ബലാത്സംഗ വീഡിയോകൾ വിൽപനയ്ക്ക്!!

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കും ബലാത്സംഗങ്ങൾക്കും കുപ്രസിദ്ധി നേടിയ നാടാണ് ഉത്തർപ്രദേശ്. നിരവധി പീഡന വാർത്തകളാണ് ദിവസം തോറും ഇവിടെനിന്ന് പുറത്തുവരുന്നത്.എന്നാൽ,ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന വാർത്ത മനുഷ്യമനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്.
ബലാത്സംഗ വീഡിയോകൾക്ക് ഇവിടെ വൻ ഡിമാന്റാണ് പോലും. കുറ്റവാളികളിൽ പലരും തങ്ങളുടെ ക്രൂരത വീഡിയോയിൽ പകർത്താറുണ്ട് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ,അത് ഇത്ര വലിയ ഒരു വിപണിസാധ്യതയിലേക്ക് നീങ്ങുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. 50 മതൽ 150 രൂപ വരെ നിരക്കിലാണ് ഇത്തരം വീഡിയോകൾ വിൽക്കപ്പെടുന്നത്.വിശ്വസ്തരായവർക്ക് സ്മാർട്‌ഫോണിലും പെൻഡ്രൈവിലും വീഡിയോ സ്‌റ്റോർ ചെയ്ത് നല്കും.
പോലീസ് സ്‌റ്റേഷനുകൾ,സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപവും വീഡിയോകളുടെ വില്പന സജീവമാണെന്നും ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.ബലാത്സംഗവീഡിയോകൾ കണ്ടുവളരുന്ന പുതുതലമുറയും ഇത്തരം നീചകൃത്യങ്ങളിൽ ആകൃഷ്ടരായി അതേവഴിയിൽ നീങ്ങുകയില്ലേ എന്ന ആശങ്കയാണ് ആക്ടിവിസ്റ്റുകൾ ഉയർത്തുന്നത്.എന്നാൽ,ഇത്തരം വീഡിയോകൾ നെറ്റിലേക്കെത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന വാദത്തിലുറച്ച് നില്ക്കുകയാണ് പോലീസ്.
ബലാത്സംഗ കുറ്റവാളികൾ തങ്ങൾ പകർത്തുന്ന വീഡിയോ കാട്ടി ഇരകളെ ബ്ലാക്‌മെയിൽ ചെയ്യാറുണ്ടെന്നത് സത്യമാണെന്നും അവ ഇന്റർനെറ്റിലെത്തിയാൽ വിലക്കാറുണ്ടെന്നുമാണ് ആഗ്ര സിറ്റി എസ് പി ഖുലെ സുശീലിന്റെ പ്രതികരണം.