കണ്ണൂർ ബസ് അപകടം മരണം മൂന്നായി

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. നാൽപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇരിട്ടി പുന്നാടാണ് അപകടം ഉണ്ടായത്. മീത്തലെ പുന്നാട് സ്വദേശി സുരേഷ് ആശുപത്രിയിൽ വെച്ച് മരിച്ചു . രാവിലെ പതിനൊന്ന് മണിയോടെ നടന്ന അപകടത്തിൽ ബസ് ഡ്രൈവറും യാത്രക്കാരിയും ഉൾപ്പെടെ രണ്ട് പേർ മരിച്ചിരുന്നു.
മട്ടന്നൂർ ഇരിട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. അമിതവേഗത്തിൽ മറ്റൊരുബസിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച് ബസുകളുടെ മുൻഭാഗം പൂർണമായി തകർന്നു. മട്ടന്നൂരിൽ നിന്നുവന്ന ബസിന്റെ ഡ്രൈവർ കരിക്കോട്ടക്കരി സ്വദേശി സജി, ബസ് യാത്രക്കാരിയായ ചാവശേരി സ്വദേശി ഗിരിജ എന്നിവർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
ബസുകളുടെ മുൻഭാഗത്തിരുന്നവർക്ക് കാര്യമായി പരിക്കേറ്റു. കുട്ടികളടക്കം ബസ്സുകളിൽ നിന്ന് തെറിച്ചുവീണു. പലരെയും ബസുകളിൽ നിന്ന് പുറത്തെടുക്കാൻ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു. പരിക്കേറ്റ ഇരുപതിലധികം പേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ബസുകളുടെ മത്സരയോട്ടം പതിവാണെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാർ പറയുന്നത്. സ്പീഡ് ഗവർണറർ ഇല്ലാതെയാണ് ബസുകൾ സർവീസ് നടത്തുന്നത് എന്നും നാട്ടുകാർ.