Advertisement

ബരീൻ..കുത്തീരിക്കിൻ..കേക്കിൻ.. ലാമന്റേം സീതേടേം കത!!

July 19, 2016
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാമായണം രാമന്റെയും സീതയുടെയും രാവണന്റെയും കഥ തന്നെയാണ്. കാലമെത്ര മാറിയാലും ദേശം ഏതൊക്കെയായാലും അതിന് മാറ്റമൊന്നുമില്ല. വാൽമീകി രാമായണം,അദ്ധ്യാത്മിക രാമായണം,കണ്ണശ്ശ രാമായണം,കമ്പ രാമായണം,മാലി രാമായണം എന്നിങ്ങനെ രാമായണത്തിന് വൈവിധ്യങ്ങൾ ഏറെയുണ്ടെന്ന് മാത്രം. അങ്ങനെയൊന്നാണ് മാപ്പിള രാമായണം.

 

കെട്ടിയോക്ക് വരം കൊടുത്ത് സുരിപ്പിലായ പാട്ട്
ലങ്കവാണ പത്തുമൂക്കൻ ഹലാക്കിലായ പാട്ട്

രാമായണത്തിന്റെ പ്രാദേശികവകഭേദങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മാപ്പിളരാമായണം.മലബാർ ഭാഗങ്ങളിൽ പ്രചുരപ്രചാരം നേടിയ ഈ കൃതി മാപ്പിള മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്.മാപ്പിളപ്പാട്ടിന്റെ കെട്ടുവഴക്കത്തിലും ഭാഷാശൈലിയിലും തെളിയുന്ന ഇതിലെ രാമായണകഥ ഹാസ്യത്തിന്റെ മേമ്പൊടി കൂടി ചേർത്താണ് അവതരിപ്പിച്ചിരിക്കുന്നത്.

കേരളീയ മുസ്ലീം സാമുദായിക ജീവിതത്തെ കോറിയിടുന്ന നിരവധി പദങ്ങളും പരാമർശങ്ങളും കൊണ്ട് സമ്പന്നമാണ് രസകരമായ ഈ രാമായണകഥ.നിക്കാഹ്,കോഴിബിരിയാണ്,ശരി അത്ത്,സുൽത്താൻ,ഓള്,ബീടര് എന്നു തുടങ്ങി നീണ്ട ഒരു പദാവലി തന്നെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പണ്ടു താടിക്കാരനൗലി പാടിവന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്
കര്‍ക്കിടം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരിക്കൂട്ടും പാട്ട്

മൂന്നുപെണ്ണിനെ ദശരതന്‍ നിക്കാഹ് ചെയ്ത പാട്ട്
അമ്മിക്കുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലും പെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിതങ്കമോളെക്കൈ പിടിച്ച പാട്ട്
ഹാലിളക്കിത്താടിലാമന്‍ വൈ തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമന്‍ നാട്ടിലെത്തിയ പാട്ട്
നാടുവാഴാന്‍ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനീ നൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്

വാല്മീകിയെയാണ് താടിക്കാരൻ ഔലിയ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.പണ്ടുകാലം മുതലേ പാടിവരുന്ന പാട്ടാണിതെന്നും കഥയിൽ പറയുന്നതൊന്നും താൻ നേരിട്ട് കണ്ടതല്ലെന്നും ആദ്യമേ സൂചിപ്പിക്കുന്നു.കർക്കിടകമാസത്തെ രാമായണപാരായണം ബാങ്ക്വിളി പോലെ ചെവിയിൽ വിരൽ വച്ചുള്ള ഓരിക്കൂട്ടലാണത്രെ!!

രാമനും ശൂർപ്പണഖയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ പോവുന്നു.

ആരാ നിങ്ങള് വാല്യക്കാരാ, പെരെന്താടോ?
കൂടെകാണുന്നാരാപ്പെണ്ണ്, ബീടരാണോ?
മക്കളില്ലേ, കൂടെ മരുമക്കളില്ലേ?
കൊക്കും പൂവും ചോന്ന പെണ്ണ്, പെറ്റിറ്റില്ലേ?” ‘
ഈ ചോദ്യത്തിന് രാമന്‍ ഇങ്ങനെ മറുപടി പറയുന്നു:
‘ഞാനോ ലാമന്‍ സീതാ ബീടര്, പെറ്റിറ്റില്ല
കുടെയനുസന്‍ കൂട്ടിന് ലക്ഷ്മണനങ്ങോട്ടുണ്ട്.
കോസലനാടു കൊസലടിനാടു ബാപ്പാനാട്
കാരണമുണ്ടിക്കാട്ടിനുവന്നത്, നീയാരുമ്മാ?’
ശൂര്‍പ്പണഖയുടെ ഉത്തരം ഇങ്ങനെ :
‘ലങ്കാനാടിലിളങ്കും ലാവണരാജാവിന്റെ
ലങ്കും തങ്കും പൊന്നാരപ്പുതുപ്പെങ്ങളല്ലേ
പൂങ്കാവനപ്പൂങ്കുയിലേ ഞമ്മോടൊത്ത്
ലങ്കാനാട്ടില്‍ പോരീയളിയന്‍ ലാജാവല്ലെ.
ആണിനുപെണ്ണ് പെണ്ണിനൊരാണു ശരിയത്തില്‍ നേമം
ആപത്താണേ പെണ്ണേ മോളേ മുലമാറ്റിപ്പാല്
തേക്കുന്നെണ്ണ പിടിച്ചാലെന്താ മാറ്റിക്കാച്ചണോ
ലങ്കാശിങ്കേ പോടുമോളേ പാടും നോക്കി.

ശൂർപ്പണഖയുടെ വിവാഹാഭ്യർഥനയെ ശരിഅത്ത് നിയമം പറഞ്ഞ് രാമൻ വിലക്കുന്നു. എന്നാൽ,അതേ ശരി അത്ത് നിയമത്തെ കൂട്ടുപിടിച്ചുതന്നെ രാമന്റെ ന്യായങ്ങളെ ശൂർപ്പണഖ നേരിടുന്നു.

ആണിനു പെണ്ണു നാലോ അഞ്ചോ വെച്ചാലെന്താ
പെണ്ണിന്നങ്ങനെ പാടില്ലെന്നാ ശരിയത്തിലുനേമം
പൂതിപൂങ്കരളേ പൊന്നേ പൊന്നാരമുത്തേ
പാതാളക്കടമ്പേ പൂവേ പാലെ പഞ്ചാരേ
പത്തുനാട്ടിലമ്പും കൊമ്പും പെരുമയുള്ള
മൂത്തുമ്മാന്റെ മക്കളുണ്ട് മൂന്നാളവിട
എട്ടുകെട്ടു ഏഴുനില മാളികയുണ്ട്
നിക്കാഹിനൊരുക്കം കൂട്ടാനെട്ടും കോടണ്ടാ.’

സീതയോട് രാവണൻ പ്രണയാഭ്യർഥന നടത്തുന്ന രംഗവും രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

 

മുത്തുമോളെ നിന്നെ ഞമ്മള് ലങ്കയില്‍ കൊണ്ടാച്ചി-
റ്റെത്തിരനാളായ് മുത്തേ കത്തിടും പൂമാലേ
കണ്ണു ലണ്ടും തന്നെയാണോയെന്റെ പൊന്നോടൊന്ന്
കണ്ടു പറയേണ്ടതിലേക്കുണ്ട് പൂതി നന്ന
കെഞ്ചകപ്പൂത്തേവിയേ ഞാന്‍ നിന്നെക്കാണാനാണു
കേളികേട്ട ബീഡരേയും വിട്ട് പോന്നോനാണേ
എന്‍ കരളെ നമ്മളൊരു ലാജിയക്കാറല്ലേ
എന്നതില്‍ ബിശേശവും സന്തോശമെനിക്കില്ലേ
താമരത്തളിരൊടുക്കും പൂവുടലെന്‍ ഖല്‍ബില്‍
ഉമ്മിണി നാളായി മുത്തേ കണ്ടിടാനും ആശ
പേടികൊണ്ടല്ലന്നു പൊന്നേ നിന്നിലാമന്‍ കാണാ
പ്പൂതി കൊണ്ടാണെന്റെ മോളെ തേരിലാക്കിപ്പോന്ന്

രാമായണകഥയെ ഇത്ര മനോഹരമായി മറ്റൊരു സാമൂഹിക പശ്ചാത്തലത്തിലേക്ക് മാറ്റിപ്പണിയുന്ന പാട്ടുകൾ വേറെയുണ്ടോ എന്ന് സംശയമാണ്. എത്ര ഭംഗിയായി ഒന്ന് മറ്റൊന്നിനെ ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെയാണ്.മലയാളത്തിന്റെ ഏറ്റവും വലിയ സാഹിത്യസമ്പാദ്യങ്ങളിലൊന്നു തന്നെയാണ് ഈ മാപ്പിളരാമായണം എന്നതിൽ സംശയമില്ല.

മാപ്പിളരാമായണം കേൾക്കാം

Mapila Ramayanam from santhoshhk on Vimeo.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement