സ്വാതന്ത്ര്യം അനുഭവിക്കാൻ ഓഗസ്റ്റ് 15 ന് പ്രതിഷേധവുമായി ദളിതർ

ഗുജറാത്തിലെ ദളിത് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധമായി ഓഗസ്റ്റ് 15 ന് ഉനയിൽ ദളിതർ ഒത്തു ചേരുമെന്ന് ഗുജറാത്തിലെ ദളിത് നേതാക്കൾ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിനും ഓഗസ്റ്റ് 15 നുമിടയിൽ അഹമ്മദാബാദിൽനിന്ന് ഉന വരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കൾ  അറിയിച്ചു.

” സ്വാതന്ത്രം കാണാനും അനുഭവിക്കാനുമാണ് ഞങ്ങളുടെ ഒത്തു ചേരൽ  ” 

– ദളിത് നേതാക്കൾ

ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്ന ജോലിയും അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന ജോലിയും ദളിതർ ഇനി ചെയ്യരുതെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു കഴിഞ്ഞു.

ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തിലെ ഉനയിൽ നാല് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അഹമ്മദാബാധിൽ കഴിഞ്ഞ ദിവസം നടന്ന ദളിത് മഹാറാലിയിൽ 12000 ലേറെ പേരാണ് പങ്കെടുത്തത്.

ഗുജറാത്തിലെ ദളിതർ നേരിടുന്ന നിയമപരവും ഭരണഘടനാപരമായ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്ന് റാലി കൺവീനർ ജിഗ്‌നേഷ് വെവാനി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

” ദളിതരുടെ വിചാരണയിലും ദളിതരുടെ ഉന്മൂലനത്തിനുമാണ്’ ഈ സർക്കാർ വിശ്വസിക്കുന്നത്…

രാജ്‌നാഥ് ജിയോട് ഞാൻ ചോദിക്കാനാഗ്രഹിക്കുന്നു. മോദി ഗുജറാത്ത് ഭരിക്കുന്ന കാലത്ത് അദ്ദേഹം അതിക്രമം നേരിട്ട ഏതെങ്കിലുമൊരു ദളിത് കുടുംബത്തെ സന്ദർശിച്ചിട്ടുണ്ടോ? ഇതിനുള്ള മറുപടി അതെ എന്നാണെങ്കിൽ ഞങ്ങൾ ഈ പ്രതിഷേധമൊക്കെ അവസാനിപ്പിക്കാം ”  

– ജിഗ്‌നേഷ് വെവാനി

ദളിത് മുസ്‌ലിം ഐക്യസന്ദേശം നൽകി ഒരു സംഘം മുസ്‌ലിം യുവാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top