Advertisement

മരിച്ചാലും വിടരുത് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട്!!

July 19, 2016
Google News 1 minute Read

 

നാടോടുമ്പോൾ നടുവേ ഓടാതെ വയ്യെന്ന് ചിന്തിക്കുന്നവരാണ് നമ്മൾ മനുഷ്യരിൽ ഏറിയ പങ്കും. പണ്ടൊക്കെ സ്വത്തുവകകൾ അനന്തരാവകാശികളിൽ ആർക്കൊക്കെ നല്കണം എന്നതായിരുന്നു ഏറെ അലട്ടുന്ന ചിന്ത. മരണശേഷം മക്കളും ബന്ധുക്കളുമൊന്നും ആ പേരിൽ തല്ലുകൂടരുതെന്ന് ആഗ്രഹിച്ച് നമ്മൾ ജീവിച്ചിരിക്കുമ്പോഴേ അവകാശം കൈമാറ്റം ചെയ്യാറുണ്ട.എന്നാൽ ഈ ഇ-ലോകത്ത് സ്വന്തം ഫേസ് ബുക്ക് അക്കൗണ്ട് ആർക്ക് നല്കണം എന്നും മനുഷ്യർ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

ഫേസ്ബുക്കിൽ മാത്രം 160 കോടി അംഗങ്ങളുണ്ട്. (ട്വിറ്ററും ഇൻസ്റ്റഗ്രാമുമൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ) ഇവരിൽ എണ്ണായിരത്തോളം പേർ ഓരോ ദിവസവും മരിക്കുന്നുണ്ട്.അതോടെ അവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ അനാഥമാകുന്നു.മരിച്ചയാളുടെ പാസ്വേഡ് ആർക്കും അറിയാത്തതിനാൽ ആ അക്കൗണ്ട് ഡിലീറ്റ് ആക്കാനും പറ്റില്ല. ഫേസ്ബുക്ക് ഉള്ളിടത്തോളം ആ അക്കൗണ്ടും ശേഷിക്കും.സുഹൃത്തുക്കൾക്ക് അതൊരു നൊമ്പരക്കാഴ്ചയായി അവശേഷിക്കുകയും ചെയ്യും.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഫേസ്ബുക്കിനൊരു പദ്ധതിയുണ്ടെന്ന് അധികമാർക്കും അറിയില്ല. ‘ലെഗസി കോണ്ടാക്ട്’ എന്നാണ് പദ്ധതിയുടെ പേര്. മരണശേഷം നമ്മുടെ പിന്തുടർച്ചാവകാശം ആർക്കായിരിക്കുമെന്ന് മുന്നേകൂട്ടി നമുക്ക് ഫേസ്ബുക്കിനെ ഇതിലൂടെ അറിയിക്കാനാവും.

ഫേസ്ബുക്ക് അംഗമായ ഏതെങ്കിലുമൊരാളെ ‘ലെഗസി കോണ്ടാക്ട് ‘ആയി നിശ്ചയിക്കാം. നമ്മുടെ ഫേസ്ബുക്ക് സെക്യൂരിറ്റി സെറ്റിംഗ്‌സിൽ ഇതിനുള്ള ഓപ്ഷനുണ്ട്

നിങ്ങൾ മരിച്ചാൽ ലെഗസി കോണ്ടാക്ടിന് അക്കൗണ്ട് ഉപയോഗിക്കാം. നിങ്ങൾ മരിച്ച കാര്യം പ്രൊഫൈലിൽ വലിയ അക്ഷരത്തിൽ തെളിഞ്ഞു നിൽക്കുകയും ചെയ്യും. ഉപയോഗിക്കണമെന്നില്ലെങ്കിൽ പരേതന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ എടുത്ത് സൂക്ഷിച്ച ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും കഴിയും.

ആ ലെഗസി കോണ്ടാക്ട് നിങ്ങളുടെ പഴയ മെസേജുകളൊക്കെ കാണുമോ എന്ന പേടി വേണ്ട. നിങ്ങളയച്ച പ്രൈവറ്റ് മെസേജുകൾ വായിക്കാനോ ഡൗൺലോഡ് ചെയ്യാനോ അയാളെ ഫേസ്ബുക്ക് സമ്മതിക്കില്ല.

 

ഇനി മരണശേഷവും ഫേസ്ബുക്കിൽ സജീവമാകണമെന്ന് നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ അതിനും വഴിയുണ്ട്.ഡെഡ് സോഷ്യൽ എന്ന വെബ്‌സൈറ്റാണ് അതിന് നിങ്ങളെ സഹായിക്കുക.അതിൽ കയറി നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാസ് വേഡുകളും നല്കിയാൽ മതി.

ഭാര്യയുടെയും മക്കളുടെയും പിറന്നാൾ ദിനം എന്നാണെന്നൊക്കെ രേഖപ്പെടുത്തിയാൽ എല്ലാ വർഷവും ആ ദിവസങ്ങളിൽ സൈറ്റ് കൃത്യമായി
നിങ്ങളുടെ ആശംസകൾ പ്രിയപ്പെട്ടവരിലെത്തിക്കും!!

ഡെഡ് സോഷ്യലിൽ പേരും വിവരങ്ങളും രേഖപ്പെടുത്തിയ ആൾ മരിച്ചോ എന്ന് അറിയാൻ ആറു സുഹൃത്തുക്കളെ സൈറ്റിന് പരിചയപ്പെടുത്തേണ്ടതുണ്ട്. ഈ ആറുപേരും നിങ്ങളുടെ മരണം സ്ഥിരീകരിക്കാതെ നിങ്ങൾ മരിച്ചതായി ഡെഡ് സോഷ്യൽ അംഗീകരിക്കുകയുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here