മനസ്സിൽ സിനിമ മാത്രമായി ജീവിച്ച രാജൻ ശങ്കരാടിയ്ക്ക് വിട

രാജൻ ശങ്കരാടി എന്ന പേര് ഓർക്കാൻ മലയാളികൾക്ക് മീനത്തിൽ താലികെട്ട് എന്ന ഒറ്റ ചിത്രം മതിയാകും. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിലെ രംഗങ്ങളും സംഭാഷണങ്ങളും അത്രമേൽ മലയാളികൾക്കിടയിൽ ചിരപരിചിതമാണ്. മീനത്തിൽ താലികെട്ട് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും രാജൻ ശങ്കരാടി എന്ന സംവിധായകൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്ന് സംശയം.

സംവിധായകൻ ബാലചന്ദ്രമേനോന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി’യിൽ സംവിധാന സഹായിയായാണ് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ബാലചന്ദ്രമേനോന്റെ തന്നെ 20 ഓളം ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചു.

ബാലചന്ദ്ര മേനോന്റെ തന്നെ എന്റെ അമ്മു നിന്റെ ചക്കി അവരുടെ തുളസി എന്ന വിജയ ചിത്രത്തിനു ശേഷം രാജഗോപാൽ രാജൻ ശങ്കരാടിയായി. അമ്മാവൻ ശങ്കരാടി തന്നെയാണ് ഈ പേരിട്ടതും.

സ്‌കൂൾ നാടകങ്ങളിൽ നായകനായെത്തിയ രാജൻ എന്നാൽ വെള്ളിവെളിച്ചത്തിലേ ക്കെത്തിയപ്പോൾ സംവിധായകനായി. അതിലുപരി സിനിമയെ ജീവനോളം സ്‌നേഹി ച്ച സിനിമാക്കാരനായി.

സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം ഗുരുജി ഒരു വാക്ക് ആയിരുന്നു. 1985 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് 1997 ൽ മീനത്തിൽ താലികെട്ടും 2011ൽ ക്ലിയോപാട്രയും രാജൻ ശങ്കരാടിയുടേതായി പുറത്തിറങ്ങി.

ബാലചന്ദ്ര മേനോന്റെ നിർമ്മാണ വിതരണ കമ്പനിക്കൊപ്പം രാജനുമുണ്ടായിരുന്നു. എന്നാൽ സഹസംവിധായകനായി തന്നെ തുടരേണ്ടി വരുന്നതിനാൽ അവിടെ നിന്നു മിറങ്ങി. പിന്നീടാണ് മീനത്തിൽ താലികെട്ട് സംവിധാനം ചെയ്യുന്നത്.

ജോഷി, സിബി മലയിൽ തുടങ്ങിയവരുടേയും സംവിധാന സഹായിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ജോഷിക്കൊപ്പം ട്വന്റി-20 അടക്കം 20ലേറെ ചിത്രങ്ങൾ.

2008 ൽ പുറത്തിറങ്ങിയ തെമ്മാടിപ്രാവും രാജൻ ശങ്കരാടിയുടെതാണ്. ക്ലിയോപാട്രയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുമ്പോൾ അദ്ദേഹത്തിന് 63 വയസ്സായിരുന്നു. ഉഷയാണ് ഭാര്യ, മകൾ പാർവ്വതി. മനസ്സിൽ സിനിമയുമായി ജീവിച്ച കലാകാരന് ട്വന്റിഫോർ ന്യൂസിന്റെ വിട.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top