നാടൻപാട്ടുകളിലെ കാവാലം പെരുമ

സംസ്‌കൃതനാടകങ്ങളും നാടൻപാട്ടുകളും ഒരുപോലെ ഒഴുകിയിറങ്ങിയ ആ തൂലികയിൽ നിന്ന് ഇനി അക്ഷരങ്ങൾ ഇല്ല. നാടകാചാര്യൻ എന്ന വിശേഷണം അങ്ങേയറ്റം ചേർച്ചയോടെ കാവാലത്തിൽ സമന്വയിക്കുമ്പോഴും നാടൻ പാട്ടുകളിലും ലളിതഗാനങ്ങളിലും സിനിമാ ഗാനങ്ങളിലും കാവാലം ടച്ച് മലയാളിക്ക് പ്രിയപ്പെട്ടതായി. ആകാശവാണിയിലൂടെ കാവാലത്തിന്റെ ലളിതഗാനങ്ങൾക്കായി കാത്തിരുന്ന പ്രഭാതങ്ങൾ ഓരോ മലയാളിയുടെയും ഗൃഹാതുരതയാണ്. കാവാലം രചനയും ദേവരാജൻ സംഗീതവും നിർവ്വഹിച്ച് ഗാനഗന്ധർവ്വന്റെ ശബ്ദത്തിൽ ആസ്വാദകരെത്തേടിയെത്തിയ സിനിമാഗാനങ്ങളെ നാടൻശീലുകളോട് പ്രണയമുള്ള മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.നാടൻസംഗീതത്തിന്റെ ചൂടും ചൂരും പകർന്ന് നാം കേട്ട എത്രയെത്ര ഗാനങ്ങൾ!!
കലയെ വേർതിരിക്കാൻ ആഢ്യത്വമോ ഗ്രാമീണതയോ അളവ്‌കോലാവില്ലെന്ന് കാവാലം തെളിയിച്ചു തന്നു.അദ്ദേഹത്തിന്റെ നാടൻപാട്ടുകൾ ജനസഞ്ചയങ്ങൾ ഏറ്റുപാടി. കുട്ടനാടിന്റെ താളവും ഈണവും നിറഞ്ഞ ആ നാടൻശീലുകൾ അദ്ദേഹത്തെ ജനകീയനാക്കുന്നതിൽ വളരെ വലിയ പങ്കുവഹിച്ചു.ലോകോത്തരങ്ങളായ നാടകങ്ങൾ രചിച്ചപ്പോഴും,സാഹിത്യം തുളുമ്പുന്ന കവിതകൾ സമ്മാനിച്ചപ്പോഴും,അതിമനോഹരങ്ങളായ സിനിമാഗാനങ്ങൾ എഴുതിയപ്പോഴും അദ്ദേഹം മനസ്സുകൊണ്ട് നാടൻപാട്ടുകാരനായിരുന്നു.
കർണഭാരവും ഭൂതവാക്യവും ഊരുഭംഗവുമൊക്കെ നാടകകലയ്ക്ക് മുതൽക്കൂട്ടാവുമ്പോഴും കൊയ്ത്തുപാട്ടിന്റെ താളവും വള്ളപ്പാട്ടിന്റെ താളവും നിറഞ്ഞ നാടൻപാട്ടുകൾ സാധാരണക്കാരന് വേണ്ടി എഴുതാൻ കാവാലത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആരും ഏറ്റു ചൊല്ലുന്ന ആ നാടൻ ശീലുകൾ എക്കാലവും കാവാലത്തെ മലയാളമണ്ണിന്റെ പ്രിയങ്കരനാക്കി.
പ്രകൃതിയുടെ താളവും സംഗീതവും പകർന്ന ആ നാടൻശീലുകളിലൂടെ കാവാലം നാരായണപ്പണിക്കർ ഓരോ മലയാളിയുടെ ഉള്ളിലും ജീവിക്കും.വള്ളമൂന്നുന്നതിലും വെള്ളംകോരുന്നതിലും പോലും താളവും സംഗീതവും കണ്ടെത്തിയ മഹാനായ കലാകാരനെ ഓർത്തുവയ്്ക്കാൻ നാടൻപാട്ടുകളോളം പോന്ന മറ്റെന്താണ് വേണ്ടത്!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here