‘പ്രാഞ്ചിയേട്ടൻന്മാർ’ പെട്ടു; പദ്മ ഇനിയത്ര എളുപ്പം കിട്ടില്ല

രാഷ്ട്രീയക്കാരുടെ കാലു തിരുമ്മി കൈക്കൂലിയും കള്ളസാക്ഷ്യങ്ങളും നൽകി പദ്മശ്രീയും ഭൂഷണുമെല്ലാം കൈക്കലാക്കുന്ന ‘പ്രാഞ്ചി’കൾ പെട്ടു. ഇനി സംഗതി അത്ര എളുപ്പമല്ല. ജനങ്ങൾ കൂടി തീരുമാനിക്കും ആരാവണം പദ്മയെന്ന്.
പദ്മ പുരസ്‌കാരനിർണയം സുതാര്യമാക്കാൻ സർക്കാർ ഇടപെട്ടതോടെ പദ്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ നൽകാനുള്ള അവസരം പൊതുജനങ്ങൾക്കും ലഭിക്കും. ആദ്യമായാണ് ജനങ്ങളെ പങ്കെടുപ്പിച്ച് പദ്മ പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നത്. ഓൺലൈൻ മുഖേന മാത്രമേ ഇനി പദ്മ പുരസ്‌കാരത്തിനുള്ള നിർദ്ദേശം നൽകാനാകൂ എന്നും സർക്കാർ വ്യവസ്ഥ ചെയ്യുന്നു.
പദ്മ പുരസ്‌കാര നിർണയത്തിൽ അപാകതകൾ ഉണ്ടെന്ന് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സുതാര്യത കൊണ്ടുവരാൻ സർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അവാർഡുകൾ എന്ന വിഭാഗത്തിലൂടെ യാണ് ശുപാർശ നൽകേണ്ടത്. ഇതിൽ പൗരൻമാർ, അതോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുമുണ്ട്. ജനങ്ങൾ ശുപാർശ നൽകേണ്ടത് വ്യക്തികൾ എന്ന ഉപവിഭാഗത്തിലാണ്.
പുരസ്‌കാരങ്ങൾക്ക് അർഹരായ മറ്റുള്ളവരെ നിർദ്ദേശിക്കുക മാത്രമല്ല, സ്വന്തം പേരു നിർദ്ദേശിക്കാനുമാകും എന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരു പ്രത്യേകത.
ശുപാർശ നൽകാൻ ഉദ്ദേശിക്കുന്നവർ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആധാർ നമ്പറടക്കമുള്ള തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും നൽകണം. ശുപാർശ നൽകേണ്ട അവസാന തീയതി സെപ്തംബർ 15 ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here