”വനിതകളോട് മത്സരിക്കാൻ വനിത മതി”

ലിംഗനിർണയവിവാദത്തിൽ കുടുങ്ങി കരിയർ അവസാനിപ്പിക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ഓട്ടക്കാരിയാണ് ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ. സാധാരണ സ്ത്രീകളിൽ കാണുന്നതിൽ കൂടുതൽ അളവിൽ പുരുഷ ഹോർമോൺ സെമന്യയുടെ ശരീരത്തിൽ കണ്ടെത്തിയതായിരുന്നു വിവാദങ്ങൾക്കും തുടർന്ന് മത്സരങ്ങളിൽ നിന്നുള്ള വിലക്കിലേക്കും സെമന്യയെ എത്തിച്ചത്.തുടർന്ന് ദക്ഷിണാഫ്രിക്കൻ അത്ലറ്റിക് ഫെഡറേഷന്റെ പിന്തുണയോടെ സെമന്യക്ക് മത്സരരംഗത്തേക്ക് തിരിച്ചെത്താനായി. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് ശരീരത്തിൽ കൂടുതലുള്ള വനിതാ താരങ്ങൾ അവയുടെ സാന്നിധ്യം മരുന്നുപയോഗിച്ച് കുറയ്ക്കണമെന്ന് ഒളിംപിക്സ് നിയമാവലിയിൽ ചട്ടമുണ്ടായിരുന്നു. എന്നാൽ,ഇത് കഴിഞ്ഞ വർഷം എടുത്തുകളഞ്ഞതോടെ സെമന്യ റിയോ ഒളിംപിക്സിൽ മത്സരിക്കുമെന്നുറപ്പായി.
പക്ഷേ,അതോടൊപ്പം വിവാദങ്ങളും കൊഴുത്തു. സെമന്യ മെഡൽപ്രതീക്ഷ ഉയർത്തുന്നു എന്നതുകൊണ്ടുതന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകളും ഉയരുകയാണ്. മികച്ച ഫോമിലുള്ള താരം മറ്റ് താരങ്ങൾക്ക് കടുത്ത ഭീഷണി തന്നെയാണ്.ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളും സെമന്യ കാഴ്ചവച്ചിട്ടുണ്ട്.
വനിതകൾക്ക് എതിരെ വനിതകൾ മാത്രം മത്സരിച്ചാൽ മതിയെന്ന അഭിപ്രായവുമായി പി ടി ഉഷയും രംഗത്തെത്തിക്കഴിഞ്ഞു.സെമന്യയെ പോലെയുള്ളവർ മത്സരിക്കുന്നത് മറ്റ് വനിതാ താരങ്ങളോട് കാട്ടുന്ന അനീതിയാണെന്നാണ് ഉഷയുടെ അഭിപ്രായം.
ലോകമെമ്പാടും നിന്ന് തനിക്കെതിരെ ഉയരുന്ന മുറവിളികളൊന്നും കാസ്റ്റർ സെമന്യയെ നിരുത്സാഹപ്പെടുത്തുന്നില്ല. മത്സരങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ച് പരിശീലനത്തിലാണവർ. 2009ൽ 18ാം വയസ്സിൽ, ബെർലിൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് സെമന്യയുടെ പേര് ലോകം ശ്രദ്ധിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here