വാചകമടി അതിരു കടന്നു;സൂര്യയുടെ ‘കുട്ടിപ്പട്ടാളം’ ഷട്ടറിട്ടു

കുട്ടികളെ ഉൾപ്പെടുത്തിയുള്ള ടെലിവിഷൻ ടോക്ക് ഷോ ‘കുട്ടിപ്പട്ടാളം’ സംപ്രേക്ഷണം അവസാനിപ്പിച്ചു.

സംസ്ഥാന ബാലാവകാശ കമ്മീഷൻറെ ഇടപെടലിനെ തുടർന്നാണ് ഷോ നിർത്തി വച്ചത്. അവതാരകയുടെ അതിരു കടന്ന ഇടപെടലും സംസാരവും പരിപാടിക്ക് ഭൂഷണമല്ല എന്ന് കമ്മീഷൻ വിലയിരുത്തി.

കുട്ടികളെ കൊണ്ട് വീട്ടിലെ രഹസ്യങ്ങൾ വരെ പറയിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയും അനാവശ്യവും അസഭ്യവും വരെ പറയിപ്പിക്കുന്നതിനും കുപ്രസിദ്ധി നേടിയ പരിപാടിയാണ് ‘കുട്ടിപ്പട്ടാളം’.

സൂര്യ ടി വി യിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്.

ഹാഷിം എന്നയാളാണ് പരിപാടിയ്‌ക്കെതിരെ കമ്മീഷനെ സമീപിച്ചത്. വീട്ടിലെ രക്ഷിതാക്കളുടെ ലൈംഗിക പ്രവർത്തികൾ, വിവാഹേതര ബന്ധങ്ങൾ, മദ്യപാനം, വീട്ടിലെ അമ്മായി -മരുമകൾ പോര് തുടങ്ങി കുട്ടികളുടെ ബുദ്ധിയിൽ നിയന്ത്രിച്ചു പറയാൻ സാധിക്കാത്ത വിഷയങ്ങൾ ചോദ്യങ്ങളാക്കി അവരെ കൊണ്ട് ഉത്തരങ്ങൾ പറയിക്കുക എന്നത് പരിപാടിയുടെ മോശം തലം ആണ് കാണിക്കുന്നത്. അത് കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന അവസ്ഥ പിന്നീട് വീട്ടിലുണ്ടാക്കുകയും ചെയ്യുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

മുതിർന്നവർക്ക് ആസ്വദിക്കാവുന്ന ‘അഡൾട്സ്’ വിനോദത്തിന് കുട്ടികളുടെ നിഷ്കളങ്കതയെ ദുരുപയോഗിച്ചു എന്നതാണ് പരാതിയിലെ ഏറ്റവും കഴമ്പുള്ള ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top