ഒരു ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ

കുറച്ച് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു നെടുമ്മങ്ങാട് താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്. രോഗിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ ഉപകരണം മറന്നു വെച്ചു എന്നതായിരുന്നു ആരോപണം.

എന്നാൽ സംഭവത്തിൽ സർക്കാർ ഡോക്ടർമാർ വിശദീകരണം നൽകുന്നു. 
ഏകദേശം 1-1.5 കിലോഗ്രാം വരെ വലിപ്പമുള്ള ഗർഭാശയമുഴയായിരുന്നു നീക്കം ചെയ്യേണ്ടിയിരുന്നത്. ഈ മുഴ നീക്കം ചെയ്യാനുപയോഗിച്ച ക്ലിപ്പ് ശസ്ത്രക്രിയക്കിടെ ഒടിഞ്ഞു വീഴുകയായിരുന്നു. ഇതാണ് പിന്നീട് മറന്നു വെച്ച ശസ്ത്രക്രിയ ഉപകരണമായി മാറിയത്. എന്നാൽ വാസ്തവത്തിൽ ഓപറേഷൻ നടക്കുമ്പോൾ തന്നെ ക്ലിപ്പ് ഒടിഞ്ഞത് അറിഞ്ഞിരുന്നു. ഓപറേഷൻ നടക്കുമ്പോൾ ഗർഭപാത്രം പിടിക്കുവാൻ സർക്കാർ ആശുപത്രിയിൽ ഈ ഉപകരണം മാത്രമാണ് ഉള്ളത്.
ഒടിഞ്ഞ കഷണം, നീക്കം ചെയ്ത ഗർഭപാത്രത്തിനുള്ളിൽ ആയിരിക്കുമെന്ന പ്രതീക്ഷയിൽ വയർ അടക്കാതെ നീക്കിയ ഗർഭപാത്രം ആശുപത്രി അറ്റന്റർ വശം കൊടുത്തുവിട്ട് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. തുടർന്ന് വയർ കൂടുതൽ വിശദമായി പരിശോധിക്കുവാനായി സ്‌പൈനൽ അനസ്‌തേഷ്യയെ ജനറൽ അനസ്‌തേഷ്യയാക്കി മാറ്റി ഗൈനക് ഡോക്ടറും അവിടുത്തെ സർജനും കൂടി വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. വയർ അധികനേരം തുറന്ന് വയ്ക്കാൻ കഴിയാത്തതിനാൽ വയർ തുന്നിക്കെട്ടി.
രോഗി അനസ്‌തേഷ്യയിൽ നിന്നും പുറത്ത് വന്നതിനുശേഷം പുറത്തുള്ള ലാബിൽ വിട്ട് ഡിജിറ്റൽ എക്‌സ്‌റേ പരിശോധന നടത്തി. അങ്ങനെയാണ് ഒടിഞ്ഞ ഭാഗം വയറിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തുന്നത്. സീ-ആം എന്ന ഒപറേഷൻ തീയറ്ററിലെ തത്സമയ എക്‌സ്‌റേ ഉപകരണമില്ലാതെ ക്ലിപ്പ് വീണ്ടും വീണ്ടും വയറിനുള്ളിൽ തിരയാൻ സാദ്ധ്യമല്ലാത്തതിനാൽ രോഗിയെ നഴ്‌സിനും, തിയറ്റർ ടെക്‌നീഷ്യനുമൊപ്പം മെഡിക്കൽ കോളേജിലേക്ക് വിടുകയായിരുന്നു.
അവിടെ ആദ്യ ശ്രമത്തിൽ ക്ലിപ്പ് കണ്ടെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഫുൾ വെർട്ടിക്കൽ ലാപ്രോട്ടമി എന്ന വിശാലമായ മുറിവുണ്ടാക്കിയാണ് വയറിന്റെ ഏറ്റവും ഉള്ളിലെ മ്യൂക്കോസൽ മടക്കുകളിൽ ഒളിഞ്ഞിരുന്ന ആ ഭാഗം എറെ പണിപ്പെട്ട് കണ്ടെടുത്തത്.
രോഗിക്ക് വേണ്ട എല്ലാ പരിചരണവും ഡോക്ടർമാർ നൽകിയെന്നും, വിഷയത്തിൽ ഡോക്ടർമാരുടെയോ, മറ്റ് ജീവനക്കാരുടെയോ ഭാഗത്ത് നിന്നും യാതൊരു വീഴ്ച്ചയുംസംഭവിച്ചിട്ടില്ലെന്നും ഇതിൽ നിന്നും വ്യക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top