ഇനി ഒരു തല ബാക്കി
മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധമുപേക്ഷിച്ച് കെ.എം. മാണി യുഡിഎഫ് കൂടാരം വിട്ടിറങ്ങുമ്പോള്‍ കാലങ്ങളിലായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുനിന്നവരില്‍ ഒരു തലമാത്രം ഇനി ബാക്കിയാകുന്നു. യുഡിഎഫിന്റെ ഈ വന്‍ തകര്‍ച്ചയുടെ കഥ 1995 മുതല്‍ മുതല്‍ വായിച്ചു തുടങ്ങുക- അപ്പോള്‍ നമുക്ക് കഥയിലെ പ്രധാന വില്ലനെ കണ്ടെത്താനാവും. അന്ന് ദയാദാക്ഷണ്യങ്ങളൊന്നുമില്ലാതെ കെ. കരുണാകരനെന്ന യുഡിഎഫ് സ്ഥാപകനേതാവിനെ മുഖ്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുമ്പോള്‍, വില്ലന്റെ പക്ഷത്ത് നിരന്ന നിന്ന തലകളെ അക്കമിട്ട് ശ്രദ്ധിക്കുക.-
ഒന്ന്- പികെ കുഞ്ഞാലിക്കുട്ടി
രണ്ട്-കെ.എം മാണി
മൂന്ന്- ടിഎം ജേക്കബ്
നാല്- കെ.ആര്‍ ഗൗരിയമ്മ
അഞ്ച്- എം.വി രാഘവന്‍
ആറ്- ആര്‍ ബാലകൃഷ്ണപിള്ള
അന്നത്തെ ഓപ്പറേഷന്‍ അതിഗംഭീരമായി പൂര്‍ത്തിയാക്കിയ ടീംമെമ്പേഴ്സ് വില്ലനൊപ്പം അടിയുറച്ച് നിന്നു. എന്നാല്‍, AK 2004 ഓപ്പറേഷനിലൂടെ, സ്വന്തം നേതാവിന്റെ കസേര തെറിപ്പിച്ച് അധികാരത്തിലെത്തിയ വില്ലന്‍ ആദ്യ വെടി പൊട്ടിച്ചത് ചെസ്റ്റ് നമ്പര്‍ ത്രീ ടി.എം. ജേക്കബിന് നേരെ. ആ മന്ത്രിസഭയില്‍ നിന്ന് ജേക്കബ് ഔട്ട്. തുടര്‍ന്ന് നാലും അഞ്ചും നമ്പറുകാരായ ഗൗരിയമ്മയും, എം.വി രാഘവനും യുഡിഎഫിന്റെ ശിക്ഷ ഏറ്റുവാങ്ങി. അടുത്ത ഊഴം ആര്‍. ബാലകൃഷ്ണ പിള്ളയുടേതായിരുന്നു. പരസ്യമായി ചവിട്ടിത്തേയ്ക്കപ്പെട്ട പിള്ള നിവര്‍ത്തി കെട്ട് പാളയം വിട്ട് പുറത്ത് ചാടി.
അമ്പതു കൊല്ലത്തെ നിയമസഭാ ജീവിതത്തിന്റെ ഫലശ്രുതിയ്ക്കായി മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടുവെന്ന തെറ്റിനാല്‍ കെ.എം മാണിയും ഒളിവെട്ടേറ്റ് വീണു. അങ്ങനെ കെ. കരുണാകരനെതിരെ ഒന്നിച്ച് നിന്ന് പടനയിച്ചവരില്‍ ഒരാള്‍, ഒരേയൊരാള്‍ മാത്രം മുന്നണിയിലിനി ബാക്കി; പി.കെ കുഞ്ഞാലിക്കുട്ടി.
സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് മുടി നീട്ടി വളര്‍ത്തി, ലോ ഫ്ലോറില്‍ക്കയറി ഗതിയില്ലാതലയുന്ന വില്ലന്റെ മനസിലിപ്പോളെന്താകും ? പുതിയ കളികള്‍ പഠിക്കാനും ചിലത് പഠിപ്പിക്കാനുമായി പുതുപ്പള്ളിക്കൂടത്തില്‍ നിന്ന് അദ്ദേഹം എപ്പോഴാണിനി ആഗതനാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here