പൂവാലന്മാരേ,ഇതിലേ ഇതിലേ!!
പിങ്ക് പോലീസ് ബീറ്റ് പദ്ധതി ഒരു മാസം പിന്നിടുമ്പോൾ തിരുവനന്തപുരത്ത് പെൺപോലീസ് പിടികൂടിയത് എൺപതോളം പൂവാലന്മാരെ.തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി സിറ്റി പോലീസ് ആരംഭിച്ച പ്രത്യേക സ്‌ക്വാഡിന്റെ രംഗപ്രവേശത്തോടെ ബസ് സ്‌റ്റോപ്പുകളിലും ബസുകളിലും സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്.
രാവിലെ എട്ടര മുതൽ പത്തര വരെയും വൈകിട്ട് മൂന്ന് മുതൽ നാലര വരെയുമാണ് പിങ്ക് പോലീസ് കളത്തിലിറങ്ങുക.തിരുവനന്തപുരത്തെ പത്ത് റൂട്ടുകളിലാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനം ലഭ്യമാവുന്നത്.രണ്ട് പേർ വീതമുള്ള സംഘങ്ങളായാണ് സഞ്ചരിക്കുക.ഇത്തരത്തിലുള്ള 20 സംഘങ്ങളാണ് പിങ്ക് ബീറ്റിന്റെ ചുമതലയിലുള്ളത്.ഓരോ ദിവസവും അൻപതിലധികം ബസ്സുകളിൽ പരിശോധന നടത്തും.
പദ്ധതിയുടെ അടുത്ത ഘട്ടമായി വനിതകൾ മാത്രം ഉൾപ്പെട്ട പട്രോളിംഗ് സംഘങ്ങൾക്ക് രൂപം നൽകാനുള്ള ഒരുക്കത്തിലാണ് സിറ്റി പോലീസ്.അടുത്ത മാസം തുടക്കത്തോടെ ഇത് പ്രാവർത്തികമാകും.തിരുവനന്തപുരം ജില്ലയിൽ മൂന്ന് പട്രോളിംഗ് സംഘങ്ങളും കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് സംഘങ്ങളും നിലവിൽ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here