ഓണക്കാല രോഗങ്ങൾ എന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെ ഉണ്ട് !

ഓണക്കാല രോഗങ്ങളും പരിഹാരങ്ങളും

കഴിഞ്ഞ രണ്ടിലേറെ പതിറ്റാണ്ടുകളായി നടത്തിയ നിരീക്ഷണത്തിൽ ഓണക്കാലത്തിനും സ്വന്തം രോഗങ്ങളുണ്ട്. പ്രത്യേകതയുള്ള ഭക്ഷണം, അമിത ഭക്ഷണം , പതിവിൽ നിന്ന് മാറിയ ആഘോഷ അവസ്ഥ എന്നിവയാണ് ഈ രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നത്.

മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, ഓര്‍ക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍. ഈയൊരു മുന്‍കാല അനുഭവത്തില്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുയാണ്.

അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഈ ഓണക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. ഇല്ലെങ്കില്‍ ഓണം തന്നെ പട്ടിണിയിലാകും.

vomiting child

ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ

അതുകൊണ്ടുതന്നെ സദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധിക്കണം. അന്നന്നത്തെ ആവശ്യത്തിനു മാത്രം ഭക്ഷണം തയ്യാറാക്കുക. ബാക്കിവരുന്നവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക. ചൂടാക്കി കഴിച്ചാല്‍ പോലും എപ്പോഴും ശരീരം സ്വീകരിക്കണമെന്നില്ല.

അരി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ശുദ്ധജലം കൊണ്ടു മാത്രമേ കഴുകാന്‍ പാടുള്ളൂ. നന്നായി കഴുകിയതിനു ശേഷം മാത്രം പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക.

പച്ചക്കറികള്‍ മുറിക്കുന്നതിന് മുമ്പുതന്നെ കഴുകണം. മുറിച്ചതിന് ശേഷം കഴുകിയാല്‍ ആ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസള ഭാഗത്ത് കയറും. മുറിച്ച പച്ചക്കറികളാണ് വാങ്ങുന്നതെങ്കില്‍ ശുദ്ധജലമുപയോഗിച്ച് നന്നായി കഴുകണം. പച്ചക്കറികളിലെ വിഷാംശം കളയുന്നതിനുവേണ്ടി വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിച്ച് നന്നായി കഴുകണം.

പാചകം ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കുക. പാചകത്തിനു മുമ്പും ഇടയ്ക്കും കൈകള്‍ നന്നായി കഴുകണം. നഖം നീട്ടി വളര്‍ത്തുന്നവരും ത്വക് രോഗമുള്ളവരും പാചകം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തലമുടി അലക്ഷ്യമായി ഇടരുത്. ആഹാര സാധനങ്ങള്‍ എപ്പോഴും മൂടി വയ്ക്കണം.

സമൂഹ സദ്യക്കാരുടെ ശ്രദ്ധയ്ക്ക്

ഒരു കാരണവശാലും തലേദിവസമേ ഭക്ഷണം പാചകം ചെയ്യരുത്. അന്നേരത്തെ സദ്യക്കുള്ളവ അന്നേരം തന്നെ ഉപയോഗിക്കണം. ആ ഭക്ഷണം രാത്രിയില്‍ കഴിച്ചാല്‍ പോലും ആരോഗ്യ പ്രശ്‌നമുണ്ടായേക്കാം.  മണത്തിനോ നിറത്തിനോ രുചിയ്‌ക്കോ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ഒരു കാരണവശാലും ആ ഭക്ഷണം കഴിക്കരുത്.

വാഴയില കഴുകിയതിന് ശേഷം മാത്രം സദ്യ വിളമ്പുക. സദ്യ കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകാനും ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.

ഇനി അസുഖം വന്നാലെന്തു ചെയ്യും ?

വയറിളക്കം, ഛര്‍ദ്ദി, ഓര്‍ക്കാനം എന്നീ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ആ ഭക്ഷണം കഴിച്ച ബാക്കിയുള്ളവരെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

വയറിളക്കം, ഛര്‍ദ്ദി എന്നിവയുണ്ടായാല്‍ വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നീ പാനീയങ്ങള്‍ ആദ്യപടിയായി നല്‍കാം.

ഒ.ആര്‍.എസ്. ലായനി വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. ഒ.ആര്‍.എസ്. ലായനിയുടെ അഭാവത്തില്‍ തിളപ്പിച്ചാറ്റിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ 6 ടീ സ്പൂണ്‍ പഞ്ചസാരയും, ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തുണ്ടാക്കിയ ലായനി ആവശ്യാനുസരണം കുടിക്കാന്‍ കൊടുക്കുക.

കുട്ടികള്‍ക്കുണ്ടാകുന്ന വയറിളക്കവും ഛര്‍ദ്ദിയും പ്രത്യേകം ശ്രദ്ധിക്കണം. പാനീയ ചികിത്സ കൊണ്ട് കുറവുണ്ടാകാതിരിക്കുകയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍തന്നെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top