ആട് ആന്റണി; മികച്ച അന്വേഷണവും സമർഥമായ പ്രോസിക്യൂഷനും ചേർന്നപ്പോൾ കേസ് ചരിത്രമായി

പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊല്ലുകയും എ.എസ്.ഐ. ജോയിയെ മാരകമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതി ആട് ആന്റണിയെ കോടതി കുറ്റക്കാരാണെന്ന് വിധിച്ചപ്പോൾ അത് അന്വേഷണ മികവിന്റെയും സമർഥമായ പ്രോസിക്യൂഷന്റെയും കൂടി വിജയമാവുകയാണ്. കേസ്സ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത് വളരെ വേഗത്തിലും പഴുതുകളടച്ചുമാണ്. അന്വേഷണ സംഘത്തിന്റെ തലവൻ ക്രൈം ബ്രാഞ്ച് എ. സി. പി. ആർ.ജയശങ്കർ ആയിരുന്നു. കോടതിയിൽ സർക്കാരിന് വേണ്ടി കേസ് വാദിച്ചത് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജ് ആയിരുന്നു.
സംഭവത്തിനുശേഷം കേരളം വിട്ട ആന്റണി മൂന്നേകാൽ വർഷം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇയാൾക്കു വേണ്ടി എ. സി. പി. ആർ.ജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘം വ്യാപകമായ തിരച്ചിൽ നടത്തി. ഇത്രയും ഊർജ്ജിതമായി ഒരേ സമയം വിവിധ സംസ്ഥാനങ്ങളിൽ തെരച്ചിൽ നടത്തുന്നത് സംസ്ഥാന പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. അത്രയും കൃത്യമായ ചുവടു വയ്പുകൾ തന്നെയാണ് ആന്റണിയെ കുടുക്കിയത്. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണിതെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ ക്രൈം ബ്രാഞ്ച് എ. സി. പി. ആർ.ജയശങ്കർ ട്വൻറിഫോർ ന്യൂസിനോട് പറഞ്ഞു.
കൊലപാതകത്തിനുശേഷം വാനില്‍ രക്ഷപ്പെട്ട ആട് ആന്റണിയെ പിന്തുടര്‍ന്ന വര്‍ക്കല അയിരൂര്‍ സ്റ്റേഷനിലെ പോലീസുകാരായ ഷംസുദ്ദീനും സജീവനും കാട്ടിയ മനോധൈര്യം പ്രശംസനീയമാണ്. വാന്‍ ഉപേക്ഷിച്ച് ആന്റണി കടന്നുകളയാന്‍ നിര്‍ബന്ധിതനായത് ഇവരുടെ സമയോചിതമായ ഇടപെടല്‍കൊണ്ടായിരുന്നു. കേസില്‍ ഈ വാന്‍ പ്രധാന തെളിവായി. വാനിന്റെ മുൻ ഉടമയെ അടക്കം അഞ്ചു സാക്ഷികളെ ചെന്നൈയിൽ നിന്നും കൊണ്ട് വന്നതും കേസന്വേഷണത്തിന്റെ മികവാണ്. വാൻ കേസിലെ നിർണായക തെളിവായിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക സംഘം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചത് പ്രോസിക്യൂഷന് ഏറെ സഹായകമായതായി സ്‌പെഷ്യൽ പ്രോസിക്കൂട്ടർ അഡ്വ. ജി. മോഹൻ രാജ് ട്വൻറിഫോർ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ മാരകമായി പരിക്കേറ്റ പാരിപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആയിരുന്ന കെ.ജോയിയുടെ മൊഴി കേസിൽ നിർണായകമായി. പൊതു ജനം ഉറങ്ങുമ്പോഴും നമ്മളറിയാതെ നമ്മുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്ന പോലീസ്സുകാർക്കുള്ള ഒരു സലൂട് ആണ് കേസിന്റെ വിജയമെന്ന് മോഹൻരാജ് കൂട്ടിച്ചേർത്തു.
രാത്രി പെട്രോളിങ്ങിനിടെയാണ് ആന്റണിയെ മണിയൻ പിള്ളയും ജോയിയും ചേർന്ന് പിടികൂടിയത്. ആന്റണിയെ കയറ്റിയ ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടെ കൈയിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് മണിയൻ പിള്ളയുടെ നെഞ്ചത്തും പിന്നിലും ആന്റണി കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന ജോയിയെ വയറ്റത്ത് മൂന്നുതവണ കുത്തിയശേഷം ജീപ്പിൽ നിന്ന് ചാടിയ ആന്റണി തന്റെ വാനിൽ രക്ഷപ്പെട്ടു. മണിയൻ പിള്ളയെ ചാത്തന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അരമണിക്കൂറിനകം തന്നെ മരിച്ചു. മൂന്നു കുത്ത് വയറിനേറ്റ ജോയി രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here