വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎസ്‌യു

വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു.
ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. ഒരു വിദ്യാര്‍ഥിക്ക് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് പ്രസ്തുത പ്രവൃത്തി. നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ മതേതര ബോധം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപരിഷ്‌കൃതവും അവസാനിപ്പിക്കേണ്ടതുമാണ്.കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇത്തരം സ്‌കൂളുകളുടെ മറവില്‍ ‘ആര്‍.എസ്.എസ് സ്ലീപ്പിംഗ് സെല്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതായുണ്ട്. ഇത്തരം ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ കുറ്റക്കാരാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി തുടര്‍നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
Story Highlights : Pada Pooja: KSU files complaint with Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here