ലാം,കായികതാരങ്ങളെ തോൽപ്പിക്കാനാവില്ല..” ആണോ ? അപ്പോ തോല്ക്കാത്ത കായികതാരങ്ങളൊക്കെക്കൂടി സ്‌പോർട്‌സിന്റെ മരണത്തിന് പോയി റീത്ത് വയ്ക്കുമോ ? എന്നിട്ട് പിന്നെ അതിന്റെ ഇഡ്ഡലി തിന്നുമോ ? പിന്നെ എന്തു ചെയ്യും ? തോൽക്കാത്ത കായിക താരങ്ങൾ , ഇല്ലാത്ത സ്പോർട്സ് ! ഇതെങ്ങനെ ഒത്തു വരും മാഡം ? സ്പോർട്സ് മരിച്ചാൽ പിന്നെന്ത് കായികതാരം ? ആർക്കറിയാം.

സ്‌കൂൾ കായിക കിരീടം കേരളത്തിലേക്ക് കൊണ്ടു വന്നതിന്റെ അഭിമാനവുമായാണത്രെ മാഡം പോകുന്നതെന്ന് പറയുന്നു ! കേരളം സ്‌കൂൾ കായിക കിരീടം നേടിയത് അഭിമാനമാണ്. അതു പക്ഷെ കിരീടം നേടിയ കുട്ടികളും അവരെ പരിശീലിപ്പിച്ച അർദ്ധപട്ടിണിക്കാരും വേണ്ടത്ര സൗകര്യങ്ങളില്ലാതെ അതു സാധ്യമാക്കിയ അധ്യാപകരും ചേർന്നു പങ്കിട്ടോട്ടെ ! അല്ലാതെ അഴിമതി നിറഞ്ഞതെന്നു മാഡം തന്നെ പറയുന്ന സ്പോർട്സ് കൗൺസിലും നാലേ നാലു തവണ മാത്രം വിമാനത്തിൽ കേരളത്തിലേക്ക് വന്നു പോയ മാഡത്തിനും ആ അഭിമാനം എന്തിനാ ? ബാന്ഗ്ലൂരിൽ അഞ്ജു മാഡം നടത്തുന്ന കോച്ചിങ് സെന്ററിൽ വിരിഞ്ഞ എത്ര താരങ്ങളാണ് കേരളത്തിന് വേണ്ടി നേട്ടങ്ങൾ കൊയ്തതെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.

അപ്പൊ മാഡം പോകുവല്ലേ ? ഇനി ഈ വഴിക്ക് വരില്ലേ ? നമുക്ക് ഒരുമിച്ച് അഴിമതികൾക്കെതിരെ പോരാട്ടം നടത്തണ്ടേ ?നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More