പശുക്കടവിലെ വീട്ടമ്മയുടെ മരണം; മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാന്‍ പൊലീസ്

കോഴിക്കോട് തൊട്ടില്‍പാലം പശുക്കടവിലെ വീട്ടമ്മയുടെ മരണത്തില്‍ നരഹത്യയ്ക്ക് കേസെടുക്കാന്‍ പൊലീസ്. വൈദ്യുതക്കെണിയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. വളര്‍ത്തു പശുവിനെ അന്വേഷിച്ചുപോയ ബോബിയെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. BNSലെ 105,106 വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. നിലവില്‍ അസ്വഭാവിക മരണത്തിനു മാത്രമാണ് കേസ്. കൃഷിസംരക്ഷിക്കാന്‍ അല്ല ഇലട്രിക്ക് കെണി എന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മൃഗവേട്ടക്കുള്ള കെണിയാണ് എന്നാണ് നിഗമനം.
മേയ്ക്കാന്‍ വിട്ട പശുവിനെ തേടിയാണ് ബോബി കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് കോങ്ങോട് മലയിലേയ്ക്ക് പോയത്. രാത്രി ഏഴുമണി കഴിഞ്ഞിട്ടും വീട്ടില്‍ തിരികെ എത്തിയില്ല.അമ്മ വീട്ടിലെത്താത്ത കാര്യം മക്കളാണ് പുറത്ത് അറിയിച്ചത്. തൊട്ടുപിന്നാലെ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. പുലര്‍ച്ചെ ഒരു മണിയോടെ ബോബിയുടെയും വളര്‍ത്തു പശുവിന്റെയും മൃതദേഹം കൊക്കോത്തോട്ടത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരുക്കൊന്നും ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കൊക്കോമരത്തില്‍ ഫെന്‍സിങ്ങ് ഘടിപ്പിച്ച ലക്ഷണങ്ങളുണ്ടെന്നും ഇവര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം പ്രാഥമിക നിഗമനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ബോബിയുടെ മരണം ഷോക്കേറ്റ് ആണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. ബോബിയെ മരിച്ച നിലയില്‍ കാണപ്പെട്ട സ്ഥലത്ത് പൊലീസും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സ്ഥല ഉടമയായ ആലക്കല്‍ ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം.
Story Highlights : Death of women in Pasukkadavu; Police to file a case for involuntary manslaughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here