വെറുതെയാണോ അതൊക്കെ ‘സാൾട്ട് മാംഗോ ട്രീ’യാവുന്നത്!!!

സർക്കാർ സ്‌കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷിന് അത്ര നിലവാരം പോരാ എന്ന് മുറവിളി കൂട്ടുന്നവർ അറിയേണ്ട ഒരു വസ്തുത ഉണ്ട്.ഭൂരിഭാഗം സ്‌കൂളുകളിലും ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മലയാളം,സയൻസ്,കണക്ക് അധ്യാപകരാണ്.ഹൈസ്‌കൂൾ തലത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ യോഗ്യതയുളളവർക്കാകട്ടെ ഇപ്പോൾ ക്ലർക്കിന്റെ പണിയും!!
2003ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠനം അവതാളത്തിലാക്കിയിരിക്കുന്നത്. അതുവരെ സ്‌കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകർക്കായി പ്രത്യേക തസ്തിക ഉണ്ടായിരുന്നില്ല. പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അത്തരമൊരു തസ്തിക സൃഷ്ടിക്കാനും ഇംഗ്ലീഷ് ഐച്ഛികവിഷയമായെടുത്ത് ബിരുദവും ബിഎഡും നേടിയവരെ നിയമിക്കാനും തീരുമാനിച്ചു.ഒരു നിബന്ധനയും വച്ചു.8,9,10 ക്ലാസ്സുകളിൽ അഞ്ച് ഡിവിഷനുകൾ ഉണ്ടെങ്കിലേ തസ്തിക നിലനിൽക്കൂ. അങ്ങനെയാണ് ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന സ്ഥിതിയിൽ കാര്യങ്ങൾ സംഭവിച്ചത്.
നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ സ്‌കൂളുകളിലും അഞ്ച് ഡിവിഷനുകൾ ഇല്ല. അങ്ങനെ നേരത്തെ ഉണ്ടയിരുന്ന ഇംഗ്ലീഷ് അധ്യാപകരെ വകുപ്പ് ഓഫീസുകളിലേക്ക് മാറ്റി. ഇവിട നടക്കുന്ന യോഗങ്ങളുടെ മിനിറ്റ്‌സ് എഴുത്തും യു പി സ്‌കൂൾ അധ്യാപകർക്ക് പരിശീലനം നൽകലുമാണ് ഇവരുടെ ഇപ്പോഴത്തെ പണി.
ഡിവിഷനുകളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ കോട്ടയം ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിയത് 6 അധ്യാപകരെയാണ്.മറ്റ് ജില്ലകളിലും സ്ഥിതിയിൽ വലിയ വ്യത്യാസമില്ല.ഫലമോ,ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തവർ വിദ്യാർഥികളെ പഠിപ്പിക്കുന്ന അവസ്ഥയും. സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം ഉയർത്തുമെന്ന് ഉറപ്പ് പറയുമ്പോഴാണ് ചില ഉത്തരവുകളുടെ പേരിൽ അതേ ഉറപ്പ് ലംഘിക്കപ്പെടുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here