Advertisement

മാതാപിതാക്കൾ ഇതൊക്കെ അറിയാറുണ്ടോ!!

June 25, 2016
Google News 1 minute Read

ബംഗളൂരുവിൽ നഴ്‌സിംഗ് കോളേജിൽ ക്രൂര റാഗിംഗിനിരയായ എടപ്പാൾ സ്വദേശിനി അശ്വതിക്ക് പറയാനുള്ളത് മക്കളെ അന്യസംസ്ഥാനങ്ങളിലെ നഴ്‌സിംഗ് കോളേജുകളിലേക്ക് അയയ്ക്കുന്ന എല്ലാ മാതാപിതാക്കളും കേട്ടിരിക്കേണ്ട കാര്യങ്ങളാണ്. തങ്ങളുടെ മക്കൾ റാഗിംഗിന് ഇരയാകുന്നുണ്ടോ എന്നത് മാത്രമല്ല ചിന്തിക്കേണ്ടത്,അവർ മറ്റ് കുട്ടികളെ റാഗ് ചെയ്യുന്നവരാണോ എന്ന് കൂടി ആലോചിക്കണം.

റാഗിംഗിന് വിധേയയായ ദളിത് നഴ്സിംഗ് വിദ്യാർത്ഥിനി അശ്വതിയുടെ പരാതിയുടെ പൂർണ്ണ രൂപം 

എന്റെ പേര് അശ്വതി. ഞാന്‍ കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ എന്ന സ്ഥലത്തെ അല്‍ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് കോളജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ്ങിനു പഠിക്കുകയാണ്..!
2015 ഡിസംബര്‍ 1 മുതല്‍ 2016 മെയ് 9 വരെ അഞ്ച് മാസം മാത്രമേ ഞാന്‍ എന്റെ പഠനം അവിടെ തുടര്‍ന്നുള്ളൂ. കാരണം ക്ലാസ് തുടങ്ങിയതു മുതല്‍ മൂന്നാം വര്‍ഷ സീനിയേഴ്‌സിന്റെ അടുത്തുനിന്നുമുള്ള കടുത്ത മാനസിക പീഡനം മൂലം തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല.
ആദ്യമെല്ലാം മുഴുവന്‍ സമയവും ഇവരെ കാണുമ്പോള്‍ ‘വിഷ്’ ചെയ്യണമായിരുന്നു.(രാവിലെ ഗുഡ് മോണിങ്, ഉച്ചയ്ക്ക് ഗുഡ് ആഫ്റ്റര്‍നൂണ്‍, വൈകിട്ട് ഗുഡ് ഈവനിങ്, രാത്രി ഗുഡ് നൈറ്റ്). അതും ഒറ്റ പ്രാവശ്യമല്ല. ഒരുപാട് പ്രാവശ്യം ചെയ്യണം. ഹോസ്റ്റലില്‍ നിന്ന്, പുറത്തുനിന്ന്, കോളജ് ബസില്‍ നിന്ന്, കോളജില്‍ നിന്ന്… അങ്ങനെ എവിടെ നിന്നെല്ലാം കാണുന്നുവോ അപ്പോഴെല്ലാം വിഷിങ് മസ്റ്റ് ആയിരുന്നു. വിഷ് ചെയ്തില്ലെങ്കില്‍ വൈകിട്ട് കോളജില്‍ നിന്നും വന്നാല്‍ ചായകുടിക്കാന്‍ പോലും അനുവദിക്കാതെ അവരുടെ റൂമില്‍ നിര്‍ത്തുമായിരുന്നു.
ശേഷം എട്ടു മണി മുതല്‍ പത്തുമണിവരെ സ്റ്റഡി ടൈം. അത് തുടര്‍ന്ന് 12 മണിവരെ പഠിച്ചു കേള്‍പ്പിക്കണം. രാത്രിയിലെ ഭക്ഷണം പോലും ഉണ്ടാക്കുവാനുള്ള സമയം കിട്ടാറില്ല.കൂടാതെ ആറു മണി മുതല്‍ എട്ടുമണിവരെയാണ് ഫോണ്‍ ഉപയോഗിക്കാനുള്ള സമയം. അത് അവര്‍ റൂമില്‍ പിടിച്ചുനിര്‍ത്തുന്നതു മൂലം വീട്ടിലേക്കും വിളിക്കാന്‍ സാധിക്കാറില്ല.
ഇതെല്ലാം സ്വാഭാവികമായിരിക്കും. പക്ഷെ ആ ഹോസ്റ്റലില്‍ ഉള്ള മറ്റു ഫസ്റ്റ് ഇയേഴ്‌സിനൊന്നും ഇല്ലാതെ എനിക്കും എന്റെ റൂംമേറ്റായ സായിനിഹിതയ്ക്കും മാത്രമായിരുന്നു ഈ റൂള്‍സെല്ലാം.പലപ്പോഴും വീട്ടിലേയ്ക്ക് വിളിച്ച് കരയുമ്പോള്‍ ഇനി ഫോണ്‍ പോലും ഉപയോഗിക്കാന്‍ തരില്ല എന്നു പറയും. എങ്കില്‍ ഇടയ്ക്കിടെ ഇങ്ങനെയെല്ലാം ചെയ്യുമെങ്കില്‍ 2016 മെയ് 9ന് സംഭവിച്ചതാണ് എനിക്കു സഹിക്കാന്‍ കഴിയാത്തത്. മാനസികമായും ശാരീരികമായും ഞാന്‍ ഉപദ്രവിക്കപ്പെട്ടു.
ഇന്നേദിവസം രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കേ ഞങ്ങളെ ലക്ഷ്മിചേച്ചിയുടെയും ആതിരചേച്ചിയുടെയും റൂമിലേക്കു വിളിക്കുകയും ശേഷം വാതിലടക്കാന്‍ പറയുകയും ചെയ്തു. ആ സമയം തേഡ് ഇയര്‍ ബി.എസ്.സിക്കു പഠിക്കുന്ന ലക്ഷ്മിചേച്ചിയും (കൊല്ലം), ആതിര ചേച്ചിയും (ഇടുക്കി), ശില്‍പചേച്ചിയും, നാലാം വര്‍ഷ ബി.എസ്.സിക്കു പഠിക്കുന്ന കൃഷ്ണചേച്ചിയും സേ എക്‌സാമിനായി വന്ന ജോ ചേച്ചിയും മറ്റും ഉണ്ടായിരുന്നു.
ശേഷം ആതിരചേച്ചിയും ലക്ഷ്മി ചേച്ചിയും ‘ആരാടീ ഇവിടെ നിന്ന് 17ാം തിയ്യതി നാട്ടില്‍ പോകുന്നത്’ എന്നു ചോദിച്ചു. ഇവിടെ നിന്നും ആരും പോവില്ല പോയെങ്കില്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവരില്ല. ഞങ്ങളെ ഹെല്‍പ്പ് ചെയ്യാന്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ എക്‌സാമിന് ഞങ്ങള്‍ ഉണ്ടാവില്ല. എന്നും പറഞ്ഞു. ‘വേണ്ട; ഞങ്ങള്‍ പഠിച്ചെഴുതിക്കോളാം എന്നു പറഞ്ഞപ്പോള്‍, അങ്ങനെ ഇവിടെ ആരും ഉണ്ടാവില്ല, അഥവാ പോകുകയാണെങ്കില്‍ നാളെതന്നെ പോയ്‌ക്കോളണം ഇവിടെ നില്‍ക്കരുത് എന്നും പറഞ്ഞു.
ഗുല്‍ബര്‍ഗയില്‍ നിന്ന് നാട്ടിലേയ്ക്ക് പുലര്‍ച്ചെ 2.50ന് ആണ് ട്രെയിന്‍. ആയതുകൊണ്ട് ഞങ്ങള്‍ക്ക് തനിച്ചുപോകാന്‍ പേടിയാണെന്നും കൂടാതെ പെട്ടെന്ന് പോവാന്‍ എന്റെ കയ്യില്‍ പൈസയുമില്ല എന്നു പറഞ്ഞപ്പോള്‍ അതൊന്നും ഞങ്ങള്‍ക്ക് അറിയണ്ട, നാളെത്തന്നെ പോയിക്കോണം എന്നു പറഞ്ഞു
തുടര്‍ന്ന് പാട്ടുപാടിക്കുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. പിന്നീട് മറ്റു സീനിയേഴ്‌സ് ഇഷ്ടപ്പെട്ട സീനിയേഴ്‌സിന്റെ പേരും, ഇഷ്ടമല്ലാത്ത സീനിയേഴ്‌സിന്റെ പേരും എഴുതാന്‍ പറഞ്ഞു. ഇഷ്ടപ്പെട്ട സീനിയറിന്റെ പേര് ഞങ്ങള്‍ രണ്ടുപേരും ഹൃദയചേച്ചിയുടെ എഴുതിയപ്പോള്‍ ലക്ഷ്മി ചേച്ചിയും ആതിരചേച്ചിയും ദേഷ്യം പിടിക്കുകയും കൂടാതെ ഇഷ്ടപ്പെടാത്ത സീനിയറിന്റെ പേര് ലക്ഷ്മിചേച്ചിയുടെ എഴുതിയപ്പോള്‍ അതിലേറെ ദേഷ്യപ്പെടുകയും വഴക്കു പറയുകയും ചെയ്തു.
നിനക്ക് എന്റെ സ്വഭാവം അറിയില്ലെടീ, നിനക്കു ഞാന്‍ കാണിച്ചു തരാം.’ പിന്നെ ഒരുപാട് അനാവശ്യവാക്കുകള്‍ (എനിക്ക് എഴുതാനും പറയാനും ബുദ്ധിമുട്ടുണ്ട്) പറയുകയും ചെയ്തു.തുടര്‍ന്ന് മറ്റു സീനിയേഴ്‌സ് ഞങ്ങളെ റൂമിലേക്ക പോകാന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ റൂമിന്റെ വാതിലും ജനലുകളും തുറന്നിടിപ്പിക്കുകയും ഇനി അനുവാദം കൂടാതെ അടക്കരുതെന്നും ഭീഷണിപ്പെടുത്തി.
ഇതിനു മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്. അന്ന് റൂമിലേയ്ക്ക് വിളിച്ച് കൈപൊക്കി നിര്‍ത്തി കാല്‍ അകറ്റി കുറേ നേരം നിര്‍ത്തിച്ചു. ശേഷം ഹാളില്‍ മുട്ടുകുത്തി നടത്തിപ്പിക്കുകയും തവളചാടുന്നതുപോലെ ചാടാന്‍ പറയുകയും ചെയ്തു. ഈ രംഗമെല്ലാം ഫോണില്‍ പകര്‍ത്തിയിട്ടുമുണ്ട്. ഇത് ചെയ്തത് നാലാം വര്‍ഷ ബി.എസ്.സിക്കു പഠിക്കുന്ന കൃഷ്ണ ചേച്ചിയാണ്. അന്നും ഇതിനു കൂട്ടായി ലക്ഷ്മിചേച്ചിയും ആതിരചേച്ചിയും ഉണ്ടായിരുന്നു.തുടര്‍ന്ന് വാതിലും ജനലുകളും തുറന്നിടിപ്പിക്കുകയും എന്നെ മാനസികമായി വേദനിപ്പിക്കും വിധം ഉറക്കെ കളിയാക്കി ചിരിക്കുകയും ചെയ്തു. (വെറുതെ അല്ലെടീ നീ കരി ആയത്, കറുത്തവള്‍, കാണുമ്പോള്‍ തന്നെ പേടിയാകും, വെറുതെ അല്ല നിനക്ക് അച്ഛന്‍ ഇല്ലാതെ പോയത്…’) എന്നെല്ലാം പറഞ്ഞു കളിയാക്കി.തുടര്‍ന്ന് റൂമിലേക്കു കയറിവരികയും ആതിരചേച്ചിയും ലക്ഷ്മിചേച്ചിയും ബലംപ്രയോഗിച്ച് ‘അഹങ്കാരി കുടിക്കടീ നീ ഇത്’ എന്നു പറഞ്ഞ് എന്നെക്കൊണ്ട് ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയും ചെയ്തു. താഴെ ശ്വാസം മുട്ടി ഉരുളുന്ന എന്നെ ശബ്ദം കേട്ട് ഓടിയെത്തിയ മറ്റു സീനിയേഴ്‌സ് തൊണ്ടയില്‍ കയ്യിട്ട് ബ്ലഡ് വൊമിറ്റ് ചെയ്യിക്കുകയും ഉടനെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.
ഗുല്‍ബര്‍ഗയിലുള്ള ഭാസവേശ്വര ഹോസ്പിറ്റലില്‍ നാലു ദിവസം ഐ.സി.യുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും ഞാന്‍ കിടുന്നു. കേസെടുക്കാനായി പോലീസ് വന്നെങ്കിലും ഒന്നും സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് മൊഴി എടുത്തില്ല.
എങ്കിലും സെല്‍ഫ് പ്രോബ്ലം ആണെന്ന് പറയണമെന്നും ലക്ഷ്മിയുടെയും ആതിരയുടെയും പേര് പറയരുത് പറഞ്ഞാല്‍ അവരുടെ ജീവിതം പോകും എക്‌സാം എഴുതാന്‍ കഴിയില്ല തുടര്‍ന്നു പഠിക്കാന്‍ കഴിയില്ല, ആയതുകൊണ്ട് ദയവുചെയ്ത് സെല്‍ഫ് മറ്റെന്തെങ്കിലും കാരണമെന്ന് നീ പറയണമെന്നും മറ്റും സീനീയേഴ്‌സ് പറഞ്ഞു തന്നു.
തുടര്‍ന്ന് ഹോസ്പിറ്റലിന്റെ അനുമതിയില്ലാതെ എന്നെ ഡിസ്ചാര്‍ജ് ചെയ്യുകയും ബാക്കി ഗ്ലൂക്കോസ് ഹോസ്പിറ്റലില്‍ വെച്ച് കയറ്റുകയും ചെയ്തു. ശേഷം രണ്ടുദിവസത്തിനുള്ളില്‍ പോലീസ് മൊഴിയെടുക്കാന്‍ വരുമെന്നറിഞ്ഞപ്പോള്‍ 15-5-2016 പുലര്‍ച്ചെ ഞങ്ങളെ നാട്ടിലേക്കു കയറ്റിവിടുകയും ചെയ്തു.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയാതെ വെറും മരുന്നുകള്‍ മാത്രമായി ഇന്നേക്ക് 39 ദിവസമായി ഞാന്‍ ഓരോ ഹോസ്പിറ്റലുകള്‍ മാറി മാറി ചികിത്സ തേടുന്നു. 2016-5-9 മുതല്‍ 2016-6-18) എന്നെ ഈ അവസ്ഥയിലെത്തിച്ച ലക്ഷ്മിചേച്ചിയെയും ആതിര ചേച്ചിയെയും നിയമനത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട്’
അശ്വതി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement