ജലമാമാങ്കത്തിന് മാറ്റങ്ങളേറെ

കേരളത്തിന്റെ ആഘോഷങ്ങളിൽ ആവേശം നിറയ്ക്കുന്ന വള്ളം കളി ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. പുന്നമടക്കായലിൽ ഇത് 64ആമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഒരുക്കുന്നത്. 25 ചുണ്ടൻ വള്ളങ്ങൾ അടക്കം 66 കളിവള്ളങ്ങളാണ് ഇക്കുറി വള്ളംകളിയിൽ മാറ്റുരക്കുന്നത്.
പ്രഥമ പ്രഥാനമന്ത്രിയുടെ പേരിൽ നടത്തുന്ന വള്ളം കളി മത്സരത്തിന് ഇത്തവണ ഏറെ പ്രത്യേകതകളുണ്ട്. ചുണ്ടൻ വള്ളങ്ങൾ ഹീറ്റ്‌സ് മത്സരത്തിൽ എടുത്ത സമയത്തിന്റെ അടിസ്ഥാനത്തിലാകും ഫൈനൽ പ്രവേശം എന്നതടക്കം നിരവധി മാറ്റങ്ങളാണ് വള്ളംകളിയിക്ക് വരുത്തിയിരിക്കുന്നത്. മത്സര ദൂരം 1175 മീറ്ററായി കുറച്ചിട്ടുമുണ്ട്.
മുൻ കാലങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 5 ചുണ്ടൻ വള്ളങ്ങൾ പ്രദർശന തുഴച്ചിൽ നടത്തും. ബാക്കി 20 ചുണ്ടനുകളിൽ ആദ്യം ഫിനിഷ് ചെയ്യുന്ന 4 വീതം ചുണ്ടനുകൾ പങ്കെടുത്താണ് പ്രാഥമിക മത്സരം. മത്സരഘടനയിൽ മാറ്റം വന്നതോടെ പോരാട്ടം തീപാറുമെന്ന് പ്രതീക്ഷയിലാണ് വള്ളം കളി പ്രേമികൾ.
വനിതകൾ തുഴയുന്ന 5 തെക്കനോടി വള്ളങ്ങളാണ് മത്സരത്തിനുള്ളത്. തറ വള്ളമെന്നും കെട്ടുവള്ളമെന്നും തിരിച്ച് രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. വിദ്യാർഥികൾ തുഴയുന്ന മൂന്ന് വള്ളങ്ങളാണുള്ളത്. എ ഗ്രേഡ് 5, ബി ഗ്രേഡ് 16, വെപ്പ് എ ഗ്രേഡ് 8 എന്നിങ്ങനെയാണ് മറ്റ് വള്ളങ്ങളുടെ എണ്ണം.
രാവിലെ ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരവും ഉച്ചക്കു ശേഷം ഇവയുടെ ഫൈനലും നടക്കും. ഉച്ചയ്ക്കുതന്നെയായിരുക്കും ചുണ്ടൻ വള്ളങ്ങളുടെ മത്സരവും നടക്കുക.
വളളം കളിക്ക് ഇത്തവണ സംസ്ഥാന സർക്കാർ 1 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 40 ലക്ഷം രൂപ നൽകി ഹോണ്ട കമ്പനി ടൈറ്റിൽ സ്‌പോൺസർഷിപ്പും എടുത്തതോടെ വള്ളങ്ങൾക്കുള്ള ബോണസ് തുക വർദ്ധിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന തുഴച്ചിലുകാർക്കും കാണികൾക്കും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിരിക്കുന്നു.
ഗവർണർ പി. സദാശിവം വള്ളംകളിയുടെ മുഖ്യാതിഥി ആകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. തിലോത്തമൻ, മാത്യു ടി. തോമസ്, കടകമ്പള്ളി സുരേന്ദ്രൻ എന്നിവർ വള്ളം കളി കാണാൻ എത്തുന്നുണ്ട്.
കേന്ദ്രമന്ത്രി അനന്ത്കുമാർ, നടൻ ജയറാം എന്നിവരും എത്തുമെന്നാണ് റിപ്പോർട്ട്. വള്ളംകളിക്ക് സുരക്ഷ ഒരുക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം 1800 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വള്ളംകളി വേദിയും നഗരവും സി.സി ടി.വി കാമറ നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here