ചികിത്സ നിഷേധിച്ചു; കുഞ്ഞ് അച്ഛന്റെ തോളിൽകിടന്ന് മരിച്ചു

സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 12 വയസ്സുകാരൻ അച്ഛന്റെ തോളിൽ കിടന്ന് മരിച്ചു. കാൺപൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണ് സംഭവം. കാൺപൂർ സ്വദേശി സുനൽ കുമാറിന്റെ മകൻ അനീഷാണ് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചത്.
ലാലാ ലജ്പത് റായി ആശുപത്രിയിൽനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകവെയായിരുന്നു മരണം. കനത്ത പനിയെ തുടർന്നാണ് സുനിൽ മകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്നു മാത്രമല്ല, സ്ട്രക്ചർ സൗകര്യമോ ആമ്പുലൻസോ നൽകിയില്ല.
പരിശോധനയ്ക്കായി അരമണിക്കൂർ കാത്തുനിന്നിട്ടും ആരും തിരിഞ്ഞ് നോക്കാത്തതിനെ തുടർന്നാണ് കുഞ്ഞിനെയുംകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. ആശുപത്രിയിലെത്തും മുമ്പേ കുഞ്ഞ് മരിച്ചു. സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here