Advertisement

അയ്യപ്പൻറെ ദുരൂഹ മരണം; കുറ്റവാളികൾ ആര് ?

July 31, 2016
Google News 1 minute Read

ചക്കിയും ഇന്ദിരയും നമുക്ക് മുന്നിൽ ചോദ്യമുയർത്തുകയാണ്. അവർക്കു വേണ്ടത് നീതി! ഏറെ നാളുകളായി അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നതും അത് തന്നെ. ചക്കിയുടെ മകനും ഇന്ദിരയുടെ ഭർത്താവുമായ അയ്യപ്പൻ മരണപ്പെട്ടതോടെ തീർത്തും അനാഥരാണിവർ. ഈ രണ്ടു സ്ത്രീകൾക്ക് മാത്രമല്ല മൂന്നു പെൺ മക്കളുടെ അച്ഛൻ കൂടിയായിരുന്നു അയ്യപ്പൻ. സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ച് ഏറെ ആവലാതിപ്പെടുന്ന കേരളമെന്ന സാംസ്കാരിക ഭൂമിയിലാണ് അഞ്ചു സ്ത്രീ ജീവിതങ്ങൾ നീതിയ്ക്കായി കൈ നീട്ടി യാചിക്കുന്നത്.

1

മലപ്പുറം എടവണ്ണ പത്തപ്പിരിയത്തു നെല്ലാനിയിൽ കീർത്തിയിൽ അയ്യപ്പൻറെ ജീവനറ്റ ശരീരം പ്രദേശത്തെ ഒരു കിണറിലായിരുന്നു കണ്ടെത്തിയത്. എടവണ്ണയിൽ തന്നെയുള്ള ലത്തീഫിന്റെ വീട്ടുവളപ്പിലെ കിണറിലായിരുന്നു അത്. രാവിലെ കിണറിൽ ഒരു ടോർച് കത്തി നിന്ന നിലയിൽ ആദ്യം കണ്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അയ്യപ്പൻറെ ശരീരം കണ്ടെത്തുന്നത്. അയ്യപ്പൻറെ മരണം പ്രദേശത്ത് ആശങ്ക വിതച്ചു. ജനങ്ങളിൽ ചിലരെങ്കിലും ഭയന്ന് വിറച്ചു; ബന്ധുക്കൾ നിരാലംബരായി ! എന്ത് കൊണ്ട് അയ്യപ്പൻറെ മരണം ഒരു ആത്മഹത്യ ആകാമെന്ന് ജനങ്ങൾ ചിന്തിച്ചില്ല ? എന്ത് കൊണ്ട് ഭയം ആ ഗ്രാമത്തെ ചൂഴ്ന്നു നിന്നു ? ഒരൊറ്റ ദിവസം പിന്നോട്ട് പോയാൽ തന്നെ ഞങ്ങളുടെ ആശങ്കയുടെയും അയ്യപ്പൻറെ മരണത്തിന്റെയും കാരണം അറിയാം ?

എടവണ്ണയിൽ നടന്നതെന്ത് ? ഫ്‌ളവേഴ്‌സ്  ‘ശേഷം’ അന്വേഷിക്കുന്നു. സംപ്രേക്ഷണം ഇന്ന് രാത്രി 9 മണിക്ക്. 

തലേന്ന് ലത്തീഫിന്റെ വീടിനടുത്തുള്ള വായനശാല ജങ്ക്ഷൻ

ഏറെക്കാലമായി ഈ നാടിന്റെ സ്വസ്ഥതയിലേക്ക് വില്ലനായി കടന്നു വന്ന ഒരു ക്രഷർ യൂണിറ്റും അതിന്റെ പുതിയ ചില പദ്ധതികളും ചെറുക്കുക എന്ന ലക്ഷ്യവുമായി നാട്ടുകാർ വായനശാല ജങ്ക്ഷനിൽ തടിച്ചു കൂടി. പുരുഷന്മാർ, സ്ത്രീകൾ , കുട്ടികൾ , വൃദ്ധർ തുടങ്ങി നാട് മുഴുവൻ ഒരു പോരാട്ടത്തിന് തയ്യാറായി. ഡൈനാമിറ്റുകളുടെ കാതടപ്പിക്കുന്ന ശബ്ദം കേൾവിയെപ്പോലും ബാധിച്ചു തുടങ്ങിയ പുതിയ തലമുറ , പാറപ്പൊടിയിൽ നിന്നുള്ള റേഡിയേഷൻ കാൻസർ രോഗം സമ്മാനിച്ച വൃദ്ധർ , ഗർഭപാത്രങ്ങൾക്ക് പോലും പോറലേറ്റ യുവതികൾ … സായുധ പോരാട്ടത്തിന് വന്ന വിപ്ലവകാരികളല്ല , അവശരായ ഇരകളുടെ ഒരു കൂട്ടമായിരുന്നു അത്. കാലങ്ങളായി കൈയൂക്കും സ്വാധീനവും കൊണ്ട് തങ്ങളെ ഞെക്കി ഞെരുക്കിയ ക്രഷർ യൂണിറ്റ് ഉടമകൾ പുതുതായി ആരംഭിക്കുവാൻ പോകുന്ന ടാർ മിക്സിങ് യൂണിറ്റിലേക്കുള്ള യന്ത്രവും മറ്റും കൊണ്ടുവരുന്ന ദിവസമായിരുന്നു അത്. തടയണം ! അതായിരുന്നു അവരുടെ ലക്‌ഷ്യം. ജനകീയ സമരത്തിന്റെ പതിവ് വീറും വാശിയും ദൗർബല്യവും അവിടെയുണ്ടായിരുന്നു.

2

യന്ത്രവുമായി ലോറി വന്നു; കാവലായി പോലീസിന്റെ സൈന്യവും

ജനകീയ സമരത്തിനിടയിലൂടെ ഒരു ലോറി എങ്ങനെ കടന്നു പോകും ? കടത്തി വിടാൻ കളക്ടറും ഉന്നത പോലീസ് മേധാവികളും നിർദേശിച്ചിരിക്കുന്നു. ആജ്ഞകൾ അനുസരിക്കുന്ന സി. ഐ. കെ പി ബാബു ഒരു സൈന്യത്തെ തന്നെ തയ്യാറാക്കി. പോലീസിനെ കണ്ടതും ജനങ്ങൾ തങ്ങളുടെ ധൈര്യം മുഴുവൻ സംഭരിച്ചു വച്ചു. എന്തോ ഒന്ന് നടക്കാൻ പോകുന്നുവെന്നു അവർ മനസിലാക്കി. സമരത്തിലെവിടെയോ ഒരു പോരാളിയായി അയ്യപ്പനും ഉണ്ടായിരുന്നു. ജനകീയ സമര സമിതി അവിടെ സ്ഥാപിച്ചിരുന്ന മൈക്രോഫോണിലൂടെ പ്രധിഷേധ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടേയിരുന്നു. കെ പി ബാബു അവിടം മുതൽ തന്നെ തന്റെ ഔദ്യോഗിക കൃത്യ നിർവഹണം തുടങ്ങി. പ്രധിഷേധക്കാർക്കിടയിലേക്കു ചാടി വീണ ബാബു തന്റെ അധികാരം അവിടെ അഴിച്ചു കുടഞ്ഞു. മൈക്കിന്റെ വയർ പറിച്ചെടുത്ത് നിലത്തെറിഞ്ഞു. ഉന്തും തള്ളുമായി. ചെറുത്തു നിന്നവർക്ക് നേരെ ലാത്തി വീശി.

3

അപ്പോഴേക്കും യന്ത്രങ്ങളുടെ ലോറി എത്തി. ലോറിക്ക് മുന്നിലേക്ക് നാട്ടുകാർ മതില് തീർത്തു. മതിൽ തകർത്ത് പോലീസ് ലാത്തി വീശി. ഓരോ തവണ ലാത്തി ഉയർന്നു താഴുമ്പോഴും അവശരായ വൃദ്ധരും രോഗം തളർത്തിയ ഗ്രാമവാസികൾ ആകെയും വീണു കൊണ്ടിരുന്നു. നിലവിളികൾക്കിടയിലൂടെ ക്രഷർ മുതലാളിയുടെ പുതിയ ടാർ മിക്സിങ് യൂണിറ്റിന്റെ യന്ത്രം വഹിച്ചുകൊണ്ടുള്ള ലോറി കടന്നു പോയി. സമരക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും തല്ലി. ലോറി കടന്നു പോയിട്ടും കലി അടങ്ങിയില്ല എന്ന് സമര സമിതി നേതാക്കളും നാട്ടുകാരും ഇന്നും പറയുന്നു. ഇതിനിടയിൽ അയ്യപ്പനെ ആരും അന്വേഷിച്ചില്ല. ചിതറിയോടിയവരുടെ കൂട്ടത്തിലോ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലോ ഉണ്ടാകുമെന്ന് ബന്ധുക്കളും കരുതി.

അയ്യപ്പൻറെ ഒരു ഫോൺ കാൾ

ഏറെ വൈകിയും കാണാതായതോടെ അയ്യപ്പനെ വീട്ടുകാർ തിരഞ്ഞു തുടങ്ങി. അപ്പോഴാണ് അയ്യപ്പൻറെ ഒരു ഫോൺ കാൾ വന്നത്. “ഞാൻ ഉടനെ എത്തും … വരുന്ന വഴിയാ …” ആ വിളിയുടെ ചുരുക്കം ഇതായിരുന്നു. പക്ഷെ അന്ന് രാത്രി അയ്യപ്പൻ വന്നില്ല. രാത്രി വിളിച്ച ശേഷം അയ്യപ്പന് എന്താണ് സംഭവിച്ചത് ?

എടവണ്ണയിൽ നടന്നതെന്ത് ? ഫ്‌ളവേഴ്‌സ്  ‘ശേഷം’ അന്വേഷിക്കുന്നു. സംപ്രേക്ഷണം ഇന്ന് രാത്രി 9 മണിക്ക്. 

ലത്തീഫിന്റെ വീട്ടിലെ കിണറിൽ മൃതദേഹം

6

ആദ്യം കത്തിനിന്ന ഒരു ടോർച് കിണറിൽ കണ്ടു. പിന്നെ ചേതനയറ്റ അയ്യപ്പനെയും. രാവിലെ 7 മണി. 9 മണി കഴിഞ്ഞിട്ടും പോലീസ് എത്തിയില്ലന്നാരോപിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ അടക്കമുള്ള സംഘം വന്നു; പോലീസിന്റെ സമുന്നത ഉദ്യോഗസ്ഥർ പലരും എത്തി. 12 മണിയോടെ സബ്കലക്ടർ നേരിട്ട് ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം പുറത്തെടുത്തു. സമരത്തിനിടെ ലാത്തിയടിയേറ്റ്‌ ചിതറിയോടിയപ്പോൾ അബദ്ധത്തിൽ കിണറിലേക്ക് വീണതാണ് അയ്യപ്പനെന്ന് ആദ്യ നിഗമനം എത്തി.

മരണം ദുരൂഹമാകുന്നു

പുറത്തെടുത്ത അയ്യപ്പന്റെ ശരീരത്തിൽ രണ്ടു പാടുകൾ ഉണ്ടായിരുന്നു. നെറ്റിയിലും പാദത്തിനടിയിൽ വെള്ളയിലുമായായിരുന്നു ആ രണ്ടു പാടുകൾ. അതോടെ വിഷയത്തിൽ പൊതുജനത്തിന് സംശയങ്ങൾ വർദ്ധിച്ചു. ഇത് സംബന്ധിച്ചു അന്ന് അധികാരികൾ നൽകിയ ഉറപ്പുകളൊന്നും നടപ്പിലായില്ല.
ദുരൂഹമായ ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുകയാണ് അയ്യപ്പന്റെ മരണം.

രാത്രിയിൽ വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞ അയ്യപ്പൻ എങ്ങനെയാണ് അറിയാതെ കിണറിൽ വീണത് ?
ടോർച്ച് ഒരു രാത്രി മുഴുവനും കിണറിൽ കത്തിക്കിടക്കുമോ ?
അയ്യപ്പന്റെ കാലിന്റെ അടിയിലും നെറ്റിയിലും അടികൊണ്ടു ചതഞ്ഞ പാടുകൾ ഉണ്ടായിരുന്നു. അതെങ്ങനെ ?
വെള്ളം അകത്തു ചെന്നുള്ള മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുമില്ല എന്നിരിക്കെ അന്വേഷണങ്ങൾ നിലച്ചു പോയതെന്ത് ?

നീതി തേടി അഞ്ചു സ്ത്രീ ജീവിതങ്ങൾ സമൂഹത്തിന് മുന്നിൽ കൈ നീട്ടി നിൽക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here