ബാലന്‍ കെ നായര്‍ മലയാളത്തിന്റെ ഉത്തമ വില്ലന്‍

രൂപംകൊണ്ടും ഭാവംകൊണ്ടും വില്ലനായി തീര്‍ന്ന നായകനടന്‍, ഇങ്ങനെയല്ലാതെ ആ കലാപ്രതിഭയെ വിശേഷിപ്പിക്കുന്നതെങ്ങനെ. വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ട ബാലന്‍ കെ. നായര്‍ എന്ന കലാ നൈപുണി വെള്ളിത്തിരയിലെത്തിയത് 1970 ല്‍ പുറത്തിറങ്ങിയ പിഎം മോനോന്റെ നിഴലാട്ടം എന്ന ചിത്രത്തിലൂടെയാണ്. ബാലകൃഷ്ണന്‍ നായര്‍ എന്ന ചേമഞ്ചേരിക്കാരന്‍ ബാലന്‍ കെ നായരാകുന്നത് എന്നാല്‍ ഇതിനും എത്രയോ മുമ്പാണ്. നാടകം ഉരുക്കിയെടുത്ത കലാപ്രതിഭ, സ്വന്തമായൊരു നാടക ട്രൂപ്പ്, സുഭാഷ് തിയേറ്റേഴ്‌സ് ആരംഭിച്ചതോടെയാണ് ബാലന്‍ കെ നായര്‍ ആകുന്നത്.
അന്നുവരെ അതിഭാവുകത്വം നല്‍കി വന്നിരുന്ന പ്രതിനായകരില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു ബാലന്‍ കെ. നായര്‍ എന്ന നടന്‍. തീക്ഷണമായ നോട്ടവും പരുക്കന്‍ ശബ്ദവുംകൊണ്ട് വെള്ളിത്തിരയിലെ നായകരുടെ ഉത്തമ വില്ലനുമായി അദ്ദേഹം.
ചാട്ടയിലെ കാള വേലു, അതിഥിയിലെ ശേഖരന്‍, തച്ചോളി അമ്പുവിലെ മായന്‍ കുട്ടി, എന്നിങ്ങനെ ബാലന്‍ കെ നായര്‍ എന്ന നടനെ അടയാളുപ്പെടുത്തിയ ചിത്രങ്ങള്‍ അനവധി. കോളിളക്കത്തിലെ ജയന്റെ വില്ലനായത് വിവാദങ്ങളിലും കൊണ്ടത്തിച്ചു. അവസാന കാലം ഒരുപാട് തുറന്നു പറയാനുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പലതും പറയാതെ ബാക്കി വെച്ച് അദ്ദേഹം യാത്രയായി.
തനിക്ക് വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല നല്ല റൊമാന്റിക് വേഷങ്ങളും ഗാനവും വരെ ചേരുമെന്ന് തെളിയിക്കുന്ന ചിത്രമായിരുന്നു ഓപ്പോള്‍. ചിത്രത്തിലെ വിമുക്ത ഭടനായ ഗോവിന്ദന്‍ കുട്ടിയെ അദ്ദേഹം അനശ്വരമാക്കി. മേനകയുടെ കഥാപാത്രത്തോട് പ്രണയാദുരമാകുന്ന ഗോവിന്ദന്‍ കുട്ടിയില്‍ മറ്റൊരു ബാലന്‍ കെ നായരെ പ്രേക്ഷകര്‍ കണ്ടു. അന്നുവരെ തന്നെ വില്ലന്‍ വേഷങ്ങളില്‍ തളച്ചിട്ടതിനോടുള്ള മധുര പ്രതികാരം കൂടിയല്ലേ പ്രണയം തുളുമ്പുന്ന ഗോവിന്ദന്‍ കുട്ടിയുടെ പുഞ്ചിരി. ചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ എഴുന്നള്ളത്ത് എന്ന ഗാനം ഇത് വ്യക്തമാക്കുന്നുമുണ്ട്. ഓപ്പോളിലെ അഭിനയത്തിന് ബാലന്‍ കെ നായര്‍ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു
എണ്‍പതുകളുടെ അവസാനത്തോടെ വ്യത്യസ്ഥമായ മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു തുടങ്ങി. 1921 ലെ കാര്യസ്ഥന്റെ വേഷവും ആര്യന്‍, ഒരു വടക്കന്‍ വീരഗാഥ, ഈ നാട് എന്നീ ചിത്രങ്ങളും അദ്ദേഹത്തിലെ നടനെ വ്യത്യസ്ഥനാക്കി. അവസാന ചിത്രം 1990 ല്‍ പുറത്തിറങ്ങിയ കടവ് ആയിരുന്നു. കടവിലെ തോണിക്കാരനായി അദ്ദേഹം വെള്ളിവെളിച്ചത്തില്‍നിന്ന് പിന്‍വാങ്ങി.
കോഴിക്കോട് മെക്കാനിക്കായിരുന്ന ബാലന്‍ കെ നായര്‍ വിവാഹത്തോടെ ഷൊര്‍ണ്ണൂരിലേക്ക് താമസം മാറ്റി. പിന്നീട് ഷൊര്‍ണ്ണൂരുകാരനായി തന്നെ ജീവിതം. ഷൊര്‍ണൂരുകാര്‍ ഇന്നും ബാലന്‍ കെ നായരെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാടക വഴികളെ നിലനിര്‍ത്തുകയും ചെയ്ത് പോരുന്നു.
1933 ഏപ്രില്‍ 4 ന് ജനനം. മരണം 2000 ഓഗസ്റ്റ് 26 ന്. പ്രായാധിക്യവും അവശതയും കാരണം നിരവധി നാള്‍ രോഗ ബാധിതനായി കിടന്ന ശേഷമാണ് അദ്ദേഹത്തിന്റെ മരണം. സിനിമാ സീരിയല്‍ താരം മേഘനാദന്‍ മകനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here