കോടതി വളപ്പിലെ സംഘർഷ സാധ്യത; ആട് ആന്റണിയെ കോടതിയിൽ ഹാജരാക്കില്ല

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കോടതിയിൽ കൊണ്ടുവരുന്നതിൽ സുരക്ഷാ പ്രശ്‌നമുണ്ടെന്ന് കാണിച്ച് പൊലീസ് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നൽകി. ശിക്ഷാ വിധി നാളത്തേക്ക് മാറ്റാനാണ് സാധ്യത.
2012 ജൂൺ 26 ന് പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തുകയും എ എസ് ഐയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ആട് ആന്റണി കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ചിരുന്നു. മാധ്യമ പ്രവർത്തകർ കോടതിയിൽ പ്രവേശിക്കുന്നത് തടഞ്ഞാൽ സംഘർഷമുണ്ടാകുമെന്നും ആട് ആൻറണി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഇൻറലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സിറ്റി പൊലീസ് കമീഷണർ സ്‌പെഷൽ പബ്‌ളിക്ക് പ്രൊസിക്യൂട്ടർ മോഹൻ രാജുമായി നടത്തിയ ചർച്ചയിലാണ് പ്രതിയെ ഹാജരാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
കൊല്ലം പാരിപ്പള്ളിയിൽ മോഷണം നടത്തിയ ശേഷം വാനിൽ വന്ന ആട് ആൻറണിയെ എ.എസ്.ഐ ജോയി പൊലീസ് ഡ്രൈവർ മണിയൻപിള്ള എന്നിവർ ചേർന്ന് തടയവെ വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആൻറണി ജോയിയേയും മണിയൻപിള്ളയെയും കുത്തുകയായിരുന്നു. മണിയൻപിള്ള തൽക്ഷണം മരിച്ചു. ജോയി പരുക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ പൊലീസ് പിൻതുടർന്നതിനാൽ വാൻ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ആൻറണി. കൊല നടത്തി രക്ഷപ്പെട്ട ഇയാളെ പിന്നെ പിടികൂടിയത് മൂന്നരവർഷത്തിന് ശേഷം പാലക്കാട്ടെ ഗോപാലപുരത്ത് വെച്ചായിരുന്നു. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവ ദിവസം താൻ കേരളത്തിലില്ലായിരുന്നു എന്നായിരുന്നു ആട് ആൻറണിയുടെ വാദം. ഈ ദിവസം ഗ്യാസ് കണക്ഷന് വേണ്ടി അപേക്ഷ നൽകിയത് ചൂണ്ടിക്കാണിച്ചാണ് ഈ വാദത്തെ പ്രോസിക്യൂഷൻ പൊളിച്ചത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്.ഐ ജോയി കേസിൽ നിർണായക സാക്ഷിയായിരുന്നു.