‘സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ വിദേശത്തുള്ള വന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നു; ആരോഗ്യരംഗം മെച്ചപ്പെടുകയല്ല ലക്ഷ്യം’; മുഖ്യമന്ത്രി

സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനപ്പെട്ട ആശുപത്രികളില്‍ വിദേശത്തുള്ള വന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നു. കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യം. അവര്‍ ചിലവാക്കുന്ന പണം കൂടുതല്‍ ലാഭമാക്കി തിരിച്ചെടുക്കും. ഇതാണ് സ്വകാര്യ ആശുപത്രികളിലൂടെ വന്‍കിടക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് എം. എല്‍. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അടുത്ത കാലത്തായി ഉണ്ടായൊരു പ്രവണത ഗൗരവമായി കാണേണ്ടതുണ്ട്. ചില പ്രധാനപ്പെട്ട ആശുപത്രികള്‍, നമ്മുടെയെല്ലാം മനസില്‍ പെട്ടന്നു തന്നെ വരുന്ന ചില പേരുകളുണ്ട്. ആ പേരുകളില്‍ ഒന്നും ഒരു മാറ്റവുമില്ല. ആശുപത്രിയുടെ നടത്തിപ്പ് നോക്കിയാല്‍ നേരത്തെയുള്ളവര്‍ തന്നെയാണ് അതിന്റെ തലപ്പത്തുള്ളത്. പക്ഷേ അത്തരം ആശുപത്രികളില്‍ വിദേശത്തുള്ള ചില കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖല കൂടുതല്‍ ശക്തമാകട്ടെ എന്ന സദുദ്ദേശ്യത്തിന്റെ ഭാഗമായല്ല ആ നിക്ഷേപം വന്നിട്ടുള്ളത്. അവര്‍ ചെലവാക്കുന്ന പണം കൂടുതല്‍ ലാഭമാക്കി തിരിച്ചെടുക്കും. ഈ ഒരു ലാക്കോട് കൂടിയാണ് ചില നിക്ഷേപ കമ്പനികള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ചികിത്സാ ചിലവ് വര്‍ധിക്കുന്നു. ചികിത്സാ ചിലവിന്റെ ഭാരം താങ്ങാനാകാത്ത വിധത്തില്‍ വര്‍ധിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും ഈ ഗണത്തില്‍പ്പെട്ടു കഴിഞ്ഞു വെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്ക് ഇത്തരക്കാര്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ആരോഗ്യരംഗം ഉപയോഗിച്ച് വലിയ ലാഭം വര്‍ധിപ്പിക്കുന്നു. ഇന്ന് ഇത് വലിയ പ്രശ്‌നമായി മാറുന്നു – അദ്ദേഹം വ്യക്തമാക്കി.
Story Highlights : Chief Minister Pinarayi Vijayan against private super specialty hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here