Advertisement

കൊള്ളാതെ പോയ അമ്പ്

August 26, 2016
Google News 2 minutes Read
യാദൃച്ഛികതയും ഭാഗ്യനിർഭാഗ്യങ്ങളും കായിക ലോകത്തെ വിധികർത്താക്കളല്ല-കൃത്യവും ശാസ്ത്രബദ്ധവുമായ സംവിധാനങ്ങൾ, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ,  മികവും പ്രതിബദ്ധതയുമുള്ള  പരിശീലകർ, തികഞ്ഞ കായികക്ഷമതയും സമർപ്പണസന്നദ്ധതയുമുള്ള കായിക താരങ്ങൾ, ഏറ്റവും ആധുനികമായ പശ്ചാത്തല സംവിധാനങ്ങൾ- ഇത്രയും ഒരുമിച്ച്  ചേരുമ്പോഴാണ് കായികരംഗത്ത് മികച്ച ഫലങ്ങൾ ഉണ്ടാകുന്നത്. റിയോയിൽ മികവുപുലർത്തിയ കായിക താരങ്ങളേയും അവരുടെ രാജ്യങ്ങളിലെ കായിക സംവിധാനങ്ങളേയും സൂക്ഷ്മമായി പരിശോധിച്ചാൽ ഈ യാഥാർഥ്യം ബോധ്യമാകും. യുസൈൻ ബോൾട്ടും ഷെല്ലി ആൻഫ്രേസറും മൈക്കേൽ ഫെൽപ്‌സും ഒരു വെളിപാടുപോലെ പൊട്ടിവീണവരല്ല.
          120 അംഗസംഘവുമായി 135 കോടി ജനങ്ങളുടെ ഇന്ത്യ റിയോയിൽ ഇറങ്ങുമ്പോൾ യാദൃച്ഛികതയിലും ഭാഗ്യനിർഭാഗ്യങ്ങിലുമായിരുന്നു പതിവുപോലെ നമ്മുടെ കണ്ണുകൾ. പക്ഷെ ഒന്നും ഫലിച്ചില്ല. നാണക്കേടിന്റെ മുഷിഞ്ഞ ഭാണ്ഡവുമായി മടങ്ങുകയായിരുന്നു അവർ. ലോകകായിക രംഗത്തെ സൂക്ഷ്മമായി നിരീക്കുന്നവർ ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. പ്രകടനത്തിൽ അത്രയേറെ അന്തരമുണ്ടായിരുന്നു ലോകതാരങ്ങളുമായി നമ്മുടെ ഭൂരിപക്ഷം താരനാട്യക്കാർക്കും.
          66 പുരുഷതാരങ്ങളും 59 വനിതാതാരങ്ങളുമടങ്ങുന്ന 120 അംഗസംഘത്തെയാണ് ഇന്ത്യ റിയോയിൽ അണിനിരത്തിയത്. ഒളിമ്പിക്‌സിന്റെ ചിരിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും വലിയ സംഘവും ഇതുതന്നെ. അവരുടെ പ്രകടനത്തെ സൂക്ഷ്മമായി പരിശോധിക്കുകയാണ് ഇവിടെ
            മൂന്നു വനിതകളും ഒരു പുരുഷതാരവും അടങ്ങുന്നതായിരുന്നു നമ്മുടെ ആർച്ചറി സംഘം. എല്ലാവരും ലോക ആർച്ചറിചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ളവർ. അതിനാൽ നമ്മൾ മെഡൽ ആഗ്രഹിച്ചത് സ്വാഭാവികം. ബംഗാൾ സ്വദേശിയും 24-കാരനുമായ അതാനുദാസായിരുന്നു പുരുഷതാരം. 2011, 2013, 2014 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിൽ വെള്ളിയും 2013-ൽ തന്നെ വെങ്കലവും നേടിയ താരമാണ് അതാനുദാസ്. 2014-ലെ ലോകകപ്പിൽ ടീമിനത്തിൽ രണ്ടു വെള്ളിയും ഒരു വെങ്കലവും 2013-ലെ ലോകപ്പിൽ മിക്‌സഡ് ടീം ഇനത്തിൽ ഒരു വെങ്കലവും നേടിയ ചരിത്രവുമുണ്ട് അതാനുവിന്. റിയോയിൽ പക്ഷേ ആദ്യറൗണ്ട് കടക്കാനായില്ല.
           2012-ൽ ലോക ഒന്നാം നമ്പർ താരമായിരുന്ന ബിഹാർ സ്വദേശിയും 22-കാരിയുമായ ദീപികാ കുമാരിയും വലിയ പ്രതീക്ഷയോടേയാണ് റിയോയിലേക്ക് പോയത്. 2011, 12, 13 ലോക ചാമ്പ്യൻഷിപ്പുകളിൽ വ്യക്തഗതയിനങ്ങളിലും 11, 15 ലോകകപ്പുകളിൽ ടീമിനത്തിലും  വെള്ളി നേടിയിട്ടുണ്ട് ദീപിക. 2010-ലെ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണവും നേടി. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ എട്ടാം സ്ഥാനത്ത് എത്തിയിരുന്നു. റിയോയിൽ അതിനും കഴിഞ്ഞില്ല. 2012-ൽ അർജ്ജുന അവാർഡും 2016-ൽ പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട് രാജ്യം.
          ടീമിൽ ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയും 27-കാരിയുമായ ലക്ഷ്മീറാണി മാജിയും 31 കാരിയും മണിപ്പൂർ സ്വദേശിയുമായ ബൊബൈലാദേവിയും  ലോകചാമ്പ്യൻഷിപ്പുകളിൽ  ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളവരാണ്. 2012-ൽ ബൊംബാലാ ദേവി അർജ്ജുന അവാർഡും നേടിയിരുന്നു. പക്ഷേ ആദ്യ റൗണ്ടിനപ്പുറം ആർക്കും മുന്നേറാൻ കഴിഞ്ഞില്ല. ആർച്ചറി, ഷൂട്ടിംഗ് എന്നിവയുടെ ഫലങ്ങൾ പലപ്പോഴും ആപേക്ഷികമാണ്. മൽസരം നടക്കുന്ന പശ്ചാത്തലം, മൽസരാർഥിയുടെ തൽക്കാല മനോനില എന്നിവയെ ഫലം സ്വാധീനിക്കാറുണ്ട്.  അതിനാൽ അതിന്റെ ആനുകൂല്യം അവർക്ക് നൽകേണ്ടതുമുണ്ട്. എങ്കിലും ലോകചാമ്പ്യൻഷിപ്പുകളിൽ അനായാസം വിജയിക്കാൻ കഴിയുന്നവർക്ക് ഒളിമ്പിക്‌സിൽ മാത്രം കാലിടറുന്നത് എന്തു കൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു.
rio news card 8-26-16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here