Advertisement

ഇതോ സദാചാരം!!!

July 24, 2016
Google News 2 minutes Read

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഡൈനിംഗ് ഹാൾ നിർമ്മിച്ച് വിവാദത്തിലായ ചങ്ങനാശ്ശേരി എസ് ബി കോളേജിനെതിരെ വിദ്യാർഥി സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങൾ ശക്തമാകുന്നു. കോളേജിലെ സദാചാര ക്ലാസ്സുകളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പൂർവ്വവിദ്യാർഥികൾ പ്രതികരിക്കുന്നത്.

സ്വയംഭരണസംവിധാനം നിലവിലുള്ളതിനാൽ കാമ്പസിനകത്ത് മൗനം പാലിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. ആൺപെൺ സൗഹൃദങ്ങളെ പോലും വിലക്കുന്ന തരത്തിലേക്ക് കോളേജ് മാനേജ്‌മെന്റ് ഇടപെടൽ നടത്തുന്നതായി വിദ്യാർഥികളിൽ പലരും സമ്മതിക്കുന്നുണ്ടെങ്കിലും ഭാവിപഠനം അവതാളത്തിലാകുമെന്ന പേടിയിൽ പ്രതികരിക്കാൻ പോലും പേടിയാണെന്ന് ഇവർ പറയുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് കണ്ടാൽ കോളേജ് സെക്യൂരിറ്റി വന്ന് ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എംപി ഫണ്ട് ഉപയോഗിച്ച് കാമ്പസിൽ നിർമ്മിച്ച ഡൈനിംഗ് ഹാളിലും ലിംഗവിവേചനമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന വാർത്ത പുറത്തുവന്നത്.

12794421_998955706857949_108865497062118915_nകോളേജിൽ മാനേജ്‌മെന്റ് നടത്തുന്ന സദാചാരക്ലാസ്സുകളെക്കുറിച്ച് പൂർവ്വവിദ്യാർഥിയായ റോജിൻ ജോബിയുടെ തുറന്നെഴുത്ത് പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

റോജിൻ എഴുതുന്നു…..

”എസ് ബി കോളേജിനെ ചുറ്റിപ്പറ്റി ചില ഓൺലൈൻ ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്ത അവകാശ നിഷേധത്തിന്റെയും, സദാചാര പോലീസിങ്ങിന്റെയും വാർത്തകൾ മാനേജ്മെന്റിന്റെ പിന്തിരിപ്പൻ നയങ്ങളിൽ പുറത്തുവന്ന ഒറ്റപ്പെട്ട സംഭവമാണ്. മാനേജ്മെൻറ് കോളേജുകളിൽ, പ്രത്യേകിച്ച് സ്വയംഭരണത്തിന്റെ കാലത്ത് എന്തൊക്കെ നടത്തപ്പെടുന്നു എന്നതിനെക്കുറിച്ച് സമൂഹം കൂടുതൽ ജാഗ്രത കാട്ടണമെന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു. JNU, HCU, EFLU പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുവരുന്ന അവകാശനിഷേധങ്ങളോട് ഇവയും ചേർത്ത് വച്ച് വളരെ ഗൗരവതരമായ ചർച്ചകൾക്ക് തുടക്കമിടേണ്ടതുണ്ട്.SB കോളേജിൽ മാനേജ്മെന്റ് നടത്തുന്ന സദാചാര ക്ലാസ്സുകളെക്കുറിച്ചാണ് ഈ എഴുത്ത്.

പലരും പലപ്പോഴായി ഫേസ്ബുക്ക് കുറിപ്പുകളിൽ വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ഇത് ഒരിക്കലും മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കോളേജിനുള്ളിൽ സ്റ്റൈലൻ ഒരു പള്ളി പണിഞ്ഞുവച്ചിട്ട് പിള്ളേരെ സദാചാരം പഠിപ്പിച്ചില്ലെങ്കിൽ എന്ത് നേട്ടം എന്നുള്ള മട്ടിലാണ് കാര്യങ്ങൾ.

 

13680492_1096662147087304_2263725415988584854_nഅദ്ധ്യാപകരുടെ ഒരു സദാചാര കമ്മറ്റി രൂപീകരിച്ച് പാഠപുസ്തകങ്ങൾ കെട്ടിചമച്ച് തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ പിരിയഡുകൾക്ക് സമയമുണ്ടാക്കി ‘കുഞ്ഞാടുകളെ’ നല്ലവഴിതെളിക്കാനുള്ള മാനേജ്മെന്റ് വ്യഗ്രത കാലഹരണപ്പെട്ട മൂല്യങ്ങളിലാണ് അടിത്തറയിട്ടിരിക്കുന്നത്. ആഴമുള്ള ചിന്തകളിലേക്കും അറിവനുഭൂതികളിലേക്കും വിദ്യാർത്ഥികൾ പടർന്നുപോകേണ്ട കോളേജ് കാലത്ത് ശരി തെറ്റുകളുടെ ക്രിസ്ത്യൻ ബൈനറി പഠിപ്പിക്കലാണ് ഈ ക്ലാസ് റൂമുകളിൽ നടക്കുന്നത്. ഗവൺമെന്റുകളും, പൊതുസമൂഹവും എന്തിന് യാഥാസ്ഥികമെന്ന് ചീത്തപ്പേരുള്ള ക്രിസ്ത്യൻ സഭയുടെ തലവൻ (ഫ്രാൻസിസ് മാർപാപ്പ ) പോലും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത ലൈംഗിക അഭിരുചിയുള്ളവരെ അംഗീകരിച്ച് തുടങ്ങിയിട്ടും എസ് ബി കോളേജിൽ ഇവ പ്രകൃതിവിരുദ്ധവും, ലൈംഗിക അരാജകത്വവുമാണ്. ഇത്തരത്തിലുള്ള പാഠ്യപദ്ധതികൾ/വിഷപ്രയോഗം തടയാൻ സാക്ഷരസമൂഹത്തിനാവുന്നില്ല എന്നതാണ് അപലപനീയം. പ്രണയത്തെയും സൗഹൃദത്തെയും വളച്ചൊടിച്ച് വിദ്യാർത്ഥികളുടെ മനസ്സിൽ പാപഭാരം കുത്തി നിറയ്ക്കാനുള്ള ‘ദൈവിക’ അജണ്ട ഒരെതിർപ്പും കൂടാതെ നടപ്പിലാക്കപ്പെടുന്നു.13731743_1096661763754009_5975281550929778040_n

സദാചാര ക്ലാസ്സിൽ കയറാത്തവരെ അറ്റൻഡൻസ് ഷോർട്ടേജിൽ കുരുക്കാൻ അധികൃതർ കൃത്യമായി വലകളൊരുക്കിയിരിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ചും വിശ്വാസങ്ങളെപ്പറ്റിയും യുവാക്കൾ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുന്ന കാലത്ത് അവരെ മതത്തിന്റെയും, കപടമായ ആത്മീയതയുടെയും പരിമിതവൃത്തത്തിലേക്ക് ഒതുക്കാനാണ് ഈ ക്ലാസ്മുറികൾ ഉപയോഗപ്പെടുത്തുന്നത്.

ദൈവം, ലൈംഗികത, ശരീരം, പ്രണയം , ആൺ-പെൺ സൗഹൃദം തുടങ്ങിയവയെപ്പറ്റി ഏകപക്ഷീയവും സങ്കുചിതവുമായ പാഠങ്ങളാണ് പകർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നത്.

രാഷ്ട്രീയ പ്രവർത്തനം നിരോധിക്കപ്പെട്ടിരിക്കുന്ന ക്യാംപസിലാണ് ജീസസ് യൂത്തെന്ന ക്രിസ്ത്യൻ മത സംഘടന സ്വതന്ത്ര്യമായി പ്രവർത്തിക്കുന്നത്. അങ്ങനെ ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന സംഘടനയ്ക്ക് പ്രവർത്തനാനുമതി കൊടുക്കുമ്പോൾ മറ്റ് ജാതിമതരാഷ്ട്രീയ സംഘടനകൾക്കും ക്യാംപസിൽ പ്രവർത്തിക്കാൻ അനുമതി നൽകേണ്ടതല്ലേെ ?

ഇതുപോലെ നൂറുചോദ്യങ്ങൾ നമ്മുടെ കലാലയങ്ങളിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്.
എസ് ബിയിലെ ഡൈനിങ് ഹാൾ വിവേചനത്തിനെതിരെയുള്ള സമരം ഉന്നതവിദ്യാഭ്യാസരംഗത്തെ ഇരുണ്ട ഇടനാഴികളെ വെളിച്ചത്ത് കൊണ്ടുവരട്ടെ.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here