സ്‌കോർപീൻ ക്ലാസ് അന്തർവാഹിനിയെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

ഇന്ത്യയുടെ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. ‘ദി ആസ്‌ട്രേലിയൻ’ ദിനപത്രത്തിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫ്രാൻസിന്റെ പ്രതിരോധ സ്ഥാപനമായ ഡി.സി.എൻഎസിൻറെ ഹരജിയിൽ ന്യൂ സൗത്ത് വെയിൽസ് കോടതിയാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് വിലക്ക്.
അന്തർവാഹിനിയെ സംബന്ധിച്ച വിവരങ്ങൾ പുതിയതായി പ്രസിദ്ധീകരിക്കരുതെന്നും നിലവിൽ പ്രസിദ്ധീകരിച്ചവ പത്രത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. കൂടാതെ ചോർന്നു കിട്ടിയ വിവരങ്ങൾ ഡി.സി.എൻ.എസിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം ചോർച്ചയുടെ ഗൗരവം മുൻനിർത്തി നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രാൻസിന്റെ ദേശീയ സുരക്ഷാ അതോറിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫ്രഞ്ച് നിർമാണ സ്ഥാപനമായ ഡി.സി.എൻ.എസ് രൂപകൽപന ചെയ്ത സ്‌കോർപീൻ ഇനത്തിൽപെട്ട മുങ്ങിക്കപ്പലിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ, സഞ്ചാരവേഗം, സഞ്ചാരവേളയിലെ ശബ്ദതരംഗ അനുപാതം, ശത്രു സൈന്യത്തെ നേരിടാനുള്ള പ്രതിരോധ സന്നാഹങ്ങൾ, അതിൽ ഘടിപ്പിക്കാവുന്ന ആയുധങ്ങൾ, അവയുടെ ശേഷി, ആശയവിനിമയ സംവിധാനങ്ങളുടെ തരംഗദൈർഘ്യം തുടങ്ങിയവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു.
ഫ്രാൻസുമായി ചേർന്ന് ഇന്ത്യ നിർമിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവർത്തന മാർഗരേഖയുടെ 22,400ൽപരം പേജുകളാണ് ‘ദി ആസ്‌ട്രേലിയൻ’ പത്രം സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here