ഒരു മുഴം നീട്ടിയെറിഞ്ഞ് സുധീരൻ; രാഹുൽ ഗാന്ധി പറഞ്ഞു പ്രസിഡന്റ് മാറേണ്ട

കെ.പി.സി.സി.പുനസംഘടനാ വിഷയത്തിൽ എ -ഐ ഗ്രൂപ്പുകളുടെ നീക്കങ്ങളെ ചാടിക്കടന്ന് ഹൈക്കമാന്റിന്റെ പിൻതുണ സുധീരൻ നേടിയതായി സൂചന. തത്ക്കാലം പുനഃസംഘടന വേണ്ടെന്ന് ഇന്ന് കേരളത്തിന് വേണ്ടി ചേർന്ന യോഗം തീരുമാനമെടുത്തു. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശ്ശത്തെ തുടർന്നാണ് തീരുമാനമായത് എന്ന് ചില ഡൽഹി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വി എം സുധീരൻ തുടങ്ങിവച്ച ജില്ലാതല പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് തീരുമാനം തടസ്സമല്ല. ഇത് സംബന്ധിച്ച് ഇരുഗ്രൂപ്പുകളും ചേർന്ന് നടത്തിയ നീക്കങ്ങൾക്ക് ഇതോടെ തിരിച്ചടി ആയിരിക്കുകയാണ്.
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടുത്തയാഴ്ച സോണിയ ഗാന്ധിയേയും, രാഹുൽ ഗാന്ധിയേയും കണ്ട് ചർച്ച നടത്താൻ ഇരിക്കുകയായിരുന്നു. അധ്യക്ഷനെ അടക്കം മാറ്റി ഒരു സമ്പൂർണ്ണ പുനഃസംഘടനയാണ് കേരളത്തിലെ സുധീരൻ വിരുദ്ധർ ഉന്നയിച്ച ആവശ്യം.
എന്നാൽ ഇപ്പോഴും സുധീരന് അനുകൂലമല്ല സാഹചര്യങ്ങൾ എന്നാണ് കോൺഗ്രസിലെ മുതിർന്ന ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ഉണ്ടായിരിക്കുന്നത് അന്തിമ വിധിയല്ല. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ആസന്നമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പെട്ട തിരക്കിൽ നേതാക്കൾ ഒരു താത്കാലിക തീരുമാനം പറഞ്ഞുവെന്നു മാത്രം. അടുത്ത വാരം മുതിർന്ന നേതാക്കൾ കൂടി ചർച്ച നടത്തുന്നതോടെ നേതൃമാറ്റം ഉറപ്പാക്കി കാത്തിരിക്കുകയാണ് ഗ്രൂപ്പുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here