ലിങ്ക്ഡ്ഇനിൽ ഇനി വിനോദത്തിനും സമയം, കളിക്കാം മിനി സുഡോകു

ജോലി തിരക്കിനിടയിൽ ഇനി വിരസതയെ പേടിക്കേണ്ട. ഉപയോക്താക്കളെ ആകർഷിക്കാനും പ്ലാറ്റ്‌ഫോമിൽ കൂടുതൽ സമയം നിലനിർത്താനുമായി പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇൻ പുതിയൊരു തന്ത്രം പയറ്റുകയാണ്. ഇതിന്റെ ഭാഗമായി ഏറെ ജനപ്രിയമായ സുഡോകു പസിലിന്റെ ലഘു പതിപ്പായ ‘മിനി സുഡോകു’ ലിങ്ക്ഡ്ഇൻ അവതരിപ്പിച്ചു. ലിങ്ക്ഡ്ഇൻ ആപ്പിൽ ലഭ്യമാകുന്ന ആറാമത്തെ ഗെയിമാണിത്. [LinkedIn- mini Sudoku]
സാധാരണ സുഡോകു 9×9 ഗ്രിഡിൽ ആയിരിക്കുമ്പോൾ ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ മിനി സുഡോകു 6×6 ഫോർമാറ്റിലാണ്. അതിനാൽ ഇത് വെറും രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. തിരക്കുള്ള പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഈ ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലിക്കിടയിലെ ചെറിയ ഇടവേളകളിൽ തലച്ചോറിന് ഒരു വ്യായാമം നൽകാനും വിരസത മാറ്റാനും ഈ ഗെയിം സഹായിക്കും.
മൂന്നുതവണ ലോക സുഡോകു ചാമ്പ്യനായ തോമസ് സ്നൈഡർ ആണ് ഈ പസിലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലിങ്ക്ഡ്ഇനിലെ മറ്റ് ഗെയിമുകളായ ‘ക്വീൻസ്’, ‘ടാങ്കോ’, ‘സിപ്പ്’ എന്നിവയുടെ പിന്നിലും അദ്ദേഹത്തിൻ്റെ കൈകളുണ്ട്. മറ്റ് പസിൽ ഗെയിമുകളെപ്പോലെ, മിനി സുഡോകുവും ആഴ്ചയുടെ ഓരോ ദിവസവും കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറും.
ഉപയോക്താക്കളുടെ ശ്രദ്ധ ജോലിയിൽനിന്ന് തെറ്റിക്കാതെ ഒരു ചെറിയ മാനസികോല്ലാസം നൽകുക എന്നതാണ് ഈ ഗെയിമുകളുടെ പ്രധാന ലക്ഷ്യം. “ഇവ വെറും വിനോദത്തിനുവേണ്ടിയുള്ള ഗെയിമുകളല്ല,” എന്ന് ലിങ്ക്ഡ്ഇന്നിലെ സീനിയർ പ്രൊഡക്റ്റ് ഡയറക്ടറായ ലക്ഷ്മൺ സോമസുന്ദരം പറയുന്നു. ഉപയോക്താക്കൾക്ക് പരസ്പരം സംസാരിക്കാൻ പുതിയൊരു വിഷയം നൽകുന്നതിലൂടെ പ്ലാറ്റ്‌ഫോമിലെ ഇടപെടലുകൾ വർധിപ്പിക്കാനും സൗഹൃദങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് ലിങ്ക്ഡ്ഇൻ പ്രതീക്ഷിക്കുന്നത്.
2016-ൽ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിനുശേഷം ലിങ്ക്ഡ്ഇൻ തൊഴിൽ അവസരങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്‌ഫോം എന്നതിനപ്പുറം തങ്ങളുടെ സേവനങ്ങൾ വിപുലീകരിക്കുകയാണ്. നിലവിൽ, ‘പിൻപോയിന്റ്’, ‘ക്രോസ്-ക്ലൈംബ്’, ‘ക്വീൻസ്’, ‘ടാംഗോ’, ‘സിപ്പ്’ എന്നീ അഞ്ച് സൗജന്യ പസിൽ ഗെയിമുകൾ കൂടി ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
Story Highlights : Now it’s time for fun on LinkedIn, play mini Sudoku
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here