ഇടറി വീണ ചാമ്പ്യന്‍മാര്‍

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയോളം പാരമ്പര്യമുള്ള രാജ്യങ്ങളില്ല. 1928-മുതൽ 1956-ഒളിമ്പിക്‌സ് വരെ തുടർച്ചായി ആറ് ഒളിമ്പിക്‌സുകളിൽ സ്വർണം. പിന്നെ 1964, 1980 വർഷങ്ങളിലും സ്വർണം. കൂടാതെ  ഒരു വെള്ളിയും രണ്ടു വെങ്കലവും. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ പതിനൊന്നു മെഡലുകളാണ് ഹോക്കി നമുക്ക് നേടിത്തന്നിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ഹോക്കിയുടെ വർത്തമാനകാല അവസ്ഥ ഒട്ടും അഭിമാനകരമല്ല. അസോസിയേഷൻ ഭാരവാഹികളുടെ താൻപോരിമയും പരിശീലകരെ അപമാനിക്കലും കളിക്കാരുടെ ഈഗോയും ചേർന്ന് സർവതും മുടിച്ചിരിക്കുന്നു. ലോകഹോക്കി സാങ്കേതികമായി ഏറെ മുന്നേറിയിട്ടും ഇന്ത്യയ്ക്ക് അതൊന്നും കാണാനുള്ള കണ്ണുണ്ടായതുമില്ല.
           ഒളിമ്പിക്‌സ് വേദികളിൽ ഇന്ത്യക്കുമുന്നിൽ വിറച്ചു നിന്ന ജർമനിയും ഓസ്‌ട്രേലിയയും ഹോളണ്ടും സ്‌പെയിനും അർജ്ജന്റീനയും ഇനി പിടികൂടാൻ കഴിയാത്തവണ്ണം മുന്നേറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ സർക്കസ് ഇപ്പോഴും പഴയവളയങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല ഹോക്കിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1928-ലെ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഹോക്കി ടീമിന്റെ നായകൻ ധ്യാൻചന്ദായിരുന്നു. എന്നാൽ വിശേഷിച്ച് കാരണമൊന്നുമില്ലാതെ 1932-ലെ ഒളിമ്പിക്‌സിൽ നായകസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തെറിപ്പിച്ചു. അതുവരെ  റിസർവ് ലിസ്റ്റിൽ മാത്രം സ്ഥാനമുണ്ടായിരുന്ന അബ്ദുള്ള ബുക്കാരിയെ നായകനാക്കി. മാന്യനായിരുന്നതിനാൽ ധ്യാൻചന്ദ് പ്രതികരിക്കാൻ പോയില്ല. ഇതേ അഭ്യാസങ്ങളാണ് ഇപ്പോഴും തുടരുന്നത്.
           ഈ വർഷം ലണ്ടനിൽ നടന്ന ചാമ്പ്യൻസ് കപ്പിൽ റണ്ണറപ്പായതോടെയാണ് റിയോയിൽ ഇന്ത്യൻ ഹോക്കി ടീം മെഡൽ നേടുമെന്നൊരു ചിന്ത സജീവമായത്. ചാമ്പ്യൻസ് കപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയോട് പെനാൽടി ഷൂട്ടൗട്ടിലാണ് നമ്മൾ തോറ്റത്. എന്നാൽ അവിടെ കാണിച്ച വീര്യമൊന്നും റിയോയിൽ കണ്ടില്ല.
            ഹോളണ്ട്, ബ്രിട്ടൻ, ജർമ്മനി, അർജ്ജന്റീന, അയർലണ്ട്, കാനഡ എന്നിവരടങ്ങിയ പൂളിലാണ് ഇന്ത്യ മൽസരിച്ചത്. പ്രാഥമിക റൗണ്ടിൽ അയർലണ്ടിനേയും അർജ്ജന്റീനയേയും 2-1-ന് തോൽപ്പിച്ച ഇന്ത്യ ജർമനിയോടും ഹോളണ്ടിനോടും 2-1-ന്്്്്്്്്  തോറ്റു. കാനഡയോട് 2-2-ന് സമനിലപാലിച്ചു.
            പൂളിൽ നിന്ന് അൽപം ബുദ്ധിമുട്ടിയാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്. കരുത്തരായ ബെൽജിയമായിരുന്നു അവിടെ എതിരാളികൾ. അവരോട് 3-1-ന് പരാജയപ്പെട്ട് പുറത്തായി. ഇന്ത്യയിൽ ഇന്നു ലഭ്യമായ മികച്ചകളിക്കാരേയാണ് നമ്മൾ റിയോയിൽ അണിനിരത്തിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ വീഴുന്ന ഗോളുകളിലാണ് നാം കുറേക്കാലമായി വലിയ മൽസരങ്ങളിൽ പരാജയപ്പെടുന്നത്. അത് റിയോയിലും തുടർന്നു. പ്രാഥമിക റൗണ്ടിൽ ജർമനിയോട് സമനിലപാലിക്കാൻ കഴിയുമായിരുന്ന മൽസരത്തിൽ അറുപതാം മിനിറ്റിലും ഹോളണ്ടിനോട് സമനിലപിടിക്കാൻ കഴിയുമായിരുന്ന മൽസരത്തിൽ അമ്പത്തി നാലാം മിനിറ്റിലും ജയിക്കാൻ കഴിയുമായിരുന്ന മൽസരത്തിൽ കാനഡയോട്് അമ്പത്തിരണ്ടാം മിനിറ്റിലും ഗോൾ വഴങ്ങുകയായിരുന്നു നമ്മൾ. ക്വാർട്ടർ ഫൈനലിൽ ബെൽജിയം അവരുടെ മൂന്നാം ഗോൾ ഇന്ത്യൻ വലയിൽ എത്തിച്ചത് അമ്പതാം മിനിറ്റിലുമായിരുന്നു. വിദേശകളിക്കാരുടെ വേഗത്തിനും കൃത്യതയ്ക്കും ഒപ്പമെത്താൻ നമുക്ക് കഴിയുന്നില്ല എന്ന പോരായ്മ ഇപ്പോഴും നിലനിൽക്കുന്നു. 1976-ൽ ആണ് ലോക ഹോക്കി ആസ്‌ട്രോടർഫിലേക്ക് മാറിയത്. നമ്മുടെ കഷ്ടകാലം ആരംഭിക്കുന്നതും അതോടെയാണ്. എന്തായാലും 1980-ന് ശേഷം ഒളിമ്പിക്‌സ്  ഹോക്കിയിൽ ഒരു മെഡൽ എന്ന സ്വപ്‌നം വീണ്ടും പൊലിഞ്ഞു.
              കൗതുകകരമായൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
പ്രാഥമിക റൗണ്ടിൽ ഇന്ത്യയോട്  2-1-ന് പരാജയപ്പെട്ട അർജ്ജന്റീനയാണ് റിയോയിൽ സ്വർണം നേടിയത്. ക്വാർട്ടറിയിൽ ഇന്ത്യയെ 3-1-ന് തോൽപ്പിച്ച ബെൽജിയത്തേയാണ് അവർ ഫൈനലിൽ 4-2-ന് തകർത്തുവിട്ടത്. ടൂർണമെന്റിലാകെ ഇന്ത്യ പത്തുഗോളാണ് എതിരാളികളുടെ വലയിൽ എത്തിച്ചത്. 11 ഗോൾ സ്വന്തം വലയിലേക്ക് സ്വീകരിക്കുകയും ചെയ്തു. ലോക ഹോക്കിയിലെ പുത്തൻ ശക്തികളാണെങ്കിലും ഹോക്കിയുടെ ചരിത്രത്തിൽ വലിയ തിളക്കമൊന്നുമില്ലാത്ത രാജ്യങ്ങളാണ് അർജ്ജന്റീനയും ബെൽജിയവും. ലോകറാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്താണ് അർജ്ജന്റീന. 2014-ലെ ലോകകപ്പിലും 2008-ലെ ചാമ്പ്യൻസ് ട്രോഫിയിലും മൂന്നാം സ്ഥാനത്ത് വന്നിട്ടുണ്ട് എന്നതാണ് ഇതുവരെയുള്ള അവരുടെ വലിയ നേട്ടം. 1964-ലെ ഒളിമ്പിക്‌സിലാണ് അവരുടെ ഹോക്കി ടീം ആദ്യമായി മൽസരിക്കാൻ തുടങ്ങിയത് തന്നെ.  ബെൽജിയമാകട്ടെ ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ്. 1020-ലെ ഒളിമ്പിക്‌സിൽ വെങ്കലം നേടിയിട്ടുണ്ട് എന്നതാണ് ഒളിമ്പിക്‌സിലെ ഏക നേട്ടം. അതിന് ശേഷം 96-വർഷം കഴിഞ്ഞാണ് അവർ ഇപ്പോൾ വെള്ളി നേടിയിരിക്കുന്നത്. 2014-ലെ ലോകകപ്പിൽ ബെൽജിയം അഞ്ചാം സ്ഥാനക്കാരായിരുന്നു. എന്തായാലും ഒരു വലിയ പൊളിച്ചെഴുത്തിലൂടെ മാത്രമേ ഇന്ത്യൻ ഹോക്കിയെ രക്ഷിക്കനാകു എന്ന പാഠമാണ് റിയോയിൽ നിന്ന് ഇന്ത്യക്ക് പഠിക്കുവാനുള്ളത്.
           ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ കാര്യമായ പ്രതീക്ഷയൊന്നും നമുക്കുണ്ടായിരുന്നില്ല. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് വനിതാ ഹോക്കി ആദ്യമായി ഉൾപ്പെടുത്തിയത്. അന്ന്് എട്ടു ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ഇന്ത്യ നാലാംസ്ഥാനത്തുവന്നു. അതുകഴിഞ്ഞാൽ 1974-ലെ ലോകകപ്പിൽ നാലാം സ്ഥാനത്തും എത്താനായി. ഇതുരണ്ടും ഒഴിച്ചുനിർത്തിയാൻ ഇന്ത്യൻ വതിതാ ഹോക്കിയുടെ തിളക്കം ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമായി ഒതുങ്ങുന്നു.
          പ്രാഥമിക റൗണ്ടിൽ നടന്ന അഞ്ചു മൽസരങ്ങളിൽ ഒന്നിൽ സമനിലനേടാനായതുമാത്രമാണ് റിയോയിലെ അവരുടെ നേട്ടം. ബ്രിട്ടനോട് 3-0-ത്തിനും ഓസ്‌ട്രേലിയയോട് 6-1-നും അമേരിക്കയോട് 3-0-ത്തിനും അർജ്ജന്റീനയോട് 5-0-ത്തിനും തോറ്റ ഇന്ത്യ ജപ്പാനോട് 2-2-ന് സമനിലയും വഴങ്ങി. അഞ്ചു കളികളിൽ നിന്നായി പത്തൊമ്പത് ഗോളുകൾ വാങ്ങിയപ്പോൾ മടക്കി നൽകിയത് മൂന്നു ഗോൾ മാത്രം.
rio news card 5

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top