ആ പട്ടാളക്കാരന്റെ പേരെവിടെ പത്രലേഖകാ!!!

പുഴയിൽ വീണ യുവതിയെ പട്ടാളക്കാരൻ രക്ഷിക്കാൻ ശ്രമിച്ചെന്നും തന്റെ ഭർത്താവല്ലാതെ ആരും ശരീരത്തിൽ സ്പർശിക്കരുതെന്ന് പറഞ്ഞ് യുവതി അലമുറയിട്ടതും ഒടുവിൽ ബലംപ്രയോഗിച്ച് യുവതിയെ രക്ഷിക്കേണ്ടി വന്നു എന്നുമുള്ള വാർത്ത സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.മനോരമ പത്രമാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ പല നവസമൂഹമാധ്യമങ്ങളും അത് ഏറ്റുപിടിച്ചു.എന്നാൽ ആ വാർത്ത കെട്ടിച്ചമച്ചതു മാത്രമെന്ന് തെളിവുകൾ നിരത്തി വാദിക്കുകയാണ് ഒരു കൂട്ടർ. അപകടത്തിൽ പെട്ടവരുടെയോ രക്ഷപെടുത്തിയവരുടെയോ പേരുവിവരങ്ങൾ ഇല്ലാതെയുള്ള ഇത്തരമൊരു വാർത്ത കരുതിക്കൂട്ടിയുള്ള വർഗീയ അജണ്ടയുടെ ഭാഗമാണെന്നും വിമർശനം ഉയരുകയാണ്.
ഇക്കയല്ലാതെ ആരും എന്നെ തൊടരുതെന്ന് യുവതി പറഞ്ഞെന്നാണ് വാർത്ത. നീന്തലറിയാത്ത ഇക്ക നിസ്സഹായാവസ്ഥയിലുമായിരുന്നു. ഇടുക്കി തൊമ്മൻകുത്തിലാണ് സംഭവം നടന്നതെന്നാണ് വാർത്ത. രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ അപകടത്തിൽ പെടുകയും ഭാര്യ പുഴയിൽ വീഴുകയുമായിരുന്നത്രെ!! ജനവാസം അധികമില്ലാത്ത പ്രദേശമായിട്ടും രക്ഷകനായി ഏതോ പട്ടാളക്കാരൻ എത്തിയെന്നും യുവതിയുടെ എതിർപ്പിനെ അവഗണിച്ചും നാട്ടുകാരുടെ പിന്തുണയോടെ അയാൾ യുവതിയെ രക്ഷിച്ചുവെന്നും വാർത്തയിലുണ്ട്.രക്ഷപെട്ട യുവതിയും ഭർത്താവും തങ്ങളാരെന്ന് പോലും വെളിപ്പെടാൻ ഇട നല്കാതെ കടന്നു കളഞ്ഞുവത്രെ!!
വാർത്തയെ കീറിമുറിച്ച് ട്രോളുകൾ സജീവമായതോടെ ഇത് മതത്തെയും വിശ്വാസങ്ങളെയും ആക്ഷേപിക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ നിരവധി പേർ വാർത്തയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ആ ദമ്പതികളുടെ പേര് അറിയില്ലെങ്കിലും പട്ടാളക്കാരന്റെ പേര് അറിയാൻ പ്രയാസമൊന്നുമില്ലല്ലോ എന്നാണ് ഇവരുടെ സംശയം. ധീരതയ്ക്കുള്ള പുരസ്കാരത്തിന് പോലും അർഹമായിരുന്നിട്ടും ആ ജവാന് വേണ്ട ആദരവ് കൊടുക്കാതിരിക്കുന്നത് തെറ്റല്ലേ എന്ന ആ സംശയത്തെ അനുകൂലിച്ച് കമന്റുകളും നിറയുകയാണ്. വാലും തലയുമില്ലാത്ത ഇത്തരം വാർത്തകൾ നല്കി മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് തന്നെ ചിലർ നഷ്ടപ്പെടുത്തുകയാണെന്നും ആരോപണം ഉയരുന്നു. അനുബന്ധമായി പഞ്ചാബിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here