സൗമ്യ വിധി പറയുന്ന സത്യങ്ങൾ ; നാളെ ജിഷയ്ക്കും ഇതാകുമോ നീതി?

സൗമ്യ വധം കേരളത്തിൻറെ നീതിന്യായ ചരിത്രത്തിൽ ഇടം നേടുകയാണ്. ഒരു പെൺകുട്ടിയുടെ ജീവന് വിലയില്ലാതെ പോകുന്നതിന്റെ കാഴ്ച കേരളത്തിൻറെ തല താഴ്ത്തുന്നു. ആരാണ് സൗമ്യയുടെ ജീവനെയും മാനത്തെയും അവഹേളിച്ചത് ? കടലാസിൽ കുറിച്ചിട്ട ഒരു കോടതി വിധിയാണോ ?

വിചാരണ കോടതിയും , ഹൈക്കോടതിയും വിധിച്ച വധ ശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന് കാരണം

കേസിന്റെ ഉള്ളടക്കം തലനാരിഴ കീറും പോലെ സൂക്ഷ്മമായി പരിശോധിക്കുന്ന ഇടമാണ് സുപ്രീം കോടതി. അവിടെ വിധി കീഴ്മേൽ മറിഞ്ഞെങ്കിൽ അത് വിധിയുടെ വിധിയല്ല, കേസ് അന്വേഷിച്ചതിന്റെയും നടത്തിയതിന്റെയും കേമത്തം കൊണ്ടാണ്.

പൊലീസിന്റേയും പ്രോസിക്യൂഷന്റേയും പരാജയമാണ്‌ സൗമ്യ വധക്കേസില് പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന് കാരണം എന്ന് ഗോവിന്ദചാമിക്ക് വേണ്ടി വാദിച്ച അഭിഭാഷകനായ ബിഎ ആളൂർ തന്നെ പറയുന്നതിന്റെ കാരണവും അത് തന്നെ.

ട്രെയിൻ കമ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി സൗമ്യയെ അടിച്ചു പരുക്കേല്പിച്ചു എന്ന കുറ്റത്തിന് മാത്രമാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. ഗോവിന്ദചാമി സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന കുറ്റത്തിന് പോലും പ്രതിക്ക് ശിക്ഷ ലഭിച്ചില്ല.

അപ്പീൽ പരിഗണിക്കുമ്പോൾ ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങൾ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷൻ കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില് ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകർക്ക് കഴിയാതെ വന്നപ്പോഴാണ് ശിക്ഷ ഏഴ് വർഷം മാത്രമായി കോടതി വിധിച്ചത്.

ദൃക്‌സാക്ഷികൾ ഇല്ലാതിരിക്കുന്ന കേസ് എന്ന നിലയിൽ പ്രോസിക്കൂഷൻ കൂടുതൽ കരുതലോടെ കേസിന്റെ അടിസ്ഥാനം കേട്ടിപ്പടുത്തില്ല എന്നതാണ് സത്യം. കേരളത്തിൽ സൗമ്യ കേസ് വൈകാരികമായി കൈകാര്യം ചെയ്യപ്പെട്ടതിനാൽ പല പഴുതുകളും വ്യവസ്ഥകൾ അവഗണിച്ചു. എന്നാൽ സുപ്രീം കോടതി കേസിന്റെ എല്ലാ വശങ്ങളും സാങ്കേതികമായി പരിശോധിച്ചു.

മരണ കാരണം തലയ്‌ക്കേറ്റ മുറിവാണ് . അത് ട്രെയിനിൽ നിന്ന് വീണാൽ ഉണ്ടാകുന്ന ഒന്നാണ് എന്ന വാദം കോടതി അംഗീകരിക്കുന്നു. എന്നാൽ ട്രെയിനിൽ നിന്നും തള്ളിയിട്ടാൽ അതുണ്ടാകുമോ എന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ എവിടെയും ശക്തമായ തെളിവുകൾ നൽകിയിരുന്നില്ല. സുപ്രീം കോടതി തെളിവുണ്ടോ എന്ന് ചോദിച്ചതും അത് കൊണ്ടാണ്. വികാരമല്ല , തെളിവിനാണ് കോടതിയിൽ സ്ഥാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top