നർസിംഗിനെ കുടുക്കിയത് തന്നെ???
റിയോ ഒളിമ്പിക്‌സിൽ 74 കിലോഗ്രാം ഗുസ്തി ഇനത്തിൽ നർസിംഗ് യാദവിനു പകരം പ്രവീൺ റാണ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കും. ഉത്തേജകമരുന്ന് പരിശോധനയിൽ നർസിംഗ് പരാജയപ്പെട്ടതോടെയാണ് പ്രവീൺ റാണയ്ക്ക് നറുക്ക് വീണത്.
അതേസമയം,ഭക്ഷണത്തിൽ ഉത്തേജകമരുന്ന് കലർത്തി തന്നെ കുടുക്കിയത് ഒരു ദേശീയ താരത്തിന്റെ അനുജനാണെന്ന നർസിംഗിന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് സൂചന ലഭിച്ചു. 17കാരനായ ഒരു ജൂനിയർ ഗുസ്തി താരമാണ് നിരോധിതമരുന്ന് തന്റെ ഭക്ഷണത്തിൽ കലർത്തിയതെന്നായിരുന്നു നർസിംഗിന്റെ ആരോപണം. തനിക്കെതിരെ ഇത്തരം ഗൂഢാലോചന നടക്കുന്നുണ്ടെന്ന സംശയംനർസിംഗിന് നേരത്തെയുണ്ടായിരുന്നു.ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായി ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സുശീൽകുമാറിനെ തഴഞ്ഞായിരുന്നു നർസിംഗിനെ ഒളിമ്പിക്‌സിന് അയയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ,നാഡയുടെ പരിശോധനയിൽ നർസിംഗ് ഉത്തേജകമരുന്ന ഉപയോഗിച്ചതായി കണ്ടെത്തുകയും അയോഗ്യനാക്കുകയുമായിരുന്നു.നർസിംഗിനെതിരെ ഗൂഢാലോചന നടന്നെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നർസിംഗ് ഉന്നയിച്ചിട്ടുണ്ട്. പിന്തുണയുമായി ഇന്ത്യൻ ബോക്‌സിംഗ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here