ഹൈദരാബാദിലും മാൻഹോൾ ദുരന്തം. നാല് പേർ മരിച്ചു.

ഹൈദരബാദിൽ മാൻ ഹോളിൽ കുടുങ്ങി നാല് പേർ മരിച്ചു. അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.
ഐ.ടി കമ്പനികളുടെ ഹബ്ബായ മധാപൂരിലാണ് സംഭവം. മാൻഹോളിലിറങ്ങി 20 അടി താഴ്ചയിൽ ശുചീകരണം നടത്തവെ വാതകം ശ്വസിച്ച് രണ്ട് പേർ തലചുറ്റിവീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ മാൻഹോളിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് പേരും അപകടത്തിൽ പെട്ടു.
ഹൈദരബാദ് മെട്രോ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിന് കീഴിലുള്ള കരാർ ജീവനക്കാരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനായി ആംബുലൻസിലെത്തിയ ജീവനക്കാരന് വാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാൻഹോളിൽ ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും ഇവർ സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മാൻഹോളിലിറങ്ങി ശീലമില്ലാത്തവരെ ജോലിക്ക് വിട്ട കരാറുകാരാണ് ഇതിന് ഉത്തരവാദികളെന്ന് മറ്റ് തൊഴിലാളികൾ ആരോപിച്ചു.
കോഴിക്കോട് പാളയത്ത് മാൻഹോൾ വൃത്തിയാക്കിനിറങ്ങിയ രണ്ട് ഹൈദരാബാദ് സ്വദേശികളും ഇവരെ രക്ഷിക്കാനായി ഇറങ്ങിയ ഓട്ടോ ഡ്രൈവർ നൗഷാദും മരണപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here